Kollam Local

ജലക്ഷാമം രൂക്ഷമായി തുടരുമ്പോഴും കുടിനീര്‍ പാഴാക്കുന്നു

കാവനാട്: ജലക്ഷാമം രൂക്ഷമായി തുടരുമ്പോഴും കുടിനീര്‍ പാഴാക്കുന്നതായി പരാതി. കൊല്ലം കോര്‍പറേഷന്റെ പരിധിയില്‍പ്പെട്ട കാവനാട് പടിഞ്ഞാറ്, മരുത്തടി, ശക്തികുളങ്ങര തുടങ്ങിയ സ്ഥലങ്ങളിലാണ് കോര്‍പറേഷന്‍ നല്‍കുന്ന കുടിവെള്ളം പാഴാക്കി കളയുന്നത്. പൈപ്പ് ലൈനെടുത്ത് വെള്ളം ഉപയോഗിക്കാന്‍ കഴിവില്ലാത്തവര്‍ക്കായി സര്‍ക്കാര്‍ ഗ്രാമപ്രദേശങ്ങളില്‍ സൗജന്യമായി വെള്ളം എത്തിക്കുന്നതിനായി പൈപ്പുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ഇങ്ങനെകിട്ടുന്ന വെള്ളം കുടിനീരായി മാത്രം ഉപയോഗിക്കണമെന്നാണ് നിയമം. ഇത് പലരും പാലിക്കാറില്ല. പൈപ്പില്‍ ഓസ് വലിച്ചുകയറ്റി അതിരാവിലെ മുതല്‍ വെള്ളമെടുത്ത് ഉപയോഗിക്കുന്ന കാഴ്ച നിത്യസംഭവമാണ്. ഇങ്ങനെ ഓസിട്ട് പൈപ്പില്‍ നിന്നെടുക്കുന്ന വെള്ളം ഓട്ടോ, കാര്‍ തുടങ്ങിയവകള്‍ റോഡില്‍ തന്നെയിട്ട് കഴുകുകയാണ് പതിവ്. ഈ വെള്ളം കെട്ടിട നിര്‍മാണത്തിനും പശുക്കളേയും മാടുകളേയും കുളിപ്പിക്കാനും ഉപയോഗിക്കുന്നവരും ഏറെയാണ്. ഇത് മൂലം പൈപ്പിന്റെ സമീപത്തും പരിസര പ്രദേശങ്ങളിലും ഏപ്പോഴും വെള്ളം കെട്ടികിടക്കുന്നത് നിത്യസംഭവമാണ്. ഇത് മൂലം നല്ല റോഡുകള്‍ പോലും വളരെ പെട്ടെന്ന് തന്നെ ഇടിഞ്ഞ് പോവുകയും കാല്‍നടയാത്രക്കാര്‍ക്ക് യാത്ര ചെയ്യാന്‍ ഏറെ ബുദ്ധിമുട്ടുണ്ടാക്കുകയും ചെയ്യുന്നു. ഇങ്ങനെ അനാവശ്യമായി വെള്ളം ദുര്‍വിനിയോഗം ചെയ്യുന്നതായി വാട്ടര്‍ അതോറിറ്റി അധികൃതരെ അറിയിച്ചാല്‍ അവര്‍ ഉടന്‍ എത്താമെന്നോ വാഹനമില്ലന്നോ പറഞ്ഞ് ഒഴിയുകയാണ് പതിവ്. ധാരാളമാളുകള്‍ ലൈന്‍ പൈപ്പെടുത്ത് വെള്ളം ഉപയോഗിക്കുന്നുണ്ട്. അവര്‍ എത്രലിറ്റര്‍ വെള്ളമെടുത്ത് ഉപയോഗിച്ചു എന്നറിയാന്‍ കൃത്യമായി പരിശോധന നടത്തുകയും കൂടുതലായി വെള്ളമെടുത്താല്‍ അതിന് അധിക തുക ഈടാക്കുകയും ചെയ്യുന്നുണ്ട്. എന്നാല്‍ യാതൊരു ചെലവുമില്ലാതെ പതിന്‍മടങ്ങ് ലിറ്റര്‍ വെള്ളമെടുത്ത് ദുരുപയോഗം ചെയ്യുന്നത് ശ്രദ്ധയില്‍പ്പെടുത്തിയിട്ടും അധികൃതര്‍ ഇതൊക്കെ കണ്ടില്ലെന്ന് നടിക്കുകയാണെന്നും ഡിപ്പാര്‍ട്ട്‌മെന്റിന്റെ തികഞ്ഞ അനാസ്ഥയാണെന്ന് നാട്ടുകാര്‍ പറയുന്നു. അഥവാ നേരിട്ട് വന്നു കണ്ടാല്‍ തന്നെയും നടപടികള്‍ സ്വീകരിക്കാതെ മാപ്പ് കൊടുത്ത് പോവുകയാണ് പതിവ്. അതാണ് ഇത്രയേറെ കുടിനീര്‍ നാട്ടില്‍ പാഴാകാന്‍ കാരണം.
Next Story

RELATED STORIES

Share it