wayanad local

ജയില്‍മോചിതനായ സുകുമാരന്‍ ബാങ്കിന് നോട്ടീസ് അയച്ചു

ഇരുളം: വായ്പാ കുടിശ്ശികയുടെ പേരില്‍ ജയില്‍ശിക്ഷ അനുഭവിച്ച ഇരുളം കുതയാനിക്കല്‍ സുകുമാരന്‍ ഈടായി പണയപ്പെടുത്തിയ ഭൂമിയുടെ ആധാരം തിരികെ നല്‍കണമെന്നാവശ്യപ്പെട്ട് ഇരുളം ഗ്രാമീണ്‍ ബാങ്ക് മാനേജര്‍ക്ക് നോട്ടീസ് അയച്ചു.
കുടിശ്ശിക അടയ്ക്കത്തതിന്റെ പേരില്‍ കോടതി വിധി പ്രകാരം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ 15 ദിവസത്തെ ശിക്ഷ അനുഭവിച്ചതിനു ശേഷമാണ് സുകുമാരന്‍ നിയമനടപടിക്കൊരുങ്ങിയത്.
90,000 രൂപയായിരുന്നു സുകുമാരന്‍ ബാങ്കില്‍ നിന്നു വായ്പയെടുത്തത്. പലിശയും മറ്റ് ചെലവുമടക്കം അഞ്ചു ലക്ഷത്തിലധികം രൂപ തിരികെ നല്‍കണമെന്നാവശ്യപ്പെട്ടായിരുന്നു സുകുമാരനെതിരേ ബാങ്ക് കോടതിയെ സമീപിച്ചത്. ആ തുക മുഴുവനും അടയ്ക്കാന്‍ കഴിയില്ലെന്നും ഒന്നര ലക്ഷം രൂപ താന്‍ തിരികെ അടയ്ക്കാമെന്നും സുകുമാരന്‍ ബാങ്ക് അധികൃതരോട് പറഞ്ഞിരുന്നു. എന്നാല്‍ ബാങ്ക് അധികൃതര്‍ അതിന് സമ്മതിച്ചില്ല. തുടര്‍ന്ന് കോടതി സുകുമാരനെ 15 ദിവസത്തേക്ക് ശിക്ഷിക്കുകയായിരുന്നു.
ശിക്ഷ അനുഭവിച്ചതിന്റെ പേരില്‍ തന്റെ ബാധ്യത ഒഴിവാക്കി തനിക്ക് ആധാരം തിരികെ നല്‍കണമെന്നാണ് സുകുമാരന്റെ വാദം. എന്നാല്‍ തങ്ങള്‍ക്ക് ലഭിക്കാനുള്ള തുക ലഭിക്കാതെ ബാധ്യത ഒഴിവാക്കാനും ആധാരം തിരികെ നല്‍കാനും കഴിയില്ലെന്നാണ് ബാങ്ക് അധികൃതരുടെ നിലപാട്. ഇക്കാര്യത്തില്‍ ഇനി കോടതിയാണ് അന്തിമതീരുമാനം എടുക്കേണ്ടത്.
സംഭവത്തിന്റെ നിയമവശങ്ങളെക്കുറിച്ച് പഠിക്കുകയാണ് ജില്ലയിലെ കര്‍ഷക സംഘടനകളും ഇരുളത്ത് രൂപീകരിച്ചിട്ടുള്ള ആക്ഷന്‍ കമ്മറ്റിയും. പണം അടയ്ക്കാത്തതിന്റെ പേരില്‍ സുകുമാരനെ ജയിലില്‍ അടയ്ക്കണമെന്നും അതിനിടയില്‍ ആരെങ്കിലും സുകുമാരന്റെ ബാധ്യത ഏറ്റെടുത്ത് അവസാനിപ്പിക്കുമെന്നുമാണ് ബാങ്ക് അധികൃതര്‍ കരുതിയത്.
എന്നാല്‍ സുകുമാരന് വേണ്ടി പണമടയ്ക്കാന്‍ ആരും തയാറായില്ല.
ഇതോടെ ബാങ്ക് അധികൃതര്‍ വെട്ടിലായിരിക്കുകയാണ്. ശിക്ഷ പരിഗണിച്ച് ലക്ഷങ്ങളുടെ ബാധ്യത ഒഴിവായികിട്ടിയാല്‍ 15 ദിവസം ജയിലില്‍ കിടക്കാന്‍ താറായി വയനാട്ടില്‍ ആയിരകണക്കിന് കര്‍ഷകര്‍ രംഗത്ത് വരുന്നുണ്ട്. അതുകൊണ്ട് തന്നെ കര്‍ഷകര്‍ക്ക് എതിരെ ഇനി ഒരു ബാങ്കും കോടതിയെ സമീപിക്കില്ലെന്നാണ് കര്‍ഷക സംഘടനകളുടെ കരുതുന്നത്. എന്നാല്‍ ബാധ്യത ഒഴിവാക്കി കൊടുത്തില്ലെങ്കില്‍ ജില്ലയില്‍ ആയിരക്കണക്കിന് കര്‍ഷകര്‍ ഇനിയും ജയിലില്‍ പോകേണ്ടി വരും.
Next Story

RELATED STORIES

Share it