ജലമൂറ്റ് തടയാന്‍ നിയമപരമായി വിജ്ഞാപനം ചെയ്യണം

കൊച്ചി: ജല ലഭ്യതയില്ലാത്ത പ്രദേശത്ത് വ്യവസായികാവശ്യത്തിന് ജലമൂറ്റുന്നത് തടയാന്‍ ജലമൂറ്റ് നിരോധന മേഖലയായി വിജ്ഞാപനം ചെയ്യണമെന്ന് ഹൈക്കോടതി. നിയമപരമായ വിജ്ഞാപനം നിലവിലുണ്ടെങ്കില്‍ മാത്രമേ ജലമൂറ്റുന്നതിന് നിയന്ത്രണമേര്‍പ്പെടുത്താനാവൂവെന്ന് ചീഫ് ജസ്റ്റിസ് അശോക് ഭൂഷണ്‍, ജസ്റ്റിസ് കെ വിനോദ് ചന്ദ്രന്‍ എന്നിവരടങ്ങുന്ന ഡിവിഷന്‍ ബെഞ്ച് വ്യക്തമാക്കി. സൈലന്റ്‌വാലിയില്‍ പ്രവര്‍ത്തിച്ചിരുന്ന മിനറല്‍ വാട്ടര്‍ നിര്‍മാണ യൂനിറ്റ് അടച്ചുപൂട്ടിച്ച ജില്ലാ കലക്ടറുടെ നടപടിക്കെതിരേ ജെ ആന്റ് ഐ മിനറല്‍ പ്രൈവറ്റ് ലിമിറ്റഡ് നല്‍കിയ ഹരജി തീര്‍പ്പാക്കിയാണ് ഉത്തരവ്. ജല ലഭ്യതക്കുറവ്,
മലീനീകരണം, പരിസ്ഥിതി ക്ലിയറന്‍സ്, പശ്ചിമഘട്ട ഉന്നതതല സമിതി കണ്ടെത്തിയ പരിസ്ഥിതി ലോല പ്രദേശത്തിന്റെ പരിധിയില്‍ വരുന്നു തുടങ്ങിയ കാരണങ്ങളുന്നയിച്ചാണ് യൂനിറ്റിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്പ്പിച്ചത്. എന്നാല്‍, ജില്ലാ വ്യവസായ കേന്ദ്രത്തിന്റെ 'ഗ്രീന്‍ ചാനല്‍ ക്ലിയറന്‍സാണ്' സ്ഥാപനത്തിന് ഉള്ളതെന്നും പ്രവര്‍ത്തനത്തിന് പരിസ്ഥിതി ക്ലിയറന്‍സ് വേണ്ടെന്നും ചൂണ്ടിക്കാട്ടിയാണ് ഹരജിക്കാര്‍ കോടതിയെ സമീപിച്ചത്. ഭവാനി നദിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന സ്ഥാപനം വന്‍തോതില്‍ ജലമൂറ്റുന്നതായും മഴ കുറവായതിനാല്‍ പ്രദേശം ജല ദൗര്‍ലഭ്യം നേരിടുന്നതായും സര്‍ക്കാര്‍ ചുണ്ടിക്കാട്ടി.
ജലം ഊറ്റുന്നത് ഖനന പ്രവര്‍ത്തനമാണെന്നും അതിനാല്‍ പരിസ്ഥിതി ക്ലിയറന്‍സ് അനിവാര്യമാണെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി. ഹരജിക്കാര്‍ക്ക് ഗ്രീന്‍ ചാനല്‍ ക്ലിയറന്‍സ് നല്‍കിയിരിക്കുന്ന സാഹചര്യത്തില്‍ പരിസ്ഥിതി ക്ലിയറന്‍സിന്റെ ആവശ്യമില്ലെന്ന ഹരജിക്കാരുടെ വാദം കോടതി ശരിവച്ചു. അതേസമയം, ഭൂഗര്‍ഭ ജല നിയമം ഹരജിക്കാര്‍ക്ക് ബാധകമാണെന്നും ഇത് പരിഗണിച്ച് പ്രവര്‍ത്തനം അനുവദിക്കാനാവില്ലെന്നും ഹരജിയില്‍ കക്ഷി ചേര്‍ന്ന പരിസ്ഥിതി പ്രവര്‍ത്തകര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് പരിസ്ഥിതി ക്ലിയറന്‍സ് ആവശ്യമില്ലെങ്കിലും ഭൂഗര്‍ഭ ജല നിയമം ബാധകമാണോയെന്ന് പരിശോധിച്ച് പ്രവര്‍ത്തന കാര്യത്തില്‍ തീരുമാനമെടുക്കണമെന്ന് കോടതി നിര്‍ദേശിച്ചു.
Next Story

RELATED STORIES

Share it