kannur local

ജലപാതയ്‌ക്കെതിരേ നാട്ടുകാര്‍; സിപിഎം പ്രതിരോധത്തില്‍

പാനൂര്‍: ഉള്‍നാടന്‍ ദേശീയ ജലപാത പദ്ധതിക്കെതിരേ മാക്കുനി, ചമ്പാട്, പാനൂര്‍  മേഖലകളിലെ ജനങ്ങള്‍ രാഷ്ട്രീയ-മതഭേദമന്യേ സംഘടിക്കുന്നു. ജലപാത യാഥാര്‍ഥ്യമാവുന്നതോടെ കിടപ്പാടം നഷ്ടപ്പെടുമെന്ന ഭീതിയിലാണ് ഇവര്‍.
മാഹി പുഴയെയും എരഞ്ഞോളി പുഴയെയും ബന്ധിപ്പിച്ചുള്ള നിര്‍ദിഷ്ട ജലപാത നിടുമ്പ്രം, മനേക്കര വഴി കടന്നുപോകുമ്പോള്‍ പുഴയിലെ ഉപ്പുവെള്ളം ജലപാത വഴി ഒഴുകും. ഇത് വലിയ തോതില്‍ കൃഷിയിടങ്ങളിലും വീട്ടുകിണറുകളിലും ഉപ്പുവെള്ളം കയറാനിടയാക്കും. മാക്കുനിയില്‍ നേരത്തെ നാട്ടുകൂട്ടം രൂപീകരിച്ച് ജനങ്ങള്‍ പ്രതിഷേധം ഉയര്‍ത്തിയിരുന്നു. അരയാക്കൂല്‍, തോട്ടുമ്മല്‍ പ്രദേശവാസികളും സമരം ശക്തമാക്കാന്‍ തീരുമാനിച്ചു. പാനൂര്‍ മേഖലയിലുള്ളവര്‍ ഇക്കഴിഞ്ഞ ഞായറാഴ്ച വില്ലേജ് ഓഫിസ് പരിസരത്ത് യോഗം ചേര്‍ന്നു. ഭരണകക്ഷിയായ സിപിഎമ്മിനെതിരേ കനത്ത വിമര്‍ശനങ്ങളാണ് ഈ യോഗങ്ങളിലെല്ലാം ഉയര്‍ന്നത്. എന്നാല്‍, ആരോപണങ്ങള്‍ പ്രതിരോധിക്കാന്‍ പ്രാദേശിക നേതൃത്വം പാടുപെടുകയാണ്. ജലപാത സംബന്ധിച്ച് യാതൊരു വിവരവും നേതാക്കള്‍ക്കോ, പഞ്ചായത്ത് അധികൃതര്‍ക്കോ ഇല്ല. ഇതും ജനരോഷത്തിന് കാരണമായി. വിഷയത്തില്‍ ഇരകള്‍ക്കൊപ്പം നില്‍ക്കുമെന്ന് നേതാക്കള്‍ ആവര്‍ത്തിക്കുന്നുണ്ടെങ്കിലും ജനങ്ങളുടെ ആശങ്കകള്‍ക്ക് അറുതിയാവുന്നില്ല. അരയാക്കൂല്‍ തോട്ടുമ്മലില്‍ ജലപാതക്കെതിരേ ചേര്‍ന്ന യോഗത്തില്‍ സ്ത്രീകള്‍ ഉള്‍പ്പെടെ നിരവധി പേര്‍ പങ്കെടുത്തു. കെ ശശി, കെ കെ മണിലാല്‍, കെ പി ശശിധരന്‍, കെ അശോകന്‍, കെ ബിജു സംസാരിച്ചു. മാക്കുനി നാട്ടുകൂട്ടത്തിന്റെ നേതൃത്വത്തില്‍ പന്ന്യന്നൂര്‍ പഞ്ചായത്തിലേക്ക് നാളെ രാവിലെ 10ന് മാര്‍ച്ച് നടത്തും.
Next Story

RELATED STORIES

Share it