World

ജറുസലേമില്‍ നിന്നു ഫലസ്തീനികളെ പുറത്താക്കാന്‍ നെതന്യാഹു നീക്കം നടത്തുന്നു

ജറുസലേം: കിഴക്കന്‍ ജെറുസലേമില്‍ നിന്നു ഫലസ്തീനികളെ ഉന്‍മൂലനം ചെയ്യാന്‍ നെതന്യാഹു നീക്കം നടത്തുന്നതായി റിപോര്‍ട്ട്.
കിഴക്കന്‍ ജറുസലേമിലെ ഫലസ്തീന്‍ മുസ്‌ലിംകളുടെ ആയിരക്കണക്കിനു വീടുകള്‍ക്കുള്ള അനുമതി പിന്‍വലിക്കല്‍ നിര്‍ദേശത്തെ ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു അംഗീകരിച്ചതായി ഹീബ്രു ചാനല്‍ 2 റിപോര്‍ട്ട് ചെയ്തു.
നവംബറില്‍ നടന്ന പാര്‍ലമെന്റ് സമ്മേളനത്തില്‍ വളരെ ആവേശത്തോടെയാണ് നെതന്യാഹു നിര്‍ദേശം മുന്നോട്ടുവച്ചതെന്നും റിപോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. നിലവില്‍ ശുഫാത് അഭയാര്‍ഥി ക്യാംപില്‍ കഴിയുന്ന 2,30,000ഓളം ഫലസ്തീനികള്‍ക്കു കിഴക്കന്‍ ജറുസലേമില്‍ വീടു നിര്‍മിക്കാന്‍ അനുമതി ലഭിച്ചിരുന്നു. ഇതു പിന്‍വലിക്കാനാണ് നെതന്യാഹുവിന്റെ നീക്കം. കിഴക്കന്‍ ജറുസലേമിന്റെ മുനിസിപ്പല്‍ പരിധിക്കുള്ളില്‍ 3,50,000 ഫലസ്തീനികളും 2,00,000 ജൂതന്‍മാരും താമസിക്കുന്നുണ്ടെന്നാണ് ഫലസ്തീനിയന്‍ സെന്‍ട്രല്‍ ബ്യൂറോ ഓഫ് ഇന്‍വെസ്റ്റിഗേഷന്റെ കണക്ക്.
നെതന്യാഹുവിന്റെ പുതിയ നീക്കം, ഇസ്രായേല്‍ നിര്‍മിച്ച വിഭജനമതിലിനു പുറത്തു താമസിക്കുന്നവരെ മാത്രമല്ല ലക്ഷ്യംവയ്ക്കുന്നതെന്നു ഫലസ്തീന്‍ വക്താവ് കാഹില്‍ തുഫാക്ജി അഭിപ്രായപ്പെട്ടു. ജബല്‍ അല്‍ മുകാബിര്‍, അല്‍ ഇസ്സാവിയ, അല്‍ തൂര്‍, ശുഫാത് ബൈത്ത് ഹനൈന തുടങ്ങിയ അറബ് പ്രദേശങ്ങളെയും ലക്ഷ്യംവയ്ക്കുന്നതായും അദ്ദേഹം പറഞ്ഞു.
ജറുസലേമിലെ ഫലസ്തീനികളില്‍ 1,45,000ഓളം പേര്‍ വിഭജനമതിലിനു പുറത്തും 1,95,000 പേര്‍ മതിലിനകത്തും താമസിക്കുന്നതായാണ് ഫലസ്തീന്‍ അധികൃതരുടെ കണക്ക്. കിഴക്കന്‍ ജറുസലേമിനെ ജൂതമേഖലയാക്കി മാറ്റാനാണ് നെതന്യാഹുവിന്റെ ശ്രമമെന്നും തുഫാക്ജി കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it