ജലന്ധര്‍ പീഡനംഅറസ്റ്റ് വൈകുന്നത് ആശങ്കയുളവാക്കുന്നു: എന്‍ഡബ്ല്യുഎഫ്‌

കൊച്ചി: ജലന്ധര്‍ ബിഷപ് ഫ്രാങ്കോ മുളയ്ക്കലിനെതിരേയുള്ള കന്യാസ്ത്രീകളുടെ സമരം നാലുദിവസം പിന്നിടുമ്പോഴും അദ്ദേഹത്തിനെതിരേ ശിക്ഷാ നടപടികള്‍ വൈകുന്നതു നീതിന്യായ വ്യവസ്ഥയില്‍ വിശ്വസിക്കുന്ന പൗരന്‍മാരില്‍ ആശങ്കയുളവാക്കുന്നതാണെന്ന് എന്‍ഡബ്ല്യുഎഫ് സംസ്ഥാന പ്രസിഡന്റ് എല്‍ നസീമ.
ബിഷപ്പിന്റെ അറസ്റ്റ് വൈകുന്നതിനെതിരേ കുറവിലങ്ങാട് മഠത്തിലെ അഞ്ചു കന്യാസ്ത്രീകള്‍ എറണാകുളം ഹൈക്കോടതി ജങ്ഷനില്‍ നടത്തുന്ന സമരപ്പന്തലിലെത്തി ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു സംസാരിക്കുകയായിരുന്നു അവര്‍. ഭൗതികതാല്‍പര്യങ്ങളേതുമില്ലാതെ സഭയ്ക്കകത്തും സമൂഹത്തിനും സേവനമനുഷ്ഠിക്കുന്ന വിഭാഗമാണു കന്യാസ്ത്രീകള്‍. ബിഷപ്പിനെതിരേ കന്യാസ്്ത്രീ ആരോപണമുന്നയിച്ച് പരാതി നല്‍കി രണ്ടര മാസം പിന്നിട്ടിട്ടും നടപടിയെടുക്കാന്‍ വൈകുന്നതു ഗൗരവമായി കാണണം.
തിരുവസ്ത്രമണിഞ്ഞ് ഇവര്‍ തെരുവിലിറങ്ങിയതില്‍ നിന്നുതന്നെ സഭയില്‍ അനുഭവിക്കുന്ന ഗുരുതര പീഡനത്തിന്റെ ആഴം മനസ്സിലാക്കാം. സഭയുടെയും സഭാ മേലധ്യക്ഷന്‍മാരുെടയും കൊള്ളരുതായ്മകള്‍ക്കെതിരേ പ്രതികരിക്കുന്നതു മൂലം കടുത്ത നടപടികള്‍ക്കു വിധേയമാവേണ്ടി വരുമെന്നും ഇവര്‍ ഭയപ്പെടുന്നുണ്ട്. പ്രതിക്ക് അര്‍ഹമായ ശിക്ഷ വാങ്ങിക്കൊടുത്ത് ഇരകള്‍ക്ക് ആത്മവിശ്വാസം നല്‍കേണ്ടതു സര്‍ക്കാരിന്റെ ബാധ്യതയാണെന്നും നസീമ പറഞ്ഞു. സംസ്ഥാന ജനറല്‍ സെക്രട്ടറി എം ഹബീബ, സെക്രട്ടറിമാരായ കെ ശരീഫ, എ എസ് റഹീമ, ജില്ലാ ഭാരവാഹികളായ റമീന, സി ഐ റസീന സംബന്ധിച്ചു. സമരം നടത്തുന്ന കന്യാസ്ത്രീകളെ കണ്ട് എന്‍ഡബ്ല്യുഎഫ് നേതാക്കള്‍ എല്ലാവിധ പിന്തുണയും വാഗ്ദാനം നല്‍കി.

Next Story

RELATED STORIES

Share it