kannur local

ജലനിധിക്കു വേണ്ടി പുഴയില്‍ ബണ്ട് നിര്‍മിച്ച് വെള്ളം കടത്തുന്നു

ചെറുപുഴ: ജലനിധി പദ്ധതിയുടെ പേരില്‍ കാര്യങ്കോട് പുഴയില്‍ കരിങ്കല്ല് കൊണ്ട് ബണ്ട് നിര്‍മിച്ച് വെള്ളം കടത്തുന്നു. ചെറുപുഴ പഞ്ചായത്തിലെ എട്ടാം വാര്‍ഡില്‍ കോഴിച്ചാല്‍ റവന്യൂവിലാണ് പുഴയ്ക്കു കുറുകെ ബണ്ട് നിര്‍മിച്ചിട്ടുള്ളത്.
കരിങ്കല്ല് കൊണ്ട് ബണ്ട് കെട്ടി പ്ലാസ്റ്റിക് ഷീറ്റ് വിരിച്ച് വെള്ളം സംഭരിച്ച് ജലനിധി പദ്ധതി ടാങ്കിലേക്ക് വെള്ളം പമ്പിങ് നടത്തുകയാണ്. വേനല്‍ രൂക്ഷമായതിനാല്‍ മോട്ടോര്‍ ഉപയോഗിച്ച് പുഴയില്‍ നിന്ന് വെള്ളം പമ്പ് ചെയ്യുന്നതിനു വിലക്കേര്‍പ്പെടുത്തുന്ന പഞ്ചായത്തിന്റെ മൗനാനുവാദത്തോടെയാണ് വെള്ളം കടത്തുന്നത്. പുഴയ്ക്കു കുറുകെ ബണ്ട് നിര്‍മിച്ചതോടെ കാര്യങ്കോട് പുഴയുടെ മീന്തുള്ളി, പുളിങ്ങോം ഭാഗങ്ങളിലേക്കുള്ള നീരൊഴുക്ക് കുത്തനെ കുറഞ്ഞു. പുഴയുടെ തീരങ്ങളിലെ കിണറുകളിലും കുളങ്ങളിലും ജലനിരപ്പ് താഴ്ന്നതായും ആക്ഷേപമുണ്ട്. കോഴിച്ചാല്‍ ജലനിധി പദ്ധതിക്കായി പുഴയോരത്തു തന്നെ കിണര്‍ കുഴിച്ച് മോട്ടോര്‍ സ്ഥാപിച്ചിട്ടുണ്ട്. വേനലായതോടെ കിണറില്‍ ജലനിരപ്പ് താഴ്ന്നിരുന്നു. കിണറിന് ആഴം കൂട്ടാന്‍ ശ്രമിക്കാതെയാണ് പുഴയില്‍ തന്നെ കൂറ്റന്‍ ബണ്ട് നിര്‍മിച്ച് വെള്ളമെടുക്കുന്നത്.
കാര്യങ്കോട് പുഴയിലെ നീരൊഴുക്കിനെ ആശ്രയിച്ചാണ് കാക്കടവ് ഭാഗത്ത് നിന്ന് പെരിങ്ങോം സിആര്‍പിഎഫ് ക്യാംപിലേക്കും ഏഴിമല നേവല്‍ അക്കാദമിയിലേക്കും ചീമേനി തുറന്ന ജയിലിലേക്കും വെള്ളം എത്തിക്കുന്നത്. പുഴയുടെ വിവിധ ഭാഗങ്ങളില്‍ അനധികൃതമായി ജലസംഭരണികള്‍ ഉണ്ടാക്കുന്നതിനാല്‍ വേനല്‍ തുടങ്ങുന്നതോടെ പുഴയിലെ നീരൊഴുക്ക് നിലക്കുകയാണ്.
Next Story

RELATED STORIES

Share it