ജലന്ധര്‍ ബിഷപ്പിനെതിരായ കേസ്അന്വേഷണം തൃപ്തികരമെന്ന് ഹൈക്കോടതി

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കല്‍ കന്യാസ്ത്രീയെ ബലാല്‍സംഗം ചെയ്തുവെന്ന കേസില്‍ പോലിസ് നടത്തുന്ന അന്വേഷണം പ്രഥമദൃഷ്ട്യാ തൃപ്തികരമാണെന്ന് ഹൈക്കോടതി. അതിനാല്‍ ഈ ഘട്ടത്തില്‍ അന്വേഷണവുമായി ബന്ധപ്പെട്ട് മറ്റെന്തെങ്കിലും നിര്‍ദേശങ്ങള്‍ നല്‍കുന്നത് അനുചിതമാണെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ഡിവിഷന്‍ ബെഞ്ച് നിരീക്ഷിച്ചു.
കന്യാസ്ത്രീയുടെ പരാതിയില്‍ കുറവിലങ്ങാട് പോലിസ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ന്യായമായ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് മലയാളവേദി പ്രസിഡന്റ് ജോര്‍ജ് വട്ടുകുളവും ഫ്രാങ്കോയെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് കേരള കത്തോലിക്കാ ചര്‍ച്ച് റിഫോമേഷന്‍ മൂവ്‌മെന്റും സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കായംകുളം സ്വദേശി വി രാജേന്ദ്രനും സമര്‍പ്പിച്ച ഹരജികള്‍ ഇന്നലെ പരിഗണിച്ചപ്പോള്‍ പുറപ്പെടുവിച്ച ഉത്തരവിലാണ് ഈ നിരീക്ഷണമുള്ളത്. കേസില്‍ ആരോപണവിധേയനായ ബിഷപ്പിന് പോലിസിനെ സ്വാധീനിക്കാന്‍ കഴിഞ്ഞിട്ടില്ലെന്നാണ് മനസ്സിലാവുന്നതെന്നും കോടതി വാക്കാല്‍ നിരീക്ഷിച്ചു.
അന്വേഷണത്തിന്റെ വിവരങ്ങള്‍ പോലിസിന് വേണ്ടി ഹാജരായ ഡയറക്ടര്‍ ജനറല്‍ ഓഫ് പ്രോസിക്യൂഷന്‍ (ഡിജിപി) മഞ്ചേരി ശ്രീധരന്‍ നായര്‍ മുദ്രവച്ച കവറില്‍ കോടതിയില്‍ സമര്‍പ്പിച്ചു. കേസിലെ ഇരയും രണ്ടു സാക്ഷികളും താമസിക്കുന്ന സെന്റ്് ഫ്രാന്‍സിസ് മിഷന്‍ ഹോമിന് 24 മണിക്കൂറും സംരക്ഷണം നല്‍കുന്നുണ്ട്. കോണ്‍വെന്റും കുറവിലങ്ങാട് പോലിസ് സ്‌റ്റേഷനും തമ്മില്‍ ഹോട്ട്‌ലൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്നും അദ്ദേഹം വിശദീകരിച്ചു.
അന്വേഷണത്തിന്റെ ഭാഗമായി തെളിവ് ശേഖരിച്ചുകൊണ്ടിരിക്കുകയാണെന്നാണ് പോലിസിന്റെ റിപോര്‍ട്ട് പറയുന്നതെന്ന് കോടതി വിശദീകരിച്ചു. അഞ്ചു സംസ്ഥാനങ്ങളിലും കേരളത്തിലെ വിവിധ ജില്ലകളിലുമാണ് അന്വേഷണം നടക്കുന്നത്. പഴയ സംഭവമായതിനാല്‍ സാക്ഷികളുടെയും പ്രതിയുടെയും മൊഴിയിലെ വൈരുധ്യങ്ങള്‍ ഇല്ലാതാക്കാനുള്ള ശ്രമമാണ് നടത്തുന്നത്. അതിനാല്‍ വിശദമായ പരിശോധനയ്ക്കുശേഷമേ മറ്റു നടപടികള്‍ സ്വീകരിക്കാനാവൂ എന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ നിലപാടെന്നും കോടതി പറഞ്ഞു.
അതേസമയം, പ്രലോഭിപ്പിച്ച് സാക്ഷികളുടെ മനസ്സു മാറ്റാനുള്ള ഉന്നതരുടെ ശ്രമം ആശങ്കാജനകമാണെന്ന് കോടതി പറഞ്ഞു. ഈ വിഷയത്തില്‍ പോലിസ് വേണ്ട നടപടി സ്വീകരിക്കണം. ആരോപണവിധേയനെ ഉടന്‍ അറസ്റ്റ് ചെയ്യുകയാണോ കുറ്റം ചെയ്തിട്ടുണ്ടെങ്കില്‍ ശിക്ഷിക്കുകയാണോ വേണ്ടതെന്ന കാര്യം ഹരജിക്കാര്‍ ആലോചിക്കണം. എല്ലാ ബലാല്‍സംഗക്കേസുകളും സിബിഐ അന്വേഷിക്കേണ്ടതില്ല. തുടര്‍ന്ന് കേസ് പരിഗണിക്കുന്നത് കോടതി ഈ മാസം 24ലേക്ക് മാറ്റി. അന്വേഷണ പുരോഗതി റിപോര്‍ട്ട് പോലിസ് സമര്‍പ്പിക്കണം.

Next Story

RELATED STORIES

Share it