Flash News

ജറുസലേം: ഇന്‍തിഫാദയ്ക്ക് ഹമാസിന്റെ ആഹ്വാനം

റാമല്ല: ജറുസലേം ഇസ്രായേലിന്റെ പുതിയ തലസ്ഥാനമായി യുഎസ് പ്രസിഡന്റ്് ഡോണള്‍ഡ് ട്രംപ് അംഗീകരിച്ചതിനെ തുടര്‍ന്ന് ഫലസ്തീനില്‍ പുതിയ ഇന്‍തിഫാദയ്ക്ക് ആഹ്വാനം ചെയ്ത് ഹമാസ്. യുഎസിന്റെ പിന്തുണയോടു കൂടിയുള്ള ഈ സയണിസ്റ്റ് പദ്ധതി പുതിയ ഇന്‍തിഫാദയിലൂടെയല്ലാതെ പ്രതിരോധിക്കാന്‍ കഴിയില്ലെന്ന് ഹമാസ് നേതാവ് ഇസ്മാഈല്‍ ഹനിയ്യ പറഞ്ഞു. യുഎസിന്റെ പ്രഖ്യാപനം ഫലസ്തീന്‍ ജനതയ്ക്കു മേലുള്ള അധിനിവേശവും യുദ്ധപ്രഖ്യാപനവുമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  യുഎസ് പ്രസിഡന്റിന്റെ തീരുമാനത്തില്‍ അറബ് രാഷ്ട്രങ്ങള്‍ക്കു പുറമെ ജര്‍മനി, ബ്രിട്ടന്‍, ഫ്രാന്‍സ് എന്നിവയും പ്രതിഷേധവുമായെത്തി. മേഖലയിലെ പ്രശ്‌നം ആളിക്കത്തിക്കുന്ന തീരുമാനമാണ് യുഎസിന്റേതെന്ന് ജര്‍മന്‍ വിദേശകാര്യമന്ത്രി സിഗ്മര്‍ ഗബ്രിയേല്‍ ചൂണ്ടിക്കാട്ടി. ഇസ്രായേലിന്റെയും ഫലസ്തീന്റെയും സംയുക്ത തലസ്ഥാനമായി ജറുസലേമിനെ കാണാനാണ് ബ്രിട്ടന്‍ താല്‍പര്യപ്പെടുന്നതെന്നും പ്രധാനമന്ത്രി തെരേസാ മേയ്  വ്യക്തമാക്കി. യുഎസ് തീരുമാനം പിന്‍വലിക്കണമെന്ന് ഫ്രാന്‍സ് പ്രസിഡന്റ് ഇമ്മാനുവല്‍ മാക്രോണ്‍ ആവശ്യപ്പെട്ടു. ഇക്കാര്യം ആവശ്യപ്പെട്ട ആദ്യ പാശ്ചാത്യനേതാവാണ് മാക്രോണ്‍. അതിനിടെ, ജറുസലേമില്‍ തല്‍സ്ഥിതി തുടരണമെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ ആവശ്യപ്പെട്ടു. മുസ്‌ലിംകള്‍ക്കും ജൂതന്മാര്‍ക്കും ക്രിസ്ത്യാനികള്‍ക്കും പാവനമായ ഭൂമിയാണ് ജറുസലേം. അതിന് ഭംഗം വരുത്തുന്ന നീക്കത്തില്‍ നിന്ന് പിന്‍മാറണം. മസ്ജിദുല്‍ അഖ്‌സയുടെ പവിത്രത നിലനിര്‍ത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. യുഎസ് പ്രസിഡന്റിന്റെ നീക്കം തികച്ചും പ്രകോപനപരമാണെന്ന് അറബ് മേഖലയിലെ അമേരിക്കയുടെ പ്രബല സൗഹൃദരാഷ്ട്രമായ സൗദിഅറേബ്യയുടെ ഭരണാധികാരി സല്‍മാന്‍ രാജാവ് കുറ്റപ്പെടുത്തി. തീരുമാനം ദുരന്തമാണെന്ന് ജോര്‍ദാന്‍ രാജാവ് അബ്ദുല്ല രണ്ടാമനും പ്രതികരിച്ചു. ജറുസലേം തലസ്ഥാനമായി പ്രഖ്യാപിക്കുന്നതിനു മുമ്പ് മേഖലയില്‍ സമാധാനം നിലനിര്‍ത്താനുള്ള നടപടികളാണ് കൈക്കൊള്ളേണ്ടിയിരുന്നതെന്ന് ഈജിപ്ത് പ്രസിഡന്റ് ഫതഹ് അല്‍സീസിയും പ്രതികരിച്ചു. അതേസമയം, വിഷയത്തില്‍ ട്രംപിനെ രൂക്ഷമായ ഭാഷയിലാണ് ഇറാന്‍ പരമോന്നത നേതാവ് ആയത്തുല്ല ഖാംനഇ കുറ്റപ്പെടുത്തിയത്. ട്രംപിന്റെ അജ്ഞതയും ഭരണരംഗത്തെ കഴിവില്ലായ്മയുമാണ് തീരുമാനത്തിലൂടെ വെളിപ്പെടുന്നതെന്ന് അദ്ദേഹം തുറന്നടിച്ചു. യുഎസ് നടത്തുന്നത് തീക്കളിയാണെന്ന് തുര്‍ക്കി ആരോപിച്ചു. തീരുമാനവുമായി മുന്നോട്ടുപോയാല്‍ യുഎസുമായുള്ള നയതന്ത്രബന്ധം വിച്ഛേദിക്കാന്‍ പോലും തങ്ങള്‍ തയ്യാറാവുമെന്നും തുര്‍ക്കി പ്രസിഡന്റ് റജബ് ത്വയ്യിബ് ഉര്‍ദുഗാന്‍ വ്യക്തമാക്കി.
Next Story

RELATED STORIES

Share it