ജയിലിലേക്കു കൊണ്ടുപോവുന്നതിനിടെ വിലങ്ങുമായി രക്ഷപ്പെട്ട പ്രതി പിടിയില്‍

ചെങ്ങന്നൂര്‍: കോടതിയില്‍ ഹാജരാക്കിയ ശേഷം ജയിലിലേക്കു കൊണ്ടുപോവുന്നതിനിടെ പോലിസിനെ വെട്ടിച്ച് വിലങ്ങുമായി രക്ഷപ്പെട്ട പ്രതിയെ പോലിസ് പിടികൂടി. ബൈക്ക് മോഷണവും ക്ഷേത്രക്കവര്‍ച്ചയും പതിവാക്കിയ മുളക്കുഴ തലക്കുളഞ്ഞിയില്‍ വീട്ടില്‍ സുരേഷി (മക്കു 20)നെ യാണ് ഇന്നലെ വൈകീട്ട് ആറുമണിയോടെ എസ്‌ഐ പി രാജേഷിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്.
മോഷണക്കേസുകളില്‍ പിടിക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലിലായിരുന്ന ഇയാളെ കേസിന്റെ വിചാരണയ്ക്കായി അഞ്ചിന് ചെങ്ങന്നൂര്‍ കോടതിയില്‍ ഹാജരാക്കി മടങ്ങവേ ചെങ്ങന്നൂര്‍ റെയില്‍വേ സ്‌റ്റേഷനില്‍വച്ചാണ് ഇയാള്‍ രക്ഷപെട്ടത്. സുരേഷുമായി വന്ന തിരുവനന്തപുരം എആര്‍ ക്യാംപിലെ രണ്ട് പോലിസുകാര്‍ ട്രെയിന്‍ കാത്തിരിക്കുമ്പോള്‍ കടന്നുവന്ന ട്രെയിനിന് മുന്നിലൂടെ പ്രതി വിലങ്ങുമായി പാളം മുറിച്ച് ഓടിരക്ഷപ്പെടുകയായിരുന്നു.
പോലിസുകാര്‍ പിന്നാലെ ഓടിയെങ്കിലും പ്രതിയെ അന്നു പിടികൂടുവാന്‍ സാധിച്ചില്ല. തുടര്‍ന്ന് ചെങ്ങന്നൂരിലും പരിസരപ്രദേശങ്ങളിലും പോലിസ് അന്വേഷണം ഊര്‍ജിതമാക്കി. കഴിഞ്ഞ മൂന്നു ദിവസങ്ങളയി പ്രതി രാത്രികാലങ്ങളില്‍ കൊഴുല്ലൂരിലെ ആളൊഴിഞ്ഞ വീടിന്റെ മുകളില്‍ താമസിക്കുന്നുണ്ടെന്ന രഹസ്യവിവരത്തെ തുടര്‍ന്ന് ആ പ്രദേശം പോലിസിന്റെ നിരീക്ഷണത്തിലായിരുന്നു. ഇന്നലെ വൈകീട്ട് ആറുമണിയോടെ ഈ വീടിനു സമീപമുള്ള വാഴത്തോപ്പിലെ ഷെഡ്ഡില്‍ നിന്ന് ഇയാളെ പിടികൂടുകയായിരുന്നു. പോലിസിനെ വെട്ടിച്ച് കടന്ന പ്രതി ചെങ്ങന്നൂരില്‍ നിന്ന് ബൈക്ക് മോഷ്ടിച്ച് തിരുവല്ലയിലേക്കു കടന്നു. പിന്നീട് ജയിലില്‍ വച്ച് പരിചയപ്പെട്ട സുഹൃത്തുമൊന്നിച്ച് തിരുവല്ലയിലെ ഒരു വീട്ടില്‍ നിന്ന് പതിമൂന്നര പവന്‍ സ്വര്‍ണാഭരണങ്ങള്‍ മോഷ്ടിച്ചു. പിന്നീട് ആറ് ബൈക്കുകളും ഇയാള്‍ മോഷ്ടിച്ചു. ഇവയെല്ലാം പല സ്ഥലങ്ങളില്‍ ഉപേക്ഷിച്ചനിലയില്‍ പോലിസ് കണ്ടെടുത്തിട്ടുണ്ട്.
ആക്രിക്കട മോഷണം, ബൈക്ക് മോഷണം, വിവിധ ക്ഷേത്രങ്ങളിലെ മോഷണം അടക്കം ആറ് കേസുകള്‍ ഇയാള്‍ക്കെതിരെ ഉണ്ട്. 2015 മാര്‍ച്ച് 26ന്കാരയ്ക്കാട് കൊയ്ത്തുയന്ത്രവുമായി വന്ന കുട്ടനാട് സ്വദേശിയുടെ ബൈക്ക് മോഷ്ടിച്ച് അതിവേഗം പോവുമ്പോള്‍ അതിടിച്ച് കാരയ്ക്കാട് കല്ലുംപുറത്ത് ശിവരാമന്‍ മരിച്ച സംഭവത്തിലും ഇയാള്‍ പ്രതിയാണ്. എസ്‌ഐ ഡി വര്‍ഗീസ്, സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്‌ഐ സുരേഷ്‌കുമാര്‍, സിപിഒ മാരായ രാജേഷ്, സുനില്‍, ഷൈബു തുടങ്ങിയവര്‍ അന്വേഷണസംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it