ജയിലില്‍ കഴിയുന്ന 85 കാരനുവേണ്ടി ഭാര്യയുടെ അപേക്ഷ; മരണത്തിലെങ്കിലും കൂടെയിരിക്കാന്‍ അനുവദിക്കില്ലേ...

ന്യൂഡല്‍ഹി: ഒന്നിച്ച് ജീവിതം ഇനിയില്ല, എന്നാല്‍ മരണത്തിലെങ്കിലും കൂടെയിരിക്കാന്‍ അനുവദിക്കണമെന്ന് ഹബീബ് അഹ്മദ് ഖാന്റെ ഭാര്യ ഖൈസര്‍ ജഹാന്‍. ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട് ജയ്പൂര്‍ ജയിലില്‍ക്കഴിയുന്ന ഹബീബ് അഹ്മദ് ഖാന് 85 വയസ്സ് പ്രായമുണ്ട്. കണ്ണുകാണില്ല, ചെവിയും കേള്‍ക്കില്ല, ഹൃദയസംബന്ധിയായ രോഗങ്ങള്‍ വേറെയും. ഒന്നനങ്ങാന്‍ പരസഹായം വേണം.
അറസ്റ്റിലായി 23 വര്‍ഷങ്ങള്‍ക്കു ശേഷം കഴിഞ്ഞ വാരമാണ് ഹബീബ് അഹ്മദ് ഖാന്റെ ജീവപര്യന്തം തടവ് സുപ്രിംകോടതിയും ശരിവച്ചത്. ഭീകരാക്രമണക്കേസില്‍ ശിക്ഷിക്കപ്പെട്ട ഏറ്റവും പ്രായം കൂടിയ വ്യക്തിയാണ് ഹബീബ് അഹ്മദ് ഖാന്‍. റായ്ബറേലിയിലെ വീട്ടില്‍ താമസിക്കുന്ന ഖൈസര്‍ ജഹാന് 75 വയസ്സ് പ്രായമുണ്ട്. വര്‍ഷങ്ങള്‍ക്കു മുമ്പ് കാല്‍മുട്ടുകള്‍ പൊട്ടിയ ഖൈസര്‍ ജഹാന്‍ അന്നു മുതല്‍ കിടപ്പിലാണ്. മരണമല്ലാതെ ഞങ്ങള്‍ക്ക് ഇനിയെന്താണ് പ്രതീക്ഷിക്കാനുള്ളതെന്ന് ഖൈസര്‍ ചോദിക്കുന്നു. ഈ വീട്ടില്‍ക്കിടന്ന് മരിക്കാന്‍ അദ്ദേഹത്തെ അനുവദിക്കണം. ഖൈസര്‍ അഭ്യര്‍ഥിക്കുന്നു.
തീവണ്ടിയില്‍ നടന്ന സ്‌ഫോടനവുമായി ബന്ധപ്പെട്ട് 1994 ജനുവരി 14നാണ് ഖാന്‍ ടാഡ പ്രകാരം അറസ്റ്റിലാവുന്നത്. സ്‌ഫോടനത്തില്‍ രണ്ടുപേര്‍ കൊല്ലപ്പെടുകയും എട്ടു പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. ബാബരി മസ്ജിദ് തകര്‍ത്തതിന്റെ പ്രതികാരമായിരുന്നു സ്‌ഫോടനമെന്നായിരുന്നു സിബിഐ കേസ്. 16 പേര്‍ക്കെതിരേ കുറ്റം ചുമത്തി. 1993 സപ്തംബറില്‍ ഒരു യോഗത്തില്‍ പങ്കെടുത്തതായി ഖാന്‍ കുറ്റസമ്മതം നടത്തി. ഈ യോഗത്തില്‍ ബാബരി തകര്‍ത്തതിന് പ്രതികാരം ചെയ്യണമെന്ന നിര്‍ദേശം ഉയര്‍ന്നുവന്നെങ്കിലും നിരപരാധികള്‍ കൊല്ലപ്പെടുമെന്നതിനാല്‍ താനും യോഗത്തില്‍ പങ്കെടുത്ത മറ്റു ചിലരും അതിനോട് യോജിച്ചില്ലെന്ന് ഖാന്‍ കുറ്റസമ്മതത്തില്‍ പറയുന്നു. ആക്രമണത്തിന്റെ ആസൂത്രകനെന്ന് കരുതപ്പെടുന്ന മുംബൈയിലെ ജലീല്‍ അന്‍സാരി ഖാന് 3000 രൂപ അയച്ചു കൊടുക്കുകയും ആ തുക കേസിലെ മറ്റൊരു പ്രതിക്ക് ഖാന്‍ കൈമാറുകയും ചെയ്തു എന്നതാണ് ഖാനെതിരായ ഏക തെളിവ്.
ഈ തുക തന്റെ സഹോദരിയുടെ വിവാഹത്തിന് അയച്ചു തന്നതാണെന്ന് ഖാന്റെ മകന്‍ മുഹമ്മദ് ആസിഫ് പറയുന്നു. തന്നെ കസ്റ്റഡിയില്‍ പോലിസ് ക്രൂരമായി മര്‍ദ്ദിച്ചതായും ചില കടലാസുകളില്‍ ഒപ്പിടുവിച്ചതായും കുറ്റസമ്മതത്തില്‍ ഖാന്‍ വ്യക്തമാക്കിയിരുന്നു. ജയിലില്‍ പ്രവേശിപ്പിക്കുമ്പോള്‍ തന്നെ ഖാന് ഹൃദ്രോഗമുണ്ടായിരുന്നു. രക്തസമ്മര്‍ദ്ദമുണ്ടായിരുന്നതിനാല്‍ വൈകാതെ കണ്ണിന്റെ കാഴ്ച പോയി. ജയിലില്‍ വച്ച് കണ്ണിന് ഓപറേഷന്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല. 1995 ആഗസ്തില്‍ ഖാന് കോടതി ജാമ്യം അനുവദിച്ചെങ്കിലും 1999ല്‍ ഖാനെ വീണ്ടും അറസറ്റ് ചെയ്തു. 2004 ഫെബ്രുവരിയില്‍ അജ്മീര്‍ ടാഡ കോടതി ഇദ്ദേഹത്തെ ജീവപര്യന്തം ശിക്ഷിച്ചു. ഈ ശിക്ഷ 2016 മെയ് 11ന് സുപ്രിംകോടതി ശരിവയ്ക്കുകയും ചെയ്തു. ഇതോടെ നിരപരാധിത്വം തെളിയിക്കാമെന്ന പ്രതീക്ഷ എന്നന്നേക്കുമായി ഇല്ലാതായി. ഇനി റിവ്യൂ ഹരജി നല്‍കുകയോ രാഷ്ട്രപതിക്ക് ദയാഹരജി നല്‍കുകയോ ആണ് വഴിയുള്ളത്.
എസ്പിക്ക് ഒന്നു കാണണമെന്ന് പറഞ്ഞാണ് പോലിസ് 1994 ജനുവരിയില്‍ ഖാനെ വിളിച്ചുകൊണ്ടു പോയതെന്ന് ഖൈസര്‍ പറയുന്നു. വൈകുന്നേരത്തോടെ തിരിച്ചെത്തുമെന്ന് കരുതി. 59 വര്‍ഷമായി വിവാഹം കഴിഞ്ഞിട്ട്. ജീവിതത്തിന്റെ അവസാന നിമിഷങ്ങളിലെങ്കിലും ഒന്നിച്ചു കഴിയണമെന്നുണ്ട്. ഖൈസര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it