palakkad local

ജലനിരപ്പ് താഴ്ന്നു; വെള്ളിയാങ്കല്ല് തടയണയില്‍ മീന്‍പിടിത്തം സജീവം

പട്ടാമ്പി: വേനലില്‍ വെള്ളിയാങ്കല്ല് തടയണയിലെ ജലനിരപ്പ് താഴ്ന്നതോടെ പുഴമീന്‍പിടിത്തം സജീവമായി. പരമ്പരാഗത മത്സ്യത്തൊഴിലാളികളുള്‍പ്പെടെ നിരവധിപേരാണ് ഉപജീവനത്തിനും വിനോദത്തിനുമായി തടയണയിലെത്തി മല്‍സ്യബന്ധനം നടത്തുന്നത്. കണ്ണന്‍, വാള, കരിമീന്‍ തുടങ്ങിയ വലിയ മല്‍സ്യങ്ങളും പരല്‍, ആരല്‍ തുടങ്ങിയ ചെറുമത്സ്യങ്ങളും ഇവിടെനിന്ന് ധാരാളമായി ലഭിക്കുന്നുണ്ട്.
രാത്രികാലങ്ങളില്‍ മുഴുവന്‍ സമയവും തടയണയില്‍ മീന്‍പിടിത്തം സജീവമാണ്. നീട്ടുവല, തണ്ടാടിവല എന്നിവയുപയോഗിച്ച് തോണികളിലും തടയണയിലിറങ്ങിയുമാണ് മീന്‍പിടിത്തം. സമീപജില്ലകളില്‍നിന്ന് ആളുകള്‍ മല്‍സ്യബന്ധനത്തിനായി ഇവിടേക്കെത്തുന്നുണ്ട്. വിനോദത്തിനായി സായാഹ്നങ്ങളില്‍ ചൂണ്ടയിടാനെത്തുന്ന നാട്ടുകാരും നിരവധിയാണ്. വെള്ളിയാങ്കല്ല് പാലത്തിന് സമീപത്തായാണ് പിടിച്ച മത്സ്യങ്ങളുടെ വിപണനം പ്രധാനമായും നടക്കുന്നത്. പൈതൃകപാര്‍ക്കും, തടയണയും സന്ദര്‍ശിക്കാനെത്തുന്നവര്‍ കൈനിറയെ മല്‍സ്യം വാങ്ങിയാണ് ഇപ്പോള്‍ മടങ്ങുന്നത്.
സംസ്ഥാന മല്‍സ്യവകുപ്പിന്റെ പൊതുജലാശയങ്ങളിലെ മല്‍സ്യക്കുഞ്ഞ് നിക്ഷേപം പദ്ധതിയുടെ ഭാഗമായി ലക്ഷക്കണക്കിന് മത്സ്യക്കുഞ്ഞുങ്ങളെ മുന്‍വര്‍ഷങ്ങളില്‍ തടയണയില്‍ നിക്ഷേപിച്ചിരുന്നു. രോഹു, കട്‌ല, മൃഗാല്‍ ഇനങ്ങളായിരുന്നു നിക്ഷേപിച്ചിരുന്നത്. എന്നാല്‍ നിക്ഷേപിച്ച ഇനങ്ങളില്‍പ്പെട്ട മത്സ്യങ്ങള്‍ വളരെക്കുറച്ചുമാത്രമാണ് ലഭിക്കുന്നതെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു.
മുന്‍വര്‍ഷങ്ങളെ അപേക്ഷിച്ച് മല്‍സ്യലഭ്യതയില്‍ നേരിയ കുറവുള്ളതായും ഇവര്‍ പറയുന്നു. വെള്ളിയാങ്കല്ലിനു പുറമേ വരണ്ട് കുറ്റിക്കടവ്, കരിമ്പനക്കടവ്, പട്ടാമ്പി പാലത്തിന് താഴ്ഭാഗം എന്നിവിടങ്ങളിലും മീന്‍പിടിത്തം സജീവമാണ്. അതേസമയം, കഴിഞ്ഞ വര്‍ഷത്തെ വേനല്‍ കാലത്ത് മല്‍സ്യം പിടിക്കുന്നതിനുവേണ്ടി  വെളളിയാങ്കല്ല് പദ്ധതി പ്രദേശത്ത് തടഞ്ഞു നിര്‍ത്തിയിരുന്ന വെളളം താഴെ ഭാഗത്തേക്ക് ഒഴുക്കിക്കളഞ്ഞ സാമൂഹികവിരുദ്ധരുടെ നടപടി മൂലം ഈപ്രദേശത്തെ വരള്‍ച്ച രൂക്ഷമാക്കിയ സംഭവം ഇനിയും ആവര്‍ത്തിക്കാതിരിക്കാന്‍ അധികൃതര്‍ ജാഗ്രത പാലിക്കണമെന്നാണ് പട്ടാമ്പി താലൂക്കിലെ ജനകീയാവശ്യം.
Next Story

RELATED STORIES

Share it