ernakulam local

ജലമൂറ്റല്‍ നിരോധിച്ച് കലക്ടറുടെ ഉത്തരവ്‌

കൊച്ചി: ആലുവ താലൂക്കില്‍ സമീപ പ്രദേശങ്ങളിലെ ജലവിതാനത്തെ ബാധിക്കുന്ന തരത്തില്‍ കിണറുകളില്‍ നിന്നും ജലമൂറ്റുന്നത് തടയാന്‍ ജില്ലാ കലക്ടറുടെ ഇടപെടല്‍. ഭൂഗര്‍ഭ ജലവകുപ്പ് നടത്തിയ പരിശോധനയില്‍ നിയന്ത്രണമില്ലാതെ ജലമൂറ്റല്‍ നടക്കുന്നത് കണ്ടെത്തിയ അഞ്ച് പ്രദേശങ്ങളില്‍ ദുരന്ത നിവാരണ നിയന്ത്രണ നിയമപ്രകാരം വാണിജ്യാടിസ്ഥാനത്തില്‍ വെള്ളം പമ്പു ചെയ്യുന്നത് നിരോധിച്ച് കലക്ടര്‍ മുഹമ്മദ് വൈ സഫീറുല്ല ഉത്തരവിട്ടു. ഉത്തരവിന് മെയ് 31 വരെ പ്രാബല്യമുണ്ട്.
ആലുവ ടാസ് റോഡ് പാലസ് റോഡില്‍ സേവി (ബാവ)സ്റ്റാര്‍ വാട്ടര്‍, മുനിസിപ്പല്‍ ലൈബ്രറിയുടെ വടക്കുകിഴക്ക് ജോസ്, ആശാരികടവ് റോഡില്‍ ബിജു, പുളിഞ്ചോട് അശോകലൈനില്‍ അയ്യപ്പന്‍, പുളിഞ്ചോട് മെട്രോക്ക് കിഴക്കുവശം ഉബൈദ്, മജീദ്, രാമചന്ദ്രന്‍ എന്നിവരുടെ അധീനതയിലുള്ള കിണറുകളില്‍ നിന്നും ജലമൂറ്റുന്നതിനാണ് നിരോധനം. അനിയന്ത്രിതമായ ജലമൂറ്റല്‍ ശ്രദ്ധയില്‍ പെട്ടാല്‍ ഇനിയും നടപടി സ്വീകരിക്കുമെന്ന് കലക്ടര്‍ മുന്നറിയിപ്പ് നല്‍കി.
ഒരു എച്ച്പി മുതല്‍ അഞ്ച് എച്ച്പി മുതല്‍ ശേഷിയുള്ള പമ്പുകള്‍ ഉപയോഗിച്ചാണ് ഈ കിണറുകളില്‍ നിന്നും ജലമൂറ്റി ടാങ്കറുകളില്‍ വാണിജ്യാടിസ്ഥാനത്തില്‍ വിതരണം ചെയ്തിരുന്നത്. ഇതേത്തുടര്‍ന്ന് സമീപപ്രദേങ്ങളിലെ ജലവിതാനം താഴ്ന്നതായും കുടിവെള്ളക്ഷാമം നേടിരുന്നതായും ഭൂഗര്‍ഭ ജലവകുപ്പ് കലക്ടര്‍ക്ക് റിപോര്‍ട്ട് നല്‍കി. ഈ കിണറുകളില്‍ നിന്നും ഇനിയും ജലമൂറ്റുന്നത് ഗുരുതരമായ സ്ഥിതിവിശേഷത്തിന് ഇടയാക്കുമെന്ന് കലക്ടര്‍ ഉത്തരവില്‍ ചൂണ്ടിക്കാട്ടി.
എല്ലാവര്‍ക്കും കുടിവെള്ളം ലഭ്യമാക്കേണ്ടത് ജില്ലാ ഭരണകൂടത്തിന്റെ ഉത്തരവാദിത്തമായതിനാല്‍ വരള്‍ച്ച പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നിരോധന ഉത്തരവ് പുറപ്പെടുവിക്കുകയാണെന്നും കലക്ടര്‍ വ്യക്തമാക്കി. ഉത്തരവ് നടപ്പാക്കേണ്ട ചുമതല ആലുവ തഹസില്‍ദാര്‍ക്കാണ്. ഇതിനാവശ്യമായ പോലിസ് സംരക്ഷണം റൂറല്‍ ജില്ലാ പോലിസ് മേധാവി നല്‍കും. ജില്ലാ ഹെല്‍ത്ത് ഓഫിസര്‍, ഭക്ഷ്യസുരക്ഷാ വകുപ്പ് അസി. കമ്മീഷണര്‍, ഭൂഗര്‍ഭ ജലവകുപ്പ് ജില്ലാ ഓഫിസര്‍, ആലുവ നഗരസഭാ സെക്രട്ടറി എന്നിവര്‍ക്കും ഉത്തരവിന്റെ പകര്‍പ്പ് ലഭ്യമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it