ജലന്ധര്‍ ബിഷപ്പിനെതിരായ രാതിസഭയ്ക്ക് പുറത്തുപോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും

കോട്ടയം/കണ്ണൂര്‍: ജലന്ധര്‍ ബിഷപ് ഫ്രാങ്കോയ്‌ക്കെതിരായി കന്യാസ്ത്രീ നല്‍കിയ പീഡന പരാതിയില്‍ സഭയ്ക്ക് പുറത്തുപോയ കന്യാസ്ത്രീകളുടെ മൊഴിയെടുക്കും. പീഡനത്തിനിരയായ കന്യാസ്ത്രീക്ക് പുറമെ കൂടുതല്‍ കന്യാസ്ത്രീകള്‍ ബിഷപ്പിനും സഭാനേതൃത്വത്തിനുമെതിരേ പരാതിയുമായി രംഗത്തെത്തിയിരുന്നു. മിഷനറീസ് ഓഫ് ജീസസ് സന്യാസ സമൂഹത്തിന്റെ മദര്‍ ജനറലിനാണ് ഒരുവിഭാഗം കന്യാസ്ത്രീകള്‍ പരാതി നല്‍കിയിരുന്നത്. ബിഷപ്പിന്റെയും സഭാനേതൃത്വത്തിന്റെയും തെറ്റായ നടപടികള്‍മൂലം സഭയിലെ ഫോര്‍മേറ്റര്‍ അടക്കമുള്ള 18 കന്യാസ്ത്രീകള്‍ സഭ വിട്ടുപോയതായും ഇവര്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍, മദര്‍ ജനറല്‍ ഉള്‍പ്പെടെ ബിഷപ്പിനെ പിന്തുണയ്ക്കുകയാണ്. ഈ സാഹചര്യത്തിലാണ് ജലന്ധര്‍ രൂപതയില്‍ മുമ്പ് പ്രവര്‍ത്തിച്ചിരുന്നവരില്‍നിന്ന് മൊഴിയെടുക്കാന്‍ അന്വേഷണസംഘം തീരുമാനിച്ചത്.
ബിഷപ്പിനെതിരേ മറ്റു പരാതികള്‍ കിട്ടിയിരുന്നോ എന്നതു ള്‍പ്പെടെ പോലിസ് പരിശോധിക്കും. ജലന്ധര്‍ രൂപതയ്ക്ക് കീഴില്‍ കേരളത്തില്‍ കോട്ടയത്തും കണ്ണൂരുമാണ് മഠങ്ങളുള്ളത്. ബിഷപ്പിനെതിരേ കന്യാസ്ത്രീ നല്‍കിയ പരാതിയില്‍ വിശദമായ തെളിവ് ശേഖരണമാണ് വൈക്കം ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള അന്വേഷണസംഘം നടത്തുന്നത്.
അതിനിടെ, മദര്‍ സുപ്പീരിയറിനയച്ച പരാതിയുടെ വിശദാംശങ്ങള്‍ പുറത്തുവന്നു. 2014 മുതല്‍ 2017 വരെയുള്ള കാലയളവില്‍ കുറവിലങ്ങാട് മഠത്തില്‍വച്ചാണ് ബിഷപ് പീഡിപ്പിച്ചത്. 2017 ജനുവരിയില്‍ ബിഷപ് കുറുവിലങ്ങാട്ടെ മഠത്തില്‍ രാത്രി തങ്ങുന്നത് താനെതിര്‍ത്തിരുന്നു. ഇക്കാരണത്താലാണ് തന്നെ കുറ്റാരോപിതയാക്കുന്നതെന്ന് കന്യാസ്ത്രീ പരാതിയില്‍ പറയുന്നു. ബിഷപ്പും കന്യാസ്ത്രീയും തമ്മില്‍ നടന്ന ആശയവിനിമയത്തിന്റ തെളിവുകള്‍ കണ്ടെത്താനും ശ്രമം നടക്കുന്നുണ്ട്. കാണാതായിരിക്കുന്ന പീഡനകാലയളവില്‍ കന്യാസ്ത്രീ ഉപയോഗിച്ചിരുന്ന മൊബൈല്‍ ഫോണും കണ്ടെത്തണം. തെളിവെടുപ്പ് പൂര്‍ത്തിയായാല്‍ ഉടന്‍ അന്വേഷണസംഘം ജലന്ധറിലേക്ക് തിരിക്കും. ബിഷപ്പിനെ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം പഞ്ചാബ് പോലിസിന്റ സഹായവും തേടിയിട്ടുണ്ട്. വിശദമായ ചോദ്യാവലി തയ്യാറാക്കിയ ശേഷമാവും സംഘം ജലന്ധറിലേക്ക് പോവുക. ബിഷപ്പ് രാജ്യം വിട്ടുപോവുന്നത് തടയാന്‍ അന്വേഷണസംഘം വിമാനത്താവളങ്ങളില്‍ ലുക്കൗട്ട് നോട്ടീസ് നല്‍കിയിട്ടുണ്ട്.
ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേ തെളിവു ശേഖരിക്കുന്നതിന്റെ ഭാഗമായി അന്വേഷണ സംഘം കണ്ണൂരിലെ രണ്ടു സ്ഥലങ്ങളില്‍ പരിശോധന നടത്തി. ജലന്ധര്‍ രൂപതയ്ക്കു കീഴില്‍ കണ്ണൂരില്‍ പ്രവര്‍ത്തിക്കുന്ന രണ്ടു മഠങ്ങളില്‍ പരിശോധന നടത്തിയത്. ഇന്നലെ രാവിലെ 11.30ഓടെയാണ് കേസന്വേഷിക്കുന്ന വൈക്കം ഡിവൈഎസ്പി കെ സുഭാഷിന്റെ നേതൃത്വത്തിലുള്ള സംഘം പരിയാരത്തെയും മാതമംഗലത്തെയും മഠങ്ങളില്‍ പരിശോധന നടത്തിയത്.
Next Story

RELATED STORIES

Share it