ജയില്‍വഴിയില്‍ വീണ്ടും പി ജയരാജന്‍; കൊലപാതകക്കേസില്‍ പ്രതിചേര്‍ക്കപ്പെടുന്നത് രണ്ടാം തവണ

ഹനീഫ എടക്കാട്

കണ്ണൂര്‍: സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജന്‍ വീണ്ടും ജയില്‍ വഴിയില്‍. കൊലപാതകക്കേസില്‍ ജയരാജന്‍ പ്രതിചേര്‍ക്കപ്പെടുന്നത് ഇതു രണ്ടാം തവണയാണ്. എംഎസ്എഫ് തളിപ്പറമ്പ് മണ്ഡലം ഖജാഞ്ചി അരിയില്‍ അബ്ദുല്‍ ഷുക്കൂറിനെ 2012 ഫെബ്രുവരി 20ന് കൊലപ്പെടുത്തിയ കേസില്‍ 38ാം പ്രതിയായ ജയരാജന്‍ 2012 ആഗസ്ത് ഒന്നിനായിരുന്നു അറസ്റ്റിലായത്. തുടര്‍ന്ന് 27 ദിവസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ കിടന്നിട്ടുണ്ട്. ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം അന്നത്തെ ജില്ലാ പോലിസ് മേധാവിയായിരുന്ന രാഹുല്‍ ആര്‍ നായരായിരുന്നു ജയരാജനെ അറസ്റ്റ് ചെയ്തത്.
ആര്‍എസ്എസ് ജില്ലാ ശിക്ഷണ്‍ പ്രമുഖ് ഇളന്തോട്ടത്തില്‍ മനോജിനെ ബോംബെറിഞ്ഞ ശേഷം വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ സിബിഐ 25ാം പ്രതിയായാണ് ജയരാജനെതിരേ കേസെടുത്തിട്ടുള്ളത്. മുന്‍കൂര്‍ ജാമ്യാപേക്ഷ സെഷന്‍സ് കോടതി തള്ളിയ സാഹചര്യത്തില്‍ പി ജയരാജനെ അറസ്റ്റ് ചെയ്യുന്നതിന് സിബിഐക്ക് സമയത്തിന്റെ തടസ്സം മാത്രമേയുള്ളൂ. എന്നാല്‍, തിടുക്കപ്പെട്ട് ഒരു നിലപാടെടുക്കാതെ ജയരാജന് സ്വമേധയാ കീഴടങ്ങുന്നതിനുള്ള നിലമൊരുക്കുകയാവും സിബിഐ ചെയ്യുകയെന്നറിയുന്നു.
നിയമവിരുദ്ധ പ്രവൃത്തി തടയല്‍ (യുഎപിഎ) നിയമം ചുമത്തിയതിനാല്‍, മേല്‍ക്കോടതിയില്‍നിന്നു ജാമ്യം ലഭിക്കുക ദുഷ്‌കരമായിരിക്കും. മേല്‍ക്കോടതിയും ജാമ്യാപേക്ഷ തള്ളിയാല്‍ സ്വാഭാവികമായും ജയരാജന് കോടതിമുമ്പാകെയോ സിബിഐ മുമ്പാകെയോ കീഴടങ്ങേണ്ടിവരുമെന്നുറപ്പാണ്. പൊതുപ്രവര്‍ത്തകന്‍ എന്ന നിലയില്‍ ഒളിവില്‍ കഴിയാന്‍ ജയരാജന്‍ തുനിയില്ലെന്നാണ് സിബിഐ കണക്കുകൂട്ടുന്നത്. പാര്‍ട്ടി നിയന്ത്രണത്തിലുള്ള എകെജി സഹകരണ ആശുപത്രിയില്‍ ഇപ്പോള്‍ തീവ്രപരിചരണ വിഭാഗത്തില്‍ കഴിയുകയാണ് ജയരാജന്‍. ഇവിടെയെത്തി അറസ്റ്റ് ചെയ്തു കൊണ്ടുപോവാന്‍ സിബിഐ തയ്യാറാവില്ല. പ്രത്യേകിച്ച് ഹൃദ്രോഗമടക്കം ഏറെ ശാരീരിക വിഷമതകള്‍ അനുവഭിക്കുന്നയാളെന്ന നിലയില്‍ ബലപ്രയോഗത്തിന് സിബിഐ മുതിരില്ല. സ്വമേധയാ കീഴടങ്ങുകയാണെങ്കില്‍ അക്രമ സംഭവങ്ങള്‍ അരങ്ങേറുന്നത് തടയാനുമാവുമെന്ന കണക്കുകൂട്ടലും സിബിഐ—ക്കുണ്ട്.
ഷുക്കൂര്‍വധത്തില്‍ പി ജയരാജനെ അറസ്റ്റ് ചെയ്തപ്പോള്‍ ജില്ലയില്‍ പരക്കെ അക്രമം നടന്നിരുന്നു. കോണ്‍ഗ്രസ്-ലീഗ് ഓഫിസുകള്‍ വ്യാപകമായി തകര്‍ക്കപ്പെട്ടു. നിരവധി പോലിസ് സ്‌റ്റേഷനുകളും അതിക്രമത്തിനിരയായി.
മനോജ് വധക്കേസില്‍ ഒരു തവണയാണ് ജയരാജന്‍ സിബിഐ മുമ്പാകെ ഹാജരായി മൊഴിനല്‍കിയത്. തുടര്‍ന്ന് രണ്ടുതവണ കൂടി സിബിഐ നോട്ടീസ് നല്‍കിയെങ്കിലും ജയരാജന്‍ ഹാജരായില്ല.
ചോദ്യം ചെയ്യാന്‍ വിളിപ്പിച്ച ശേഷം സിബിഐ അറസ്റ്റ് രേഖപ്പെടുത്തുമെന്ന് മുന്‍കൂട്ടി കണ്ടാണ് ചോദ്യം ചെയ്യാന്‍ ഹാജരാവാതെ ഒഴിഞ്ഞുമാറിയത്. മുമ്പ്, ഷുക്കൂര്‍വധക്കേസിലും മുന്നാംതവണ ചോദ്യം ചെയ്യലിന് ഹാജരായപ്പോഴായിരുന്നു ജയരാജനെ പോലിസ് അറസ്റ്റ് ചെയ്തത്. ഈയൊരു ദുരനുഭവം മുന്നിലുള്ളതു കൊണ്ടാണ് സിബിഐയുടെ നോട്ടീസ് ജയരാജന്‍ അവഗണിച്ചത്. ഇതിനു പിന്നാലെയാണ് സിബിഐ ജയരാജനെ പ്രതിചേര്‍ത്ത് സെഷന്‍സ് കോടതിയില്‍ റിപോര്‍ട്ട് നല്‍കിയത്.
Next Story

RELATED STORIES

Share it