malappuram local

ജലദിനത്തില്‍ വീട്ടമ്മമാരുടെ ഉപരോധ സമരം

മഞ്ചേരി: ജലക്ഷാമം രൂക്ഷമായതോടെ ജലദിനത്തില്‍ തൃക്കലങ്ങോട് ഗ്രാമപ്പഞ്ചായത്ത് കാര്യാലയം വീട്ടമ്മമാരുടെ സംഘം ഉപരോധിച്ചു. കാരക്കുന്ന് കുടിവെള്ള വിതരണ പദ്ധതിയില്‍നിന്നുള്ള കുടിവെള്ള വിതരണം നിലച്ച് 40 ദിവസം പിന്നിട്ടിട്ടും പരിഹാര നടപടികളുണ്ടാവാത്തതില്‍ പ്രതിഷേധിച്ചായിരുന്നു ഉപരോധം.
വാര്‍ഡംഗം എന്‍ പി മുഹമ്മദിന്റെ നേതൃത്വത്തില്‍ വീട്ടമ്മമാരടങ്ങുന്ന സംഘം രാവിലെ 10ന് ഓഫിസ് ഉപരോധിക്കുകയായിരുന്നു. ഒരു മാസം കഴിഞ്ഞിട്ടും ജലവിതരണം പുനസ്ഥാപിക്കാന്‍ സാധിക്കാത്തതാണ് ജലക്ഷാമത്തിന്റെ രൂക്ഷത അനുഭവിക്കുന്നവരെ സമരത്തിലേക്ക് നയിച്ചത്.
കാരക്കുന്ന് ജലവിതരണ പദ്ധതിയുടെ പമ്പ് ഹൗസില്‍ 15 എച്ച്പി മോട്ടോര്‍ തകരാറിലായതാണ് ജലവിതരണം മുടങ്ങാന്‍ കാരണമായത്. സമരത്തെ തുടര്‍ന്ന് ജീവനക്കാരടക്കമുള്ളവര്‍ക്ക് ഓഫിസില്‍ പ്രവേശിക്കാനായില്ല.
സമരത്തിനിടെ എത്തിയ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എന്‍ എം കോയ വാര്‍ഡംഗവുമായി സംസാരിച്ചത് നേരിയ ബഹളത്തിനും ഇടയാക്കി. മഞ്ചേരി അഡീഷനല്‍ എസ്‌ഐ എം ജെ ഷാജിയുടെ നേതൃത്വത്തിലുള്ള സംഘമാണ് സ്ഥിതി ശാന്തമാക്കിയത്.
തുടര്‍ന്ന് പോലിസിന്റെ സാനിധ്യത്തില്‍ നടന്ന ചര്‍ച്ചയില്‍ കേടായ മോട്ടോറുകള്‍ മാറ്റി 30നകം ജലവിതരണം ആരംഭിക്കാന്‍ തീരുമാനമായി. പ്രസിഡന്റ് എന്‍ എം കോയ, എന്‍ പി മുഹമ്മദ്, യൂസഫ് മേച്ചേരി, ഷൈജല്‍ ആമയൂര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. വി ശങ്കരന്‍, എന്‍ ഡി ജലാല്‍, ഇ മുഹമ്മദ്, ഇ കെ ശിഹാബ്, പി സക്കീന, ഗൗരി, രജനിഗാസ ഉപരോധത്തിനു നേതൃത്വം നല്‍കി.
Next Story

RELATED STORIES

Share it