Flash News

ജയിലുകള്‍ പരിഷ്‌കൃത സമൂഹത്തിന് ചേര്‍ന്നതാവണം: മുഖ്യമന്ത്രി



തിരുവനന്തപുരം: പരിഷ്‌കൃത സമൂഹത്തിനു ചേര്‍ന്നതാവണം ജയിലുകളെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജയിലുകളുടെ പ്രവര്‍ത്തന അവലോകന യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തടവുകാരുടെ അവകാശങ്ങള്‍ സംരക്ഷിക്കപ്പെടണം. ജയിലുകളില്‍ ഉള്‍ക്കൊള്ളാന്‍ കഴിയുന്നതിലധികം തടവുകാരുണ്ടെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഗുരുതരമായ രോഗം ബാധിച്ചവര്‍ക്ക് ആവശ്യമായ ചികില്‍സാ സൗകര്യം ഏര്‍പ്പെടുത്തേണ്ടതുണ്ട്. കാലാനുസൃതമായ മാറ്റം ജയിലുകളില്‍ വന്നിട്ടില്ല. 5000ത്തോളം വിചാരണാ തടവുകാര്‍ ഉണ്ടെന്നാണു കണക്ക്. ഉദ്യോഗസ്ഥര്‍ ജയില്‍ ചട്ടങ്ങള്‍ ശരിയായ വിധം മനസ്സിലാക്കി പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രദ്ധപുലര്‍ത്തണമെന്നു മുഖ്യമന്ത്രി പറഞ്ഞു. ഹൈക്കോടതിയിലുള്ള കേസുകളില്‍ സത്യവാങ്മൂലം കൃത്യസമയത്തു നല്‍കണം. തടവുകാരുടെ ഭാഗത്തു നിന്ന് ജയില്‍ ഉപദേശക സമിതി കാര്യങ്ങള്‍ ആലോചിക്കണം.  മലമ്പുഴ, മുട്ടം, തവന്നൂര്‍ എന്നിവിടങ്ങളില്‍ പുതിയ ജയിലുകള്‍ പണി പൂര്‍ത്തിയായെങ്കിലും പ്രവര്‍ത്തനമാരംഭിച്ചിട്ടില്ല. അത് ഉടന്‍ ആരംഭിക്കേണ്ടതുണ്ട്. ജയിലുകളില്‍ മാനസിക സംഘര്‍ഷങ്ങള്‍ അനുഭവിക്കുന്നവര്‍ കൂടിവരുന്നതിനാല്‍ സെന്‍ട്രല്‍ ജയിലുകളില്‍ നിശ്ചിത ദിവസങ്ങളില്‍ സൈക്യാട്രിസ്റ്റിന്റെ സേവനം ഉറപ്പുവരുത്തണം. ജയിലുകളില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം വ്യാപിപ്പിക്കണം. ജയില്‍ സുരക്ഷയെ ബാധിക്കാത്തവിധം ജയിലില്‍ സോളാര്‍ വൈദ്യുതി ഉല്‍പാദിപ്പിക്കുന്ന കാര്യം ആലോചിക്കാവുന്നതാണെന്നും മുഖ്യമന്ത്രി പറഞ്ഞു. ആഭ്യന്തര അഡീഷനല്‍ ചീഫ് സെക്രട്ടറി സുബ്രതോ ബിശ്വാസ്, മുഖ്യമന്ത്രിയുടെ ചീഫ് പ്രി ന്‍സിപ്പല്‍ സെക്രട്ടറി നളിനി നെറ്റോ, ജയില്‍ ഡിജിപി ആര്‍ ശ്രീലേഖ യോഗത്തില്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it