ജയിലിലെ മര്‍ദ്ദനം മനുഷ്യാവകാശലംഘനമെന്ന് അന്വേഷണ കമ്മീഷന്‍

ന്യൂഡല്‍ഹി: തിഹാര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയുന്ന 18 തടവുകാര്‍ക്ക് ക്രൂരമര്‍ദനം. നവംബര്‍ 21നു രാത്രിയാണ് തമിഴ്‌നാട് സ്‌പെഷ്യല്‍ പോലിസ് (ടിഎസ്പി), ദ്രുതകര്‍മസേന (ക്യുആര്‍ടി) എന്നിവയിലെ അംഗങ്ങള്‍ ന്യായമായ കാരണമില്ലാതെ 18 മുസ്‌ലിം തടവുകാരെ മൃഗീയമായി പീഡിപ്പിച്ചത്. ജയില്‍ നമ്പര്‍ ഒന്നിലെ ഹൈറിസ്‌ക് വാര്‍ഡുകളായ സി, എഫ് വാര്‍ഡുകളിലെ തടവുകാരെയാണ് മര്‍ദിച്ച് അവശരാക്കിയത്. ഭീകരപ്രവര്‍ത്തനവുമായി ബന്ധപ്പെട്ട കേസുകളില്‍ പ്രതികളായവരോ ശിക്ഷിക്കപ്പെട്ടവരോ ആണ് ഈ വാര്‍ഡുകളില്‍. സംഭവത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് തടവുകാരനായ സഈദ് യൂസുഫ് നല്‍കിയ ഹരജി പരിഗണിച്ച ഡല്‍ഹി ഹൈക്കോടതി മൂന്നംഗ സമിതിയെ നിയോഗിച്ചിരുന്നു. സംഭവം മനുഷ്യാവകാശങ്ങളുടെയും നിയമാവകാശങ്ങളുടെയും ലംഘനമാണെന്നാണ് കമ്മീഷന്‍ കണ്ടെത്തിയിരിക്കുന്നത്. ജോയിന്റ് രജിസ്ട്രാര്‍ (റൂള്‍സ്) രതീഷ് സിങ്, രജിസ്ട്രാര്‍ (അപ്പീല്‍) ലോറന്‍ ബാംനിയാല്‍, അഡ്വ. ഹര്‍ഷ് പ്രഭാകര്‍ എന്നിവരടങ്ങിയ സമിതിയാണ് കോടതിക്ക് റിപോര്‍ട്ട് നല്‍കിയത്. തടവുകാര്‍ ഉപയോഗിക്കുന്ന തലയണകളുടെ കവറുകള്‍ നീക്കം ചെയ്യണമെന്ന ജയില്‍ അഡീഷനല്‍ ഇന്‍സ്‌പെക്ടര്‍ ജനറല്‍ രാജ്കുമാറിന്റെ നിര്‍ദേശം ചില തടവുകാര്‍ ലംഘിച്ചതാണ് പ്രശ്‌നത്തിനു കാരണം. തലയണ കവറുകള്‍ ബലമായി പിടിച്ചെടുക്കാനുള്ള ടിഎസ്പിയുടെ ശ്രമത്തെ തടവുകാര്‍ എതിര്‍ത്തു. ഇതോടെ ചില പോലിസുകാര്‍ അപായ സൈറണ്‍ മുഴക്കി. ഇതേത്തുടര്‍ന്ന് കൂടുതല്‍ ടിഎസ്പി അംഗങ്ങളും ക്യൂആര്‍ടി അംഗങ്ങളും വാര്‍ഡുകളില്‍ കയറി തടവുകാരെ ക്രൂരമായി മര്‍ദിക്കുകയായിരുന്നു. സുരക്ഷാ ഉദ്യോഗസ്ഥര്‍ അപായ സൈറണ്‍ മുഴക്കിയതിന് ഒരു ന്യായീകരണവുമില്ല. തടവുകാരെ കാണാതാവുകയോ ജയില്‍ ചാടാനുള്ള ശ്രമം നടത്തുകയോ ചെയ്യുമ്പോള്‍ മാത്രമാണ് അപായ സൈറണ്‍ മുഴക്കാന്‍ അനുവാദമുള്ളതെന്ന് സമിതി വ്യക്തമാക്കി. ഹിന്ദി അറിയാത്ത തമിഴ്‌നാട് പോലിസിന് സുരക്ഷാ ചുമതല നല്‍കിയതിനാല്‍ പോലിസുമായി ആശയവിനിമയം നടത്താന്‍ തടവുകാര്‍ക്ക് വളരെ ബുദ്ധിമുട്ടാണെന്നും കണ്ടെത്തിയിട്ടുണ്ട്.
Next Story

RELATED STORIES

Share it