wayanad local

ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചു

മാനന്തവാടി: വേനല്‍ കനത്തതോടെ ജില്ലയില്‍ ജലജന്യ രോഗങ്ങള്‍ വര്‍ധിച്ചു. മുന്‍വര്‍ഷത്തെ അപേക്ഷിച്ച് മഞ്ഞപ്പിത്തം, ടൈഫോയിഡ്, വയറിളക്കം, എലിപ്പനി തുടങ്ങിയ രോഗങ്ങള്‍ ഇത്തവണ കൂടുതലായി റിപോര്‍ട്ട് ചെയ്തു.
കടുത്ത വരള്‍ച്ചയും ചൂടും കൂടുതലായി അനുഭവപ്പെടുന്ന പുല്‍പ്പള്ളി മേഖലയിലാണ് കൂടുതല്‍ രോഗങ്ങള്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടത്. ജനുവരി 16 മുതല്‍ ഏപ്രില്‍ 12 വരെയുള്ള കാലയളവില്‍ 56 പേര്‍ക്ക് മഞ്ഞപ്പിത്തം ബാധിച്ചപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇത് 21 മാത്രമായിരുന്നു. ടൈഫോയിഡ് കഴിഞ്ഞ വര്‍ഷം 77 പേര്‍ക്കായിരുന്നെങ്കില്‍ ഇത്തവണ 81 ആയി ഉയര്‍ന്നു.
3,642 പേര്‍ക്ക് വയറിളക്കം പിടിപെട്ടപ്പോള്‍ കഴിഞ്ഞ വര്‍ഷം ഇക്കാലയളവില്‍ 3,051 പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. 27 പേര്‍ക്ക് എലിപ്പനി ബാധിച്ചു. കഴിഞ്ഞ വര്‍ഷം 11 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 160 ഡെങ്കിപ്പനി കേസുകള്‍ കഴിഞ്ഞ വര്‍ഷം റിപോര്‍ട്ട് ചെയ്തിരുന്നു. ഇത്തവണ 460 പേര്‍ക്ക് രോഗം ബാധിച്ചതായാണ് കണക്ക്. ഏഴു പേര്‍ക്ക് മലേറിയ പിടിപെട്ടു.
കഴിഞ്ഞ തവണ ആറു പേര്‍ക്കായിരുന്നു രോഗം ബാധിച്ചത്. ചെള്ളുപനി ആറില്‍ നിന്ന് 38 ആയി ഉയര്‍ന്നു. രോഗം പടരുന്ന സാഹചര്യത്തില്‍ ജനങ്ങള്‍ കൂടുതല്‍ മുന്‍കരുതല്‍ നടപടികള്‍ സ്വീകരിക്കണമെന്ന് ആരോഗ്യവകുപ്പ് നിര്‍ദേശിച്ചു. തിളപ്പിച്ചാറിയ വെള്ളം മാത്രം ഉപയോഗിക്കുക, ഭക്ഷണത്തിനു മുമ്പും ശേഷവും കൈകള്‍ സോപ്പ് ഉപയോഗിച്ച് കഴുകുക, തണുത്തതും പഴകിയതുമായ ഭക്ഷണം ഉപേക്ഷിക്കുക, ഹോട്ടലുകള്‍, കൂള്‍ബാറുകള്‍ എന്നിവിടങ്ങളിലെ ശീതളപാനീയങ്ങള്‍ വര്‍ജിക്കുക, ഹോട്ടലുകളിലെ ജലാശയങ്ങള്‍ ശുദ്ധീകരിച്ചെന്ന് ഉറപ്പുവരുത്തുക, കിണറും പരിസരവും അണുവിമുക്തമായി സൂക്ഷിക്കുക, കൊതുകുകളെ ഉറവിടത്തില്‍ തന്നെ നശിപ്പിക്കുക തുടങ്ങിയ നിര്‍ദേശങ്ങളാണ് ആരോഗ്യവകുപ്പ് നല്‍കിയിരിക്കുന്നത്.
Next Story

RELATED STORIES

Share it