ജയ്റ്റിലിക്കെതിരേ ആഞ്ഞടിച്ച് കീര്‍ത്തി ആസാദ്

ന്യൂഡല്‍ഹി: ഡല്‍ഹി ഡിസ്ട്രിക്റ്റ് ക്രിക്കറ്റ് അസോസിയേഷനുമായി (ഡിഡിസിഎ) ബന്ധപ്പെട്ട് താന്‍ ഉന്നയിച്ച അഴിമതി ആരോപണങ്ങളില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് ബിജെപി എംപി കീര്‍ത്തി ആസാദ്. കേന്ദ്രമന്ത്രി അരുണ്‍ ജയ്റ്റിലി അടക്കമുള്ളവര്‍ക്കെതിരേ ആരോപണമുന്നയിച്ചതിന്റെ പേരില്‍ ബിജെപിയില്‍നിന്ന് സസ്‌പെന്റ് ചെയ്യപ്പെട്ട കീര്‍ത്തി ആസാദിന് പാര്‍ട്ടി കാരണം കാണിക്കല്‍ നോട്ടീസ് നല്‍കിയിരുന്നു. നോട്ടീസിന് നല്‍കിയ മറുപടിയിലാണ് തന്റെ നിലപാടില്‍ ഉറച്ചുനില്‍ക്കുന്നതായി കീര്‍ത്തി ആസാദ് വ്യക്തമാക്കിയത്.
അതിനിടെ, ഡിഡിസിഎയിലെ അഴിമതികള്‍ തെളിയിക്കുന്ന വീഡിയോ ദൃശ്യങ്ങളും ആസാദ് പാര്‍ട്ടിക്കു കൈമാറി. ഡിഡിസിഎയുടെ അഴിമതിയെക്കുറിച്ച് കഴിഞ്ഞ ഒമ്പതു വര്‍ഷമായി താന്‍ ആരോപണം ഉന്നയിച്ചുവരികയാണ്. ബിജെപി ഒരിക്കല്‍പോലും അതിനെ വിലക്കിയിട്ടില്ല. താന്‍ മറ്റു ബിജെപി നേതാക്കള്‍ക്കെതിരേയൊന്നും ആരോപണം ഉന്നയിച്ചിട്ടില്ല. ക്രിക്കറ്റുമായി പാര്‍ട്ടിക്കു ബന്ധമില്ലെന്ന് പാര്‍ട്ടിയിലെ മൂന്ന് മുതിര്‍ന്ന നേതാക്കള്‍ക്കറിയാം. ഡിഡിസിഎയില്‍ അരുണ്‍ ജയ്റ്റിലിക്കുള്ള പങ്ക് തികച്ചും വ്യക്തിപരമാണ്. തന്റെയും മറ്റു ക്രിക്കറ്റ് കളിക്കാരുടെയും ആരോപണം ജയ്റ്റിലിയെയല്ലാതെ പാര്‍ട്ടിയിലെ മറ്റു ഭാരവാഹികളെയൊന്നും വേദനിപ്പിച്ചിട്ടില്ല.
അഴിമതി വിഷയം ബിജെപിയില്‍ ചര്‍ച്ച ചെയ്യണമെന്ന് നേതൃത്വത്തോട് ആവശ്യപ്പെട്ടെങ്കിലും തയ്യാറായില്ല. അതുകൊണ്ടുതന്നെ ഇതു പാര്‍ട്ടിയുമായി ബന്ധപ്പെട്ട വിഷയമല്ലെന്നാണു കരുതുന്നത്. പാര്‍ട്ടിയെ പരസ്യമായി കുറ്റപ്പെടുത്തുന്ന ഒരു നടപടിയും തന്റെ ഭാഗത്തു നിന്നുണ്ടായിട്ടില്ല. താന്‍ നടത്തിയ വാര്‍ത്താസമ്മേളനത്തി ല്‍ അരുണ്‍ ജയ്റ്റിലിയുടെ പേരുപോലും പറഞ്ഞിട്ടില്ല. വാര്‍ത്താസമ്മേളനത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെടുക മാത്രമാണ് ചെയ്തത്. കീര്‍ത്തി ആസാദ് വ്യക്തമാക്കി.
അച്ചടക്ക നടപടിയുടെ പരിച പിടിച്ച് ജയ്റ്റിലിക്ക് ഏറെക്കാലം സുരക്ഷിതനായി നില്‍ക്കാനാവില്ല. പാര്‍ട്ടിയുമായി ബന്ധമില്ലാത്ത ഒരു ആരോപണത്തി ല്‍ ഇടപെട്ടു സത്യം തെളിയിക്കാന്‍ ശ്രമിച്ചതിനു പുറത്താക്കിയത് എന്തിനാണെന്നു മനസ്സിലാവുന്നില്ലെന്നും കീര്‍ത്തി ആസാദ് മറുപടിയില്‍ പറയുന്നുണ്ട്. ബിജെപി അധ്യക്ഷന്‍ അമിത്ഷാ, പാര്‍ട്ടി ദേശീയ ജനറല്‍ സെക്രട്ടറി രാം ലാല്‍, അരുണ്‍ ജയ്റ്റ്‌ലി എന്നിവരെ ഉള്‍പ്പെടുത്തി ഒരു കൂടിക്കാഴ്ച തരപ്പെടുത്തിയാല്‍ ക്രിക്കറ്റ് അഴിമതി സംബന്ധിച്ച എല്ലാ വിവരങ്ങളും ഹാജരാക്കാമെന്നും ആസാദ് വ്യക്തമാക്കി.
Next Story

RELATED STORIES

Share it