Alappuzha local

ജലഅതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ല

എടത്വ: ജലഅതോറിറ്റി ഓഫിസിന്റെ മൂക്കിന് താഴെ കുടിവെള്ള വിതരണ ലൈന്‍ പൊട്ടി ശുദ്ധജലം പാഴായിട്ടും നടപടിയില്ല. പൈപ്പ് ലൈന്‍ പൊട്ടിയതോടെ വെട്ടുതോട്-കളങ്ങര പ്രദേശത്ത് ശുദ്ധജലക്ഷാമം രൂക്ഷം. എടത്വ ടെലിഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്താണ് എടത്വ ജലഅതോറിറ്റിയുടെ ശുദ്ധജല വിതരണലൈന്‍ പൊട്ടി കുടിവെള്ളം പാഴാകുന്നത്. പാഴാകുന്ന ശുദ്ധജലം ഓടയിലൂടെയും റോഡിലൂടെയും നിറഞ്ഞൊഴുകുകയാണ്. എടത്വ-നീരേറ്റുപുറം സംസ്ഥാനപാതയിലെ കലുങ്ക് ചാലിന് കുറുകെ സ്ഥാപിച്ച പൈപ്പ്‌ലൈന്റെ എ ല്‍ബോയിലൂടെയാണ് ശുദ്ധജലം പുറം തള്ളുന്നത്.
രണ്ടാഴ്ചയായി ഇതേ അവസ്ഥ തുടര്‍ന്നിട്ടും ജലഅതോറിറ്റി ജീവനക്കാര്‍ ഇവിടേയ്ക്ക് തിരിഞ്ഞുനോക്കിയിട്ടില്ല. ചൊവ്വ, വെള്ളി ദിവസങ്ങളിലാണ് ഈ പ്രദേശത്ത് ജലവിതരണം നടക്കുന്നത്. ഇന്നലെ ജലവിതരണം ആരംഭിച്ചതോടെ പൈപ്പിലൂടെ പുറംതള്ളുന്ന ശുദ്ധജലം ഓടയും, റോഡും കഴിഞ്ഞ് നിരന്നൊഴുകാന്‍ തുടങ്ങി. സമീപത്തെ കച്ചവട ഉടമകള്‍ ജലഅതോറിറ്റി ഓഫീസില്‍ അറിയിച്ചതിനെ തുടര്‍ന്ന് ഒരുജീവനക്കാരന്‍ സ്ഥലത്തെത്തി ചോര്‍ച്ചയുള്ള സ്ഥലത്ത് കമ്പ് ഇടിച്ചുകയറ്റിയ ശേഷം തിരികെ പോകുകയായിരുന്നു.
ഇതോടെ പൈപ്പ് ലൈനിലെ ചോര്‍ച്ച കൂടിയതല്ലാതെ ചോര്‍ച്ച പരിഹരിക്കാന്‍ യാതൊരു നടപടിയും സ്ഥീകരിച്ചില്ല. ചോര്‍ച്ച ആരംഭിച്ചതോടെ വെട്ടുതോട് മുതല്‍ കളങ്ങര വരെയുള്ള പ്രദേശത്ത് രൂക്ഷമായ കുടിവെള്ള ക്ഷാമമാണ് അനുഭവപ്പെടുന്നത്. ചോര്‍ച്ച പരിഹരിച്ചാല്‍ മാത്രമേ ഈ പ്രദേശങ്ങളില്‍ ശുദ്ധജലം ലഭിക്കുകയുള്ളൂ എന്ന് പ്രദേശവാസിയായ ഷാജി പറഞ്ഞു.
ടെലഫോണ്‍ എക്‌സ്‌ചേഞ്ചിന് മുന്‍വശത്ത് മാത്രമല്ല സംസ്ഥാനപതയിലെ വിവിധ സ്ഥലങ്ങളില്‍ ഇതേ അവസ്ഥയാണ് നിലനില്‍ക്കുന്നത്. വെട്ടുതോട് പാലത്തിന് സമീപം പൈപ്പ് പൊട്ടി ശുദ്ധജലം റോഡിലൂടെ നിറഞ്ഞൊഴുകാന്‍ തുടങ്ങിയതോടെ വാഹന ഗതാഗതവും പ്രതിസന്ധിയിലായി തീര്‍ന്നു. കെഎസ്ആര്‍ടിസി ബസ് സര്‍വീസ് നടത്തുന്ന റോഡില്‍ കുടിവെള്ള ചോരുന്ന ഭാഗത്ത് വലിയകുഴി രൂപപ്പെട്ടു.
ഇരുചക്രവാഹനങ്ങള്‍ കുഴിയില്‍ പതിച്ച് നിയന്ത്രണം തെറ്റുന്നതും പതിവാണ്. സംസ്ഥാന പാതയിലേയും, വെട്ടുതോടെ പാലത്തിന് സമീപത്തേയും സംസ്ഥാനപാതയിലേയും പൈപ്പ് ലൈനിന്റെ ചോര്‍ച്ച പരിഹരിച്ചാല്‍ മാത്രമേ വെട്ടുതോട്, കളങ്ങര ഭാഗത്തെ ശുദ്ധജല ക്ഷാമത്തിന് പരിഹാരമാകയുള്ളൂ എന്ന് പ്രദേശ വാസികള്‍ ചൂട്ടിക്കാട്ടുന്നു. എടത്വ ജലഅതോറിറ്റി പൈപ്പ് ലൈന്‍ ചോര്‍ച്ച പരിഹരിച്ച് ശുദ്ധജലം എത്തിക്കാന്‍ വേണ്ട നടപടി അടിയന്തിരമായി സ്വീകരിക്കണമെന്ന് പ്രദേശവാസികള്‍ ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it