ജയില്‍ ചാടിയ പ്രതി അറസ്റ്റില്‍

കാസര്‍കോട്: വീട്ടമ്മയെ കഴുത്തു മുറുക്കി കൊലപ്പെടുത്തി 17 പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ജീവപര്യന്തം തടവിനു ശിക്ഷിക്കപ്പെട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്നതിനിടയില്‍ ജയില്‍ ചാടിയ പ്രതിയെ കാസര്‍കോട്ട് അറസ്റ്റ് ചെയ്തു. കോട്ടയം വൈക്കം ആലത്തുംപടി തലയന്നൂര്‍ കൈതാഴത്ത് വീട്ടില്‍ പി അഭിലാഷാ(40)ണ് അറസ്റ്റിലായത്. ജില്ലാ പോലിസ് മേധാവി ഡോ. എ ശ്രീനിവാസിന്റെ നിര്‍ദേശപ്രകാരം സിഐ എം പി ആസാദ്, എസ്‌ഐ രഞ്ജിത്ത് രവീന്ദ്രന്‍, പ്രബേഷന്‍ എസ്‌ഐ നൗഫല്‍ എന്നിവരുടെ നേതൃത്വത്തിലാണ് അറസ്റ്റ് ചെയ്തത്.
2001 മെയ് ആറിനു മലപ്പുറം മഞ്ചേരി പാലക്കുന്നത്തെ ബീഫാത്തിമ(50)യെ കഴുത്തിനു തോര്‍ത്തുമുണ്ടു മുറുക്കി കൊലപ്പെടുത്തിയ ശേഷം 17 പവന്‍ സ്വര്‍ണ്ണാഭരണങ്ങള്‍ കവര്‍ന്ന കേസില്‍ അഭിലാഷിനെയും ഭാര്യ ശ്രീജയെയും ജീവപര്യന്തം തടവിനു ശിക്ഷിച്ചിരുന്നു. കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലാണ് ഇരുവരെയും പാര്‍പ്പിച്ചിരുന്നത്. 2007 ഒക്‌ടോബര്‍ 20ന് അഭിലാഷ് ജയില്‍ ചാടി. ശേഷം കെഎസ്ആര്‍ടിസി ബസ്സില്‍ കയറി കോഴിക്കോട്ടും പിന്നീട് ബംഗളൂരു, മുംബൈ, ചെന്നൈ എന്നിവിടങ്ങളില്‍ പലപേരുകളിലും വേഷങ്ങളിലും ചുറ്റിത്തിരിഞ്ഞ ശേഷമാണ് കാസര്‍കോട്ടെത്തിയത്. നഗരത്തിലെ ലോഡ്ജില്‍ താമസിച്ചുവരുന്നതിനിടെ കൈവശമുള്ള പണം തീര്‍ന്നതിനെ തുടര്‍ന്ന് മൊബൈല്‍ വില്‍ക്കാന്‍ വേണ്ടി ടൗണിലെ കടയില്‍ ചെന്നപ്പോള്‍ കടയുടമ രേഖ ആവശ്യപ്പെട്ടു. ആധാര്‍ കാര്‍ഡിലും ഐഡന്റിറ്റി കാര്‍ഡിലും വ്യത്യസ്ത പേരുകള്‍ കണ്ടതിനെ തുടര്‍ന്ന് സംശയം ഉടലെടുത്തു. തുടര്‍ന്ന് പോലിസിനെ വിളിച്ചുവരുത്തി പ്രതിയെ കൈമാറുകയായിരുന്നു. വിശദമായി ചോദ്യം ചെയ്തപ്പോഴാണ് ജയില്‍ ചാടിയ പ്രതിയാണെന്ന് വ്യക്തമായത്. പ്രതിയില്‍ നിന്ന് വ്യാജ തിരിച്ചറിയല്‍ കാര്‍ഡ്, ആധാര്‍കാര്‍ഡ്, കരാട്ടെ ബ്ലാക്ക് ബെല്‍റ്റ് സര്‍ട്ടിഫിക്കറ്റ്, രണ്ട് കത്തികള്‍, കയ്യുറ, മുഖംമൂടി എന്നിവ കണ്ടെടുത്തു. പ്രതിയെ കാസര്‍കോട് കോടതിയില്‍ ഹാജരാക്കിയ ശേഷം കണ്ണൂര്‍ പോലിസിന് കൈമാറി.
Next Story

RELATED STORIES

Share it