ernakulam local

ജലനിധി പദ്ധതി ഉദ്ദ്യോഗസ്ഥര്‍അട്ടിമറിക്കുന്നു

കാലടി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളത്തിന് സമീപമുള്ള നാലു പഞ്ചായത്തുകളില്‍ നടപ്പാക്കുവാന്‍ നിശ്ചയിച്ച് പ്രവര്‍ത്തനമാരംഭിച്ച ജലനിധി പദ്ധതി ജലസേചന വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ അട്ടിമറിക്കുന്നതായി ആക്ഷേപമുയര്‍ന്നു. കാഞ്ഞൂര്‍, ശ്രീമൂലനഗരം, നെടുമ്പാശ്ശേരി, ചെങ്ങമനാട് എന്നീ പഞ്ചായത്തുകളില്‍ ഉളവാകുന്ന കുടിവെള്ള ക്ഷാമം മറികടക്കുവാനാണ് പദ്ധതി ലക്ഷ്യം. കാഞ്ഞൂര്‍ പഞ്ചായത്തിലെ പുതിയേടത്ത് ആറുമാസം മുമ്പ് ഓഫിസ് ആരംഭിച്ച് സര്‍വേ നടപടികള്‍ പൂര്‍ത്തിയാക്കിയെങ്കിലും തുടര്‍പ്രവര്‍ത്തനങ്ങള്‍ ഉണ്ടായില്ല. ജലസംഭരണിയുള്‍പ്പെടെ 127 കോടിരൂപ അടങ്കല്‍ വരുന്ന പദ്ധതി ലോകബാങ്ക് സഹായത്തോടെയാണ് വിഭാവനം ചെയ്തിട്ടുള്ളത്. ഇതില്‍ പത്തുകോടിരൂപ സിയാല്‍ നല്‍കുമെന്നും 15 ശതമാനം പഞ്ചായത്തുകളും 10ശതമാനം ഗുണഭോക്താക്കളുമാണ് വഹിക്കേണ്ടത്. 22 മാസങ്ങള്‍ക്കൊണ്ട് പൂര്‍ത്തിയാക്കുമെന്നാണ് മുഖ്യമന്ത്രി ഇതുസംബന്ധിച്ച പ്രഖ്യാപനത്തില്‍ പറഞ്ഞത്. നിലവില്‍ വാട്ടര്‍ കണക്ഷനുള്ള കുടുംബങ്ങള്‍ ഗുണഭോക്തൃവിഹിതം നല്‍കേണ്ടതില്ല. പദ്ധതി നീണ്ടുപോകുന്നതില്‍ പഞ്ചായത്ത് നിവാസികള്‍ ആശങ്കയിലാണ്. പഞ്ചായത്തുകള്‍ ചെയ്യേണ്ട പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ചിട്ടുണ്ട്. കലക്ടറേറ്റില്‍ കഴിഞ്ഞമാസം ചേര്‍ന്ന അവലോകനയോഗത്തില്‍ വകുപ്പ് ഉദ്ദ്യോഗസ്ഥര്‍ പങ്കെടുത്തില്ലെന്നും നോഡല്‍ ഏജന്‍സിയെ പ്രാരംഭ പ്രവര്‍ത്തനങ്ങള്‍ നടത്തുവാന്‍ ഏല്‍പിച്ചത് ഉദ്ദ്യോഗസ്ഥര്‍ക്ക് പിടിച്ചില്ലെന്നും പങ്ക്് പറ്റാനാവാത്തതാണ് എതിര്‍പ്പിന് കാരണമെന്നും നാട്ടുകാര്‍ കുറ്റപ്പെടുത്തി. ശുദ്ധജലവിതരണ പദ്ധതിക്കു വന്നിട്ടുള്ള തടസ്സങ്ങള്‍ നീക്കി യാഥാര്‍ത്ഥ്യത്തിലേക്ക് എത്തിക്കണമെന്ന് ജലനിധി സേവ് ഫോറം ഭാരവാഹികളായ ടി എന്‍ അശോകന്‍, പി ആര്‍ രഘു, കെ ജി ഹരിദാസ്, അജയന്‍ പറക്കാട്ട് വാര്‍ത്താസമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it