Flash News

ജര്‍മന്‍ പട ജയിച്ച് തുടങ്ങി



പനാജി: അണ്ടര്‍ 17 ലോകകപ്പിലെ ആദ്യ മല്‍സരത്തില്‍ ജര്‍മന്‍ പടയ്ക്ക് ആവേശ ജയം. ഇഞ്ചോടിഞ്ച് പോരാട്ടം കണ്ട മല്‍സരത്തില്‍ കോസ്റ്ററിക്കയെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി മുട്ടുകുത്തിച്ചത്. യാന്‍ ഫിയേറ്റ, നോവ അവുക്കു എന്നിവര്‍ ജര്‍മനിക്കായി വലകുലുക്കിയപ്പോള്‍ ആന്ദ്രേ ഗോമസ് റോഡ്രിഗസാണ് കോസ്റ്റിക്കയുടെ ആശ്വാസ ഗോള്‍ നേടിയത്.        നിലവിലെ ലോക ചാംപ്യന്‍മാരുടെ യുവനിര പ്രൗഡിക്കൊത്ത പ്രകടനം തന്നെയാണ് കളിക്കളത്തില്‍ പുറത്തെടുത്തത്. കോസ്റ്റാറിക്കയുടെ 3-5-2 ശൈലിയ്‌ക്കെതിരെ 4-3-3 ശൈലിയില്‍ പ്രതിരോധിച്ച ജര്‍മനിയുടെ പോരാട്ടം 21ാം മിനിറ്റില്‍ ലക്ഷ്യം കണ്ടു. നിക്കോളാസ് ജെറിറ്റ് ക്യൂന്‍ വലത് വിങിലേക്ക് നീട്ടിനല്‍കിയ പാസിനെ യാന്‍ ഫിയേറ്റ മിന്നല്‍ ഷോട്ടിലൂടെ വലയിലാക്കുകയായിരുന്നു. കരുത്തോടെ മുന്നേറിയ ജര്‍മനിയെ ഞെട്ടിച്ച് 64ാം മിനിറ്റില്‍ ആന്ദ്രേ ഗോമസ് റോഡ്രിഗസ് കോസ്റ്റാറിക്കയ്ക്കായി വലകുലുക്കി. ജോഷ്വാ അബാര്‍ക്കയുടെ അസിസ്റ്റിലായിരുന്നു ഗോമസിന്റെ ഗോള്‍ നേട്ടം. മല്‍സരം 1-1 സമനിലയിലേക്കെത്തിയതോടെ കളിക്കളത്തില്‍ പോരാട്ടച്ചൂടേറി. കോസ്റ്റാറിക്ക ഗോള്‍മുഖത്ത് നിരന്തരം പന്തെത്തിച്ച ജര്‍മനിയുടെ കുതിപ്പ് 89ാം മിനിറ്റില്‍ ഫലം കണ്ടു.  ഇടത് വിങില്‍ നിന്ന് നീട്ടിയ ലഭിച്ച പാസിനെ പ്രതിരോധിച്ച കോസ്റ്റാറിക്ക താരത്തിന് പിഴച്ചപ്പോള്‍ നോവ അവുക്കു അനായാസം പന്ത് വലയിലെത്തിച്ചു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ ഗ്രൂപ്പ് സിയിലെ ആദ്യ മല്‍സരത്തില്‍ തകര്‍പ്പന്‍ ജയവും ജര്‍മനിക്കൊപ്പം നിന്നു.
Next Story

RELATED STORIES

Share it