ജയില്‍വാസം ക്ഷണികം; നല്ല നാളുകള്‍ വരും: ആശാറാം ബാപ്പു

ജോധ്പൂര്‍: ബലാല്‍സംഗക്കേസില്‍ ജീവപര്യന്തം തടവനുഭവിക്കുന്ന ആള്‍ദൈവം ആശാറാം ബാപ്പുവിന്റെ ഫോണ്‍ സംഭാഷണം പുറത്തായി. തന്റെ ജയില്‍വാസം ക്ഷണികമാണെന്നും നല്ലനാളുകള്‍ വരുമെന്നുമാണ് അദ്ദേഹം ഫോണില്‍ പറയുന്നത്. വെള്ളിയാഴ്ച ജയിലധികൃതരുടെ അനുമതിയോടെയാണ് ടെലിഫോണില്‍ മറ്റൊരാളുമായി ആശാറാം സംസാരിച്ചത്. 15 മിനിറ്റ് ദൈര്‍ഘ്യമുള്ള സംഭാഷണം റെക്കോര്‍ഡ് ചെയ്തിരിക്കാമെന്ന് അധികൃതര്‍ പറഞ്ഞു. മാസത്തില്‍ 80 മിനിറ്റ് ടെലിഫോണില്‍ തടവുകാര്‍ക്ക് സംസാരിക്കാം. വെള്ളിയാഴ്ച വൈകീട്ട് ആറരയ്ക്ക് സബര്‍മതി ആശ്രമത്തിലെ ഒരു സദക്കുമായിട്ടാണ് ആശാറാം സംസാരിച്ചത്. സംഭാഷണം സമൂഹമാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്.
കേസിലെ വിധി വന്ന ദിവസം ശാന്തത പാലിച്ചതിനും ജോധ്പൂരിലേക്ക് വരാതിരുന്നതിനും അനുയായികള്‍ക്ക് നന്ദി അറിയിച്ചുകൊണ്ടാണ് സംഭാഷണം തുടങ്ങുന്നത്. തന്റെ ആശ്രമത്തെ അപകീര്‍ത്തിപ്പെടുത്തുന്നതിനും അതിന്റെ നിയന്ത്രണം ഏറ്റെടുക്കുന്നതിനും ചിലര്‍ പ്രചാരണം നടത്തുന്നുണ്ട്. അത്തരം പ്രകോപനങ്ങള്‍ക്ക് വശംവദരാവരുതെന്നും ആശ്രമത്തിന്റെ ലെറ്റര്‍ ഹെഡില്‍ പ്രസ്താവനകള്‍ പുറപ്പെടുവിക്കരുതെന്നും ആശാറാം പറയുന്നു. കേസില്‍ ശിക്ഷിക്കപ്പെട്ട കൂട്ടുപ്രതികളായ ശില്‍പി, ശരത്ചന്ദ്ര എന്നിവരുടെ മോചനത്തിനാണ് താന്‍ ശ്രമിക്കുക. സ്വന്തം കുട്ടികളെക്കുറിച്ച് ചിന്തിക്കേണ്ടത് രക്ഷിതാക്കളുടെ കടമയാണ്.
അവരുടെ മോചനത്തിന് കൂടുതല്‍ അഭിഭാഷകരുടെ ആവശ്യമുണ്ടെങ്കില്‍ പോലും അതു ചെയ്തിരിക്കും. അതിനു ശേഷം ബാപ്പു സ്വന്തം ജയില്‍മോചനത്തിനു ശ്രമിക്കും. കീഴ്‌ക്കോടതിക്ക് പിശക് സംഭവിച്ചുവെങ്കില്‍ മേല്‍ക്കോടതി ആ തെറ്റുകള്‍ തിരുത്തണം. സത്യത്തിന് മറയില്ല.
നുണയ്ക്ക് നില്‍ക്കാന്‍ കാലുകളുമില്ല. തനിക്കെതിരായ ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ല. നല്ല നാളുകള്‍ വരും- അദ്ദേഹം പറഞ്ഞു. ഫോണ്‍ സംഭാഷണത്തിന്റെ അവസാനം സദക്കിനോട് സംസാരിക്കാന്‍ ആശാറാം പറയുന്നുണ്ട്. ജയിലിനെക്കുറിച്ച് ആശങ്കപ്പെടേണ്ടതില്ലെന്നാണ് സദക് പറയുന്നത്. പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയെ ആശ്രമത്തിലേക്ക് വിളിച്ചുവരുത്തി ബലാല്‍സംഗം ചെയ്തതിനാണ് ആശാറാം ബാപ്പുവിന് കോടതി ജീവിതാവസാനം വരെ തടവുശിക്ഷ വിധിച്ചത്.
Next Story

RELATED STORIES

Share it