ജര്‍മനിയില്‍ വംശീയ വിദ്വേഷം വര്‍ധിക്കുന്നു:ആംനസ്റ്റി

ബെര്‍ലിന്‍: രാജ്യത്ത് വര്‍ധിച്ചുവരുന്ന വംശീയ വിദ്വേഷ കുറ്റകൃത്യങ്ങള്‍ നിയന്ത്രിക്കുന്നതില്‍ ജര്‍മനി പരാജയപ്പെടുന്നതായി മനുഷ്യാവകാശ സംഘടന ആംനസ്റ്റി ഇന്റര്‍നാഷനല്‍. കുടിയേറ്റക്കാര്‍ക്കും അഭയാര്‍ഥികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ വര്‍ധിക്കുന്നതോടൊപ്പം ഭരണതലങ്ങളില്‍ സ്ഥാപനവല്‍ക്കരിക്കപ്പെട്ട വംശീയത ശക്തമായി നിലനില്‍ക്കുന്നതായും ആംനസ്റ്റി പുറത്തുവിട്ട റിപോര്‍ട്ടില്‍ പറയുന്നു. 10 ലക്ഷത്തിലധികം അഭയാര്‍ഥികളും കുടിയേറ്റക്കാരുമാണ് കഴിഞ്ഞ വര്‍ഷം ജര്‍മനിയിലെത്തിയത്. അഭയാര്‍ഥി പ്രവാഹം ഉണ്ടാകുന്നതിനു മുമ്പുതന്നെ വംശീയ അതിക്രമങ്ങള്‍ രാജ്യത്ത് വലിയ തോതില്‍ റിപോര്‍ട്ട് ചെയ്യപ്പെട്ടിരുന്നു. എന്നാല്‍, ഈ കേസുകളിലെല്ലാം കുറ്റക്കാര്‍ക്കെതിരേ നിയമനടപടികള്‍ സ്വീകരിക്കുന്നതില്‍ അധികൃതര്‍ പരാജയപ്പെട്ടതായി റിപോര്‍ട്ട് വ്യക്തമാക്കുന്നു. പുതു നാത്‌സി സംഘടനയായ നാഷനല്‍ സോഷ്യലിസ്റ്റ് അണ്ടര്‍ ഗ്രൗണ്ട് 2000ത്തിനും 2007നുമിടയ്ക്ക് ഒമ്പത് കുടിയേറ്റക്കാരെ കൊലപ്പെടുത്തിയതായി 2011ല്‍ വെളിപ്പെട്ടിരുന്നു. രണ്ടാം ലോകയുദ്ധത്തിനു ശേഷം ജര്‍മനിയില്‍ ഏറ്റവും കൂടുതല്‍ വംശീയ കുറ്റകൃത്യങ്ങള്‍ ഇപ്പോഴാണ് നടക്കുന്നതെന്ന് ആംനസ്റ്റി ബെര്‍ലിന്‍ ഡയറക്ടര്‍ സെല്‍മിന്‍ കാലിസ്‌കാന്‍ പറഞ്ഞു. അഭയാര്‍ഥി കേന്ദ്രങ്ങള്‍ക്കു നേരെയുള്ള ആക്രമണങ്ങളുടെ 1031 കേസുകളാണ് കഴിഞ്ഞ വര്‍ഷം ജര്‍മനിയില്‍ രജിസ്റ്റര്‍ ചെയ്തത്. 2014, 13 വര്‍ഷങ്ങളില്‍ ഇത് യഥാക്രമം 199ഉം 69മായിരുന്നു. 2016ന്റെ ആദ്യ പാദത്തില്‍ മാത്രം ഇത്തരം 347 കുറ്റകൃത്യങ്ങള്‍ നടന്നതായാണ് ഔദ്യോഗിക കണക്കുകള്‍. കഴിഞ്ഞ വര്‍ഷം മുതല്‍ രാജ്യത്ത് ഓരോ ആഴ്ചയും ശരാശരി അഞ്ചു കുടിയേറ്റവിരുദ്ധ റാലികള്‍ വീതം നടക്കുന്നതായും ആംനസ്റ്റി അറിയിച്ചു. അതേസമയം ആംനസ്റ്റി റിപോര്‍ട്ട് സംബന്ധിച്ച് അന്വേഷിക്കുമെന്ന് ജര്‍മനി നീതി കാര്യ മന്ത്രി ഹെയ്‌കോ മാസ്സ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it