Kollam Local

ജലരാജാക്കന്‍മാര്‍ക്കായി അഷ്ടമുടി കായല്‍ഒരുങ്ങി ; പ്രസിഡന്റ്‌സ് ട്രോഫി ജലമേള ഇന്ന്



കൊല്ലം: ആറാമത് പ്രസിഡന്റ്‌സ് ട്രോഫി ജലോല്‍സവം അഷ്ടമുടിക്കായലില്‍ അരങ്ങേറാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. വള്ളം കളിക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായി. ഡ്രഡ്ജിങ് നടത്തി ആഴം കൂട്ടി മാലിന്യവിമുക്തമാക്കിയ കായല്‍ പരപ്പാണ് സുഗമമായ മല്‍സരത്തിന് തയ്യാറാക്കിയിട്ടുള്ളത്. വള്ളം കളി കാണുന്നതിനുള്ള പ്രത്യേക സജജീകരണങ്ങളും ഏര്‍പ്പെടുത്തി. സുരക്ഷാ ക്രമീകരണങ്ങള്‍ക്കായി പോലിസും അഗ്നിശമന സേനയും വിപുല സംവിധാനമാണ് ഒരുക്കിയിട്ടുള്ളത്. ഹരിതചട്ടം പാലിക്കുന്നതിനുള്ള തയ്യാറെടുപ്പുകളുമുണ്ട്.വിവിധ വിഭാഗങ്ങളിലായി 47 വള്ളങ്ങള്‍ പങ്കെടുക്കും. പ്രധാന മല്‍സരം നടക്കുന്ന ചുണ്ടന്‍വള്ളങ്ങളുടെ വിഭാഗത്തില്‍ കേരളത്തിലെ 16 പ്രമുഖ വള്ളങ്ങള്‍ മാറ്റുരയ്ക്കും. വെപ്പ് എ-6, വെപ്പ് ബി-2, ഇരുട്ടുകുത്തി എ-4, ഇരുട്ടുകുത്തി ബി-6, വനിത-3 അലങ്കാരവള്ളം-10 എന്നിങ്ങനെയാണ് മറ്റുവിഭാഗങ്ങളില്‍ പങ്കെടുക്കുന്ന വള്ളങ്ങളുടെ എണ്ണം. നാലു ഹീറ്റ്‌സുകളിലായാണ് ചുണ്ടന്‍ വള്ളങ്ങളുടെ മല്‍സരം. ഒന്നാം ഹീറ്റ്‌സില്‍ സാബു ആംബ്രോസ് കറുകതെക്കതില്‍ നയിക്കുന്ന മാവേലിക്കര മദര്‍തെരേസ ബോട്ട് ക്ലബ്ബിന്റെ ശ്രീഗണേശന്‍, സിയാദ് പുളുവെള്ളയില്‍ ക്യാപ്റ്റനായ കരുനാഗപ്പള്ളി ഐവര്‍മാക്‌സ് ബോട്ട് ക്ലബ്ബിന്റെ മാഹാദേവിക്കാട് കാട്ടില്‍ തെക്കതില്‍, പ്രിന്‍സ് എസ് ഊട്ടുപറമ്പില്‍ നയിക്കുന്ന ഹരിപ്പാട് ടൗണ്‍ ബോട്ട് ക്ലബ്ബിന്റെ ആനാരി, സനിത്ത് മണ്‍ട്രോ ക്യാപ്റ്റനായ പെരുങ്ങാലം ഭാവന ബോട്ട് ക്ലബ്ബിന്റെ ചമ്പക്കുളം ചുണ്ടന്‍ എന്നിവയാണ് മാറ്റുരയ്ക്കുക.ഹയോക്‌സ് ശശികുമാര്‍ ക്യാപ്റ്റനായ കരുനാഗപ്പള്ളി കേശവപുരം ബോട്ട് ക്ലബ്ബിന്റെ ആയാപറമ്പ് പാണ്ടി, ബോബി പായിപ്പാടന്റെ നേതൃത്വത്തിലുള്ള കരുനാഗപ്പള്ളി ഏയ്ഞ്ചല്‍ ബോട്ട് ക്ലബ്ബിന്റെ പായിപ്പാടന്‍, കെ. ബാലമുരളി ക്യാപ്റ്റനായ പട്ടംതുരുത്ത് സെന്റ് ഫ്രാന്‍സിസ് ബോട്ട് ക്ലബ്ബിന്റെ സെന്റ് പയസ് ടെന്‍ത്ത്, സോണിച്ചന്‍ തട്ടാശ്ശേരിയും സംഘവും തുഴയുന്ന ന്യൂ ആലപ്പി ബോട്ട് ക്ലബ്ബിന്റെ വെള്ളംകുളങ്ങര എന്നിവയാണ് രണ്ടാം ഹീറ്റ്‌സിലെ ചുണ്ടന്‍ വള്ളങ്ങള്‍.മൂന്നാം ഹീറ്റ്‌സില്‍ കൊല്ലം യുവസാരഥി ബോട്ട് ക്ലബ്ബിന്റെ ചൈത്രം മോഹനനന്‍ നേതൃത്വം നല്‍കുന്ന സെന്റ് ജോര്‍ജ്ജ്, നാസര്‍ പോച്ചയില്‍ നയിക്കുന്ന കന്നേറ്റി സംഘത്തിന്റെ കാരിച്ചാല്‍, തുണ്ടുകളത്തില്‍ റെജിയുടെ നേതൃത്വത്തിലുള്ള കരുവാറ്റ കുറ്റിത്തറ ബോട്ട് ക്ലബ്ബിന്റെ കരുവാറ്റ പുത്തന്‍ ചുണ്ടന്‍, ആറന്മുള പാര്‍ത്ഥസാരഥി ബോട്ട് ക്ലബ്ബിന്റെ ബിനോ ബാബു ക്യാപ്റ്റനായ ചെറുതന എന്നിവ ഇറങ്ങും.ജയപ്രഭാത് ജയഭവനം നേതൃത്വം നല്‍കുന്ന കരുനാഗപ്പള്ളി വിക്ടറി ബോട്ട് ക്ലബ്ബിന്റെ ദേവാസ്, കൊല്ലം ജീസസ് ബോട്ട് ക്ലബ്ബിന്റെ സന്തോഷ് ശിവായിത്തറയും സംഘവും തുഴയുന്ന ആയാപറമ്പ് വലിയ ദിവാന്‍ജി, പന്മന അന്‍സര്‍ നയിക്കുന്ന കരുനാഗപ്പള്ളി നീലിക്കുളം ഗ്ലോബല്‍ ബോട്ട് ക്ലബ്ബിന്റെ നടുഭാഗം, കുതിരമുനമ്പ് ചലഞ്ചേഴ്‌സ് ബോട്ട് ക്ലബ്ബിന്റെ വാഴാങ്കരി സുരേന്ദ്രനും സംഘവും തുഴയുന്ന കരുവാറ്റ ശ്രീവിനായകന്‍ എന്നീ വള്ളങ്ങളാണ് അവസാന ഹീറ്റ്‌സില്‍ മല്‍സരിക്കുക. ഉച്ചയ്ക്ക് 2.30ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വള്ളംകളി ഉദ്ഘാടനം ചെയ്യും.
Next Story

RELATED STORIES

Share it