Gulf

ജയില്‍ മോചിതര്‍ക്കും സമൂഹത്തില്‍ ഇടം വേണം: ഖത്തരി സംവിധായിക ആമിന

ദോഹ: ജീവിതത്തിലെ ഏതോ ദുര്‍ബല നിമിഷത്തില്‍ കൊലപാതകിയായി മാറേണ്ടി വരുന്ന ഒരാളെ പിന്നീട് അയാളുടെ ജീവിത കാലം മുഴുവന്‍ സമൂഹം കൊന്നു കൊണ്ടിരിക്കുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് യുവ ഖത്തരി സംവിധായിക ആമിന അഹമ്മദ് അല്‍ബലൂചി. ഒരു തവണ കുറ്റവാളിയായി ജയിലില്‍ അടക്കപ്പെട്ട് കഴിഞ്ഞാല്‍ അതോടെ അയാള്‍ സമൂഹത്തില്‍ ബഹിഷ്‌കൃതനാവുന്നു. ഇത്തരക്കാര്‍ നേരിടുന്ന വെല്ലുവിളികളെ പ്രശ്‌നവല്‍ക്കരിക്കുകയാണ് തന്റെ ദി ഇന്നസെന്റ് പ്രിസണര്‍ എന്ന ഡോക്യുമെന്ററിയെന്ന് ആമിന അഹമ്മദ് അല്‍ ബലൂചി പറഞ്ഞു. ഖുംറ ചലചിത്രമേളയ്ക്കിടെ നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അവര്‍.
ദോഹ ഫിലിം ഇന്‍സ്റ്റിറ്റിയൂട്ട് സംഘടിപ്പിക്കുന്ന രണ്ടാമത് ഖുംറ ഫിലിം ഫെസ്റ്റിവലില്‍ തിരഞ്ഞെടുത്തിരിക്കുന്ന 33 ചലച്ചിത്ര പദ്ധതികളിലൊന്നാണ് ദി ഇന്നസെന്റ് പ്രിസണര്‍. ഒരു സാമൂഹിക വിഷയം എന്ന നിലയിലാണ് താന്‍ ഈ ഡോക്യുമെന്ററിയെ സമീപിക്കുന്നതെന്ന് ആമിന പറഞ്ഞു. കുറ്റവാളിയാണെന്നതിന്റെ പേരില്‍ സമൂഹത്തില്‍ മാന്യമായൊരു ജീവിതം നിഷേധിക്കപ്പെടുന്നവരുടെ വ്യഥകളും അതിജീവനങ്ങളുമാണ് ഇതിലൂടെ ദൃശ്യവല്‍ക്കരിക്കുന്നത്.
തടവുപുള്ളിയായിരുന്നു എന്നതിന്റെ പേരില്‍ അയാള്‍ക്ക് പിന്നീട് ജീവിതമില്ല. സ്വപ്‌നം കാണാനോ സമൂഹത്തില്‍ ഇടപെടാനോ കഴിയുന്നില്ല. ഒരു ദാമ്പത്യജീവിതം പോലും നിഷേധിക്കപ്പെടുന്നു.
ജയിലുകളില്‍ കഴിയുന്നവരെക്കുറിച്ച് പുറംലോകത്തിന്റെ കാഴ്ചപ്പാട് വ്യത്യസ്തമാണ്. കത്താറയില്‍ കണ്ട എക്‌സിബിഷനാണ് ഇങ്ങനെയൊരു ഡോക്യുമെന്ററിക്ക് പ്രചോദനമായത്. അവിടെ കണ്ട് മനോഹരമായ അലങ്കാര വസ്തുക്കള്‍ തടവു പുള്ളികള്‍ നിര്‍മിച്ചതായിരുന്നു. തടവ് പുള്ളികള്‍ക്കിടയില്‍ നല്ല കഴിവുള്ളവരുണ്ട്. എന്നാല്‍, സമൂഹത്തില്‍ ബഹിഷ്‌കൃതരാവുന്ന അവര്‍ക്ക് ഈ കഴിവുകള്‍ പ്രകടിപ്പിക്കാനുള്ള അവസരം നിഷേധിക്കപ്പെടുന്നു. തടവുകാരുടെ പ്രശ്‌നങ്ങള്‍ മുഴുവന്‍ പരിഹരിക്കാന്‍ തന്നെക്കൊണ്ട് സാധിക്കില്ല. എന്നാല്‍, അത്തരക്കാരെയും ഉള്‍ക്കൊള്ളാന്‍ സമൂഹം തയ്യാറാവണമെന്ന ചെറിയൊരു അവബോധമെങ്കിലും സൃഷ്ടിക്കാനായാല്‍ തന്റെ ഡോക്യുമെന്ററി വിജയിച്ചുവെന്ന് ആമിന പറഞ്ഞു.
ഖത്തര്‍ യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിഎ ബിരുദം നേടിയിട്ടുള്ള ആമിനയുടെ ആദ്യ സംവിധാന സംരംഭം ദി പേള്‍ ഓഫ് ഖത്തര്‍സ് കണ്‍സേര്‍ട്ട്: അബ്ദുല്‍ റഹ്മാന്‍ അല്‍മന്നായിയാണ്(2013). തുടര്‍ന്ന് കഴിഞ്ഞവര്‍ഷം ടു മൈ മദര്‍ എന്ന പേരില്‍ ഡിഎഫ്‌ഐ സഹായത്തോടെ സിനിമ ചെയ്തിരുന്നു. അറബ് ലോകത്തെ വനിതകളുടെ വിദ്യാഭ്യാസത്തിന്റെ പ്രാധാന്യമാണ് ടു മൈ മദര്‍ എന്ന സിനിമ പറയുന്നത്. ഇത് സ്വന്തം മാതാവിന്റെ കഥ തന്നെയാണെന്ന് ആമിന പറഞ്ഞു. നാല്‍പ്പതാം വയസ്സിലാണ് മാതാവ് പഠിക്കാന്‍ തുടങ്ങിയത്. മികച്ച അനുഭവമായിരുന്നു ആ സിനിമ സമ്മാനിച്ചതെന്നും അവര്‍ പറഞ്ഞു.
ഹിന്ദി സിനിമകള്‍ ധാരാളമായി കാണാറുണ്ടെന്ന് നന്നായി ഹിന്ദി സംസാരിക്കുന്ന ആമിന പറഞ്ഞു. ഹിന്ദി സിനിമയോട് തനിക്ക് വലിയ താല്‍പര്യമുണ്ട്. സോനം കപൂര്‍ അഭിനയിച്ച നീരജയാണ് ഏറ്റവും ഒടുവില്‍ കണ്ട സിനിമ. അക്ഷയ്കുമാര്‍ അഭിനയിച്ച എയര്‍ലിഫ്റ്റും അടുത്ത് കണ്ടിരുന്നു. അക്ഷയ്കുമാറിന്റെ ഏറ്റവും മികച്ച അഭിനയം എയര്‍ലിഫ്റ്റിലാണെന്ന് ആമിന സാക്ഷ്യപ്പെടുത്തുന്നു.
Next Story

RELATED STORIES

Share it