Pathanamthitta local

ജലക്ഷാമം രൂക്ഷമാവുന്നതിനിടെ പമ്പയുടെ അടിത്തട്ട് വീണ്ടും തോണ്ടുന്നു

പത്തനംതിട്ട: ജലക്ഷാമം രൂക്ഷമാവുന്നതിനിടെ പമ്പയുടെ അടിത്തട്ട് വീണ്ടും തോണ്ടുന്നു. വേനല്‍ മഴ പെയ്‌തെങ്കിലും പമ്പാ തീരത്തെ പഞ്ചായത്തുകളില്‍ ജലക്ഷാമം രൂക്ഷമായി തുടരുകയാണ്. നാട്ടുകാര്‍ക്ക് തെല്ലൊരാശ്വാസമായിരുന്ന പിഐപി കനാല്‍ അടയ്ക്കുക കൂടി ചെയ്തതോടെ കൂടുതല്‍ പ്രതിസന്ധിയിലായി.
ജലക്ഷാമം അധികം നേരിടുന്ന സ്ഥലങ്ങളില്‍ നാട്ടുകാര്‍ ശുദ്ധജലം ലഭ്യമാക്കാനുള്ള അഭ്യര്‍ഥനയുമായി ജനപ്രതിനിധികളെ സമീപിക്കുകയാണ്. തിരഞ്ഞെടുപ്പു ചട്ടം നിലവില്‍ വന്നതോടെ ജലവിതരണം നടത്താനുള്ള തുക ലഭ്യമല്ലെന്നാണ് ഇവരുടെ മറുപടി. ചിലയിടങ്ങളില്‍ പഞ്ചായത്തംഗങ്ങളും പ്രസിഡന്റുമാരും സ്വന്തം ചെലവില്‍ ടാങ്കുകളില്‍ വെള്ളം എത്തിക്കുന്നുണ്ട്. എന്നാല്‍ ഇതൊന്നും ആവശ്യത്തിന് തികയുന്നില്ല.
പമ്പാ നദിയില്‍ നിന്നും അനിയന്ത്രിതമായും അശാസ്ത്രീയമായും മണല്‍ ഖനനം നടത്തിയതാണ് ഈ മേഖലയില്‍ ജലക്ഷാമം ഇത്രയുമധികം രൂക്ഷമാവാന്‍ കാരണം. എന്നാല്‍ നിരോധനം നിലനില്‍ക്കുമ്പോഴും മണല്‍ ഖനനം നടക്കുന്നുണ്ട്. പമ്പാ ഇറിഗേഷന്‍ പദ്ധതിയിലെ ഏറ്റവും വലിയ നീര്‍പ്പാലമായ വാഴകുന്നത്തു നിന്നുമാണ് കഴിഞ്ഞ ദിവസങ്ങളില്‍ മണല്‍ കടത്ത് നടത്തിയത്. മണല്‍ ഖനനം മൂലം നദിയുടെ അടിത്തട്ട് താഴുകയും പാലത്തിന്റെ സ്പാനുകള്‍ വെള്ളത്തിന്റെ മുകളിലെത്തുകയും ചെയ്ത് പാലം അപകട സ്ഥിതിയിലാണ്.
Next Story

RELATED STORIES

Share it