World

ജര്‍മനി: കഴിഞ്ഞ വര്‍ഷം 1000 മുസ്‌ലിംവിരുദ്ധ ആക്രമണങ്ങള്‍

ബെര്‍ലിന്‍: ജര്‍മനിയില്‍ കഴിഞ്ഞവര്‍ഷം ആയിരത്തോളം മുസ്‌ലിംവിരുദ്ധ വംശീയാതിക്രമക്കേസുകള്‍ രേഖപ്പെടുത്തിയതായി കണക്കുകള്‍. ഇതില്‍ മുസ്‌ലിംപള്ളികള്‍ക്കെതിരായ 60 ആക്രമണങ്ങളും ഉള്‍പ്പെടുന്നതായി ആഭ്യന്തരമന്ത്രാലയത്തില്‍ നിന്നുള്ള വിവരങ്ങള്‍ അധികരിച്ച് ജര്‍മനിയിലെ ന്യൂ ന്യൂസ്‌പേപ്പര്‍ ഓഫ് ഓസ്‌നാബുര്‍ക് ദിനപത്രം പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു.
മുസ്‌ലിംകള്‍ക്കെതിരായ വംശീയാതിക്രമവുമായി ബന്ധപ്പെട്ട് 950ലധികം കേസുകള്‍ പോലിസ് രജിസ്റ്റര്‍ ചെയ്തു. ആക്രമണങ്ങളില്‍ 33പേര്‍ക്ക് സാരമായി പരിക്കേറ്റതായി ആഭ്യന്തരമന്ത്രാലയം ഉദ്യോഗസ്ഥര്‍ അറിയിച്ചു. വലതുപക്ഷ അനുകൂലികളാണ് ഇതില്‍ ഭൂരിപക്ഷം അതിക്രമങ്ങളും നടത്തിയതെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
പോലിസ് കേസ് രജിസ്റ്റര്‍ ചെയ്ത ആക്രമണങ്ങളെക്കുറിച്ചു മാത്രമുള്ള വിവരങ്ങളാണ് പത്രം പുറത്തുവിട്ടത്. ആക്രമണങ്ങള്‍ക്കിരയായവര്‍ പരാതി നല്‍കാത്ത സംഭവങ്ങള്‍ കൂടി പരിഗണിച്ചാല്‍ കണക്കുകള്‍ വ്യത്യസ്തമാവുമെന്നു മനുഷ്യാവകാശ പ്രവര്‍ത്തകര്‍ പറഞ്ഞു. ജര്‍മനിയില്‍ തീവ്ര വലതുപക്ഷ സംഘടനകള്‍ക്കു സ്വാധീനം വര്‍ധിച്ചിരുന്നു. കഴിഞ്ഞ സപ്തംബറില്‍ നടന്ന തിരഞ്ഞെടുപ്പില്‍ തീവ്ര വലതു കക്ഷിയായ ആള്‍ട്ടര്‍നേറ്റീവ് ഫോര്‍ ജര്‍മനി (എഎഫ്ഡി) പാര്‍ട്ടി 13 ശതമാനം വോട്ട് നേടി.
Next Story

RELATED STORIES

Share it