thrissur local

ജലവിതരണത്തിന് പീച്ചിയില്‍ നിന്നുള്ള രണ്ട് പൈപ്പുകളും ബൈപാസ് ചെയ്തു

തൃശൂര്‍: തൃശൂരില്‍ ജലവിതരണത്തിന് പീച്ചിയില്‍ നിന്നുള്ള രണ്ട് പൈപ്പുകളും ബൈപാസ് ചെയ്തു. നടപടി അശാസ്ത്രീയവും തെറ്റും ക്രമവിരുദ്ധവുമാണെന്ന് ജലഅതോറിറ്റി റിട്ട.എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ പി പി അജിത്കുമാര്‍. കിഴക്കുമ്പാട്ടുകരയില്‍ എഡിബി പദ്ധതിയില്‍ കോര്‍പറേഷന്‍ ചിലവില്‍ കെഎസ്യുഡിപി സ്ഥാപിച്ച വാട്ടര്‍ ടാങ്കിലേക്ക് കണക്ഷന്‍ നല്‍കാനായിരുന്നു 600 എംഎം പൈപ്പ് ലൈയിന്‍ ബൈപാസ് ചെയ്തത്. ചേറൂര്‍ ടാങ്കിലേക്ക് വാട്ടര്‍ അതോറിറ്റി ഇട്ട 500 എംഎം പൈപ്പ് ലൈനിലേക്ക് വെള്ളം വിടാനായിരുന്നു 700 എംഎം പൈപ്പ് ലൈന്‍ ബൈപാസ് ചെയ്തത്.മെയിന്‍ ലൈനില്‍നിന്നുവെള്ളം ബൈപാസ് ചെയ്തു നല്‍കുന്നത് സാങ്കേതികമായി അനുവദനീയമല്ലാത്തതിനാല്‍ കെ.എസ്‌യുഡിപിയും വാട്ടര്‍ അതോറിറ്റിയും കടുത്ത എതിര്‍പ്പിലായിരുന്നുവെങ്കിലും, രണ്ട് പേരും ഏറ്റെടുത്ത് നടപ്പാക്കിയ പദ്ധതികള്‍ കമ്മീഷന്‍ പെയ്യാന്‍ തെറ്റായ നടപടിക്ക്  കെഎസ്‌യുഡിപിയും അതോറിറ്റിയും കൈകോര്‍ക്കുകയായിരുന്നു. നഗരവാസികളുടെ കുടിവെള്ളം മുട്ടിക്കുന്ന വിവരംകെട്ട നടപടിക്ക് കോര്‍പ്പറേഷന്‍ നേതൃത്വം പിന്തുണയും നല്‍കി.പഴയ മുനിസിപ്പല്‍ പ്രദേശത്തു ജലവിതരണത്തിനുള്ള 600 എംഎം പൈപ്പ് ലൈന്‍ കിഴക്കമ്പാട്ടുകര പുതിയ ടാങ്കിലേയ്ക്ക് ബൈപാസ് ചെയ്യുകയും, പുറമെ കിഴക്കുമ്പാട്ടുകര പ്രദേശത്തെ പൈപ്പ് ലൈനിലേക്ക് തികച്ചും നിയമവിരുദ്ധമായി നേരിട്ട് വെള്ളം ഒഴുക്കുകയും ചെയ്തതിനെ തുടര്‍ന്ന് തേക്കിന്‍കാട് ടാങ്കിലേക്കു വെള്ളം കയറാത്ത സാഹചര്യം സൃഷ്ടിച്ച് പഴയമുനിസിപ്പല്‍ പ്രദേശത്തു കുടിവെള്ളം കിട്ടാതാക്കിയെന്ന് തൃശ്ശിവപേരൂര്‍ എക്‌സ്പ്രസ് ഇന്നലെ റിപ്പോര്‍ട്ട് ചെയ്തിരുന്നു. രണ്ട് പൈപ്പുകളിലും ബൈപാസ് ചെയ്തു വെള്ളം നല്‍കിയ നടപടിയെ വാട്ടര്‍ അതോറിറ്റി അധികൃതരും ന്യായീകരിക്കുന്നില്ല.65 വര്‍ഷം പഴക്കമുള്ള 600 എം.എം ലൈനില്‍നിന്നു കടുത്ത സമ്മര്‍ദ്ദങ്ങള്‍ ഉണ്ടായിട്ടും ഇതുവരെ അതോറിറ്റി ബൈപാസ് നടത്താന്‍ തയ്യാറായിരുന്നില്ല. 700 എംഎം പ്രിമോപൈപ്പ് ലൈനില്‍നിന്നും കാര്‍ഷിക സര്‍വ്വകലാശാലക്കും മണ്ണുത്തിയിലെ സെവന്‍സിസ് സിസ്റ്റിലറീസിലേക്കും മാത്രമാണ് നേരത്തെ ബൈപാസ് ചെയ്ത് കണക്ഷന്‍ നല്‍കിയിരുന്നത്. അന്നും വാട്ടര്‍ അതോറിറ്റി ഉദ്യോഗസ്ഥര്‍ അതിനെ എതിര്‍ത്തതാണെങ്കിലും 30 വര്‍ഷം മുമ്പ് അന്നത്തെ മന്ത്രി എം.പി.ഗംഗാധരന്റെ സമ്മര്‍ദ്ദത്തെ തുടര്‍ന്നായിരുന്നു സെവന്‍സീസ് സിസ്റ്റിലറീസിലേക്ക് കണക്ഷന്‍ നല്‍കാന്‍ നിര്‍ബന്ധിതമായത്. സെവന്‍സീസിന് കണക്ഷന്‍ നല്‍കിയത് ചൂണ്ടികാട്ടി പ്രമുഖ ആശുപത്രി കണക്ഷന് വേണ്ടി മന്ത്രിതലത്തില്‍ ഉത്തരവ് സമ്പാദിച്ചിട്ടും, വാട്ടര്‍ അതോറിറ്റി മാനേജിങ്ങ് ഡയറക്ടര്‍ വരെ ഇടപെട്ട് നടപടി അശാസ്ത്രീയമാകുമെന്ന് മന്ത്രിയെ ബോധ്യപ്പെടുത്തി നേരിട്ട് കണക്ഷന്‍ നല്‍കുന്നതിനെ ഒഴിവാക്കുകയായിരുന്നു.നിരന്തരപൊട്ടലിനെതുടര്‍ന്ന് പ്രിമോപൈപ്പ് ലൈന്‍ മാറ്റി പുതിയ 700 എം.എം എച്ച് ഡി പൈപ്പ് ലൈന്‍ എ.ഡി.ബി പദ്ധതിയില്‍ സ്ഥാപിച്ചപ്പോള്‍ അതില്‍നിന്നു ബൈപാസ് നടത്താനാകില്ലെന്ന ശരിയായ ശാസ്ത്രീയനിലപാടായിരുന്നു പദ്ധതി നടപ്പാക്കിയ കെ.എസ്.യു.ഡി.പി സ്വീകരിച്ചത്. പീച്ചിയില്‍നിന്നുള്ള ഉപേക്ഷിച്ച 700 എം.എം പൈപ്പ് ലൈനിലൂടെ ചെമ്പൂക്കാവ് ടാങ്കില്‍നിന്നും തിരിച്ച് വെള്ളം കൊണ്ടുപോയാണ് സെവന്‍സീസിലേക്കും കാര്‍ഷിക സര്‍വ്വകലാശാലയ്ക്കും വെള്ളം നല്‌കേണ്ട ബാധ്യത അതോറിറ്റി നിറവേറ്റിയത്.700 എംഎം പ്രിമോ പൈപ്പ് ലൈനില്‍ മുടിക്കോട് നിന്നും, വെള്ളം ബൈപാസ് ചെയ്തു മാടക്കത്ര, ചേറൂര്‍ വഴി മെഡിക്കല്‍ കോളേജിലേക്കുവെള്ളം നല്‍കാന്‍ അതോറിറ്റി എട്ടരകോടിയുടെ പദ്ധതി തയ്യാറാക്കി അഞ്ചാറ് കോടിരൂപ ചിലവാക്കിയ ശേഷം പദ്ധതി പാതിവഴിയില്‍ അതോറിറ്റി ഉപേക്ഷിച്ചതാണ്.പുതിയ എച്ച്.ഡി. പൈപ്പ് ലെയിനില്‍നിന്നും ബൈപാസ് അനുവദിക്കാനാകില്ലെന്ന കെ.എസ്.യു.ഡി.പിയുടേയും കോര്‍പ്പറേഷന്റേയും നിലപാടിനെ തുടര്‍ന്നായിരുന്നു പദ്ധതിതന്നെ അതോറിറ്റി ഉപേക്ഷിച്ചത്. ഇതിനു പകരമായാണ് തൃശൂരില്‍നിന്നും ചേറൂര്‍ ടാങ്കിലേക്ക് അഞ്ചരകോടി ചിലവാക്കി 500 എം.എം. പുതിയ പൈപ്പിട്ടത്.ചെമ്പൂക്കാവ് ടാങ്കില്‍നിന്നും 200 മീറ്റര്‍ പൈപ്പിട്ടാല്‍ ചെമ്പൂക്കാവ് ജംഗ്ഷനില്‍ ബന്ധിപ്പിക്കാമായിരുന്ന പൈപ്പ് ലെയിന്‍ ഒന്നരകിലോമീറ്റര്‍ അനാവശ്യമായി നല്ലെങ്കര റോഡിലെ പുത്തന്‍വെട്ടുവഴിയില്‍ പഴയ 700 എം.എം. പൈപ്പ്‌ലെയിനുമായി ബന്ധിപ്പിക്കാനായിരുന്നു അതോറിറ്റി തീരുമാനം.പിന്നീടാണ് എ.ഡി.ബി. പദ്ധതിയില്‍ പറവട്ടാനിയില്‍ വെള്ളം കിട്ടാനെന്ന പേരില്‍ കിഴക്കുമ്പാട്ടുകരയില്‍ വാട്ടര്‍ ടാങ്ക് പണി ഉള്‍പ്പെടെ 24 കോടിയുടെ പദ്ധതി കോര്‍പ്പറേഷന്‍ ഏറ്റെടുത്തത്. ഇതിനായി 600 എം.എം. പൈപ്പ്‌ലെയിനില്‍ ബൈപാസ് നടത്താന്‍ നിര്‍ബന്ധിതമായപ്പോള്‍ 700 എം.എമ്മില്‍ ബൈപാസ് നടത്താന്‍ കെ.എസ്.യു.ഡി.പിയും പരസ്പരം സഹകരിക്കുകയായിരുന്നു.മെയിന്‍ ലെയിനില്‍നിന്നും ബൈപാസ് ചെയ്യുന്നത് അശാസ്ത്രീയവും സാങ്കേതികവുമായി സ്വീകാര്യവുമല്ലെന്ന് ഏറെകാലം തൃശൂര്‍ പദ്ധതിയില്‍ എക്‌സി.എഞ്ചിനീയറായിരുന്ന പി.പി.അജിത്കുമാര്‍ പറഞ്ഞു. സാങ്കേതികപഠനം നടത്താതെ അശാസ്ത്രീയമായി 24 കോടിയുടെ പദ്ധതി കോര്‍പറേഷന്‍ ഏറ്റെടുത്തതിനെ അജിത്കുമാര്‍ നേരത്തേയും പ്രസ്താവനയില്‍ വിമര്‍ശിച്ചതാണെങ്കിലും പരിഗണിക്കാന്‍ കോര്‍പ്പറേഷന്‍ യു.ഡി.എഫ്. നേതൃത്വം തയ്യാറായില്ല. പഴയ മുനിസിപ്പല്‍ പ്രദേശത്ത് ജനങ്ങളുടെ കുടിവെള്ളം മുട്ടിച്ച സാഹചര്യമാണിത് ഉണ്ടാക്കിയിട്ടുള്ളത്.
Next Story

RELATED STORIES

Share it