Flash News

ജര്‍മന്‍ കപ്പ് ഫൈനല്‍ : ഡോര്‍ട്മുണ്ട് 2- ഫ്രാങ്ക്ഫര്‍ട്ട് 1



ബെര്‍ലിന്‍: ജര്‍മനിയില്‍ മൂന്നുതവണ കപ്പിനും ചുണ്ടിനുമിടയില്‍ നഷ്ടപ്പെട്ട കിരീടം ബൊറൂസിയ ഡോര്‍ട്്മുണ്ട് എത്തിപ്പിടിച്ചു. ഫ്രാങ്ക്ഫര്‍ട്ടിനെ 2-1ന് തകര്‍ത്താണ് ബൊറൂസിയ കിരീടം നേടിയത്. വാശിയേറിയ ഫൈനലില്‍ ഡെംപിളിന്റെയും ഒബെമയാങിന്റെയും ഗോളിലായിരുന്നു ബ്ലാക്ക് ആന്റ് യെല്ലോസിന്റെ ജയം. 2006ന് ശേഷം ആദ്യമായാണ് ഫ്രാങ്ക്ഫര്‍ട്ട് ഫൈനലില്‍ എത്തുന്നത്. കഴിഞ്ഞദിവസം ടാറ്റൂ വിവാദത്തില്‍ പുറത്തുപോയ വരേലയ്ക്ക് പകരം മെദോജെവിക്കെനെയാണ് ഫ്രാങ്ക്ഫര്‍ട്ട് കോച്ച് നീകൊ കോവാക് കളത്തിലിറക്കിയത്. മറുവശത്ത് ബുണ്ടസ് ലീഗയില്‍ ടോപ് സ്‌കോററായ പിയറെ എമെറിക് ഒബെമെയാങിനെയും മാര്‍കോ റോസിനെയും മുന്നേറ്റം ഏല്‍പിച്ചാണ് ഡോര്‍ട്മുണ്ട് ബൂട്ടണിഞ്ഞത്. തുടക്കത്തില്‍ തന്നെ ഇരുടീമുകളും അക്രമിച്ചു കളിച്ചു. ആദ്യം ഫലം കൊയ്തത് ബൊറൂസിയന്‍സ് ആയിരുന്നു. എട്ടാം മിനിറ്റില്‍ പിസ്‌ജെക്‌സിന്റെ ഷോട്ടില്‍ ഒസ്മാന്‍ ഡെംപിള്‍ അക്കൗണ്ട് തുറന്നു. വീണ്ടും ഗോള്‍ നേടാന്‍ ഉള്ള ഡോര്‍ട്ട്മുണ്ടിന്റെ ശ്രമങ്ങള്‍ ഫ്രാങ്ക്ഫര്‍ട്ടിന്റെ പ്രതിരോധനിര പരാജയപ്പെടുത്തി. 29ാം മിനിറ്റില്‍ സമനില തിരിച്ചുപിടിച്ച് ഫ്രാങ്ക്ഫര്‍ട്ട് സാധ്യത നിലനിര്‍ത്തുകയും ചെയ്തു. ഗാഷിനോവികിന്റെ അസിസ്റ്റില്‍ റെബികിന്റെ കണ്ടെത്തലായിരുന്നു ഗോള്‍. രണ്ടാംപകുതിയില്‍ തിരിച്ചുവരവ് നടത്താനുള്ള ഫ്രാങ്ക്ഫര്‍ട്ടിന്റെ ശ്രമങ്ങള്‍ അസ്ഥാനത്തായി. 67ാം മിനിറ്റില്‍ ഫ്രാങ്ക്ഫര്‍ട്ട് ഗോളി ലുക്കാസ് ഹ്രാഡ്‌കെയ് ക്രിസ്റ്റ്യന്‍ പുളിസികിനെ ബോക്‌സില്‍ വീഴ്ത്തിയപ്പോള്‍ ഡോര്‍ട്ട്മുണ്ടിന് പെനല്‍റ്റി ലഭിച്ചു. പെനല്‍റ്റി എടുത്ത ഒബെമെയാങിന് ലക്ഷ്യം പിഴച്ചില്ല. കളിയവസാനിക്കാന്‍ അഞ്ച് മിനുറ്റ് ബാക്കി നില്‍ക്കുമ്പോള്‍ വീണ്ടും അവസരം ലഭിച്ചെങ്കിലും  പോസ്റ്റില്‍ തട്ടി ഗോളകന്നു.
Next Story

RELATED STORIES

Share it