Kannur

ജലനിധി പദ്ധതി ഉദ്ഘാടനം ചെയ്ത് മൂന്നാഴ്ചയായിട്ടും കുടിവെള്ളമില്ല

ചെറുപുഴ: ചെറുപുഴ പഞ്ചായത്തില്‍ ജലനിധി കുടിവെള്ള പദ്ധതി ഉദ്ഘാടനം ചെയ്ത് മൂന്നാഴ്ച പിന്നിട്ടിട്ടും ഒരു തുള്ളി വെള്ളം പോലും ലഭിച്ചില്ല. കുടിവെള്ളം ലഭിക്കാതെ നാട്ടുകാര്‍ ദുരിതത്തില്‍. പെരുങ്കുടല്‍ ജലനിധി പദ്ധതിയാണ് ഉദ്ഘാടനം കഴിഞ്ഞിട്ടും വെള്ളം ലഭിക്കാതെ നാട്ടുകാരെ ദുരിതത്തിലാഴ്ത്തിയത്. ഇക്കഴിഞ്ഞ സപ്തബര്‍ 12ന് പഞ്ചായത്ത് പ്രസിഡന്റ് റോഷി ജോസ് ഉല്‍ഘാടനം ചെയ്ത പദ്ധതിയില്‍പ്പെട്ട ഗുണഭോക്താക്കളാണ് വെള്ളം ലഭിക്കാതെ ദുരിതം അനുഭവിക്കുന്നത്.

58 കുടുംബങ്ങളാണ് പദ്ധതിയിലുള്‍പ്പെട്ടത്. ഇവരില്‍ നിന്നു 4000 രൂപ വീതം ഇടാക്കിയിരുന്നു. 22,80,000 രൂപ ചെലവിട്ടാണ് പദ്ധതി നിര്‍മിച്ചത്.പണി പൂര്‍ത്തിയാക്കുന്നതിന് മുമ്പ് ധൃതിപ്പെട്ട് ഉദ്ഘാടനം ചെയ്തതാണ് വെള്ളം കിട്ടാതിരിക്കാന്‍ കാരണമെന്നാണു നാട്ടുകാരുടെ ആരോപണം. പല സ്ഥലത്തും പൈപ്പ് മണ്ണിനു മുകളിലൂടെയാണ് ഇട്ടിരിക്കുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പ് മുന്നില്‍ക്കണ്ട് തിടുക്കത്തില്‍ ഉദ്ഘാടനം ചെയ്ത പഞ്ചായത്ത് നടപടിക്കെതിരേ വ്യാപക പ്രതിഷേധമുയരുന്നുണ്ട്. ഉദ്ഘാടന ദിവസം ടാങ്കില്‍ വെള്ളം നിറയ്ക്കുകയാരിന്നുവെന്നും പരിസരവാസികള്‍ ആരോപിച്ചു. ഉദ്ഘാടനം കഴിഞ്ഞതിനാല്‍ ബാക്കി പണി പൂര്‍ത്തിയാവുമോയെന്ന ആശങ്കയിലാണ് നാട്ടുകാര്‍. വോള്‍ട്ടേജില്ലാത്തതിനാലാണ് വെള്ളം നല്‍കാന്‍ കഴിയാത്തതെന്നാണു അധികൃതരുടെ വാദം. അതേസമയം, ഉദ്ഘാടനച്ചടങ്ങില്‍ തങ്ങളാരും പങ്കെടുത്തിട്ടില്ലെന്നാണു ജലനിധി ഉദ്യാഗസ്ഥരുടെ വാദം.
Next Story

RELATED STORIES

Share it