Sports

'ജയിച്ചുവാടാ മക്കളെ...'



ന്യൂഡല്‍ഹി: സ്വന്തം നാട്ടില്‍, പതിനായിരക്കണക്കിന് കാണികളെ നിരാശയിലാഴ്ത്തി ആദ്യ മല്‍സരം തോറ്റു കൊണ്ടാണ് ഇന്ത്യ ലോകകപ്പ് ആരംഭിച്ചത്. മൂന്ന് ഗോളുകള്‍ക്ക് മറുപടി പറയാനാവാതെ ശനിയാഴ്ച അമേരിക്കയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ നീലപ്പയോട് ഇന്ന് ഇന്ത്യക്കാര്‍ ഒറ്റ കാര്യമേ ആവശ്യപ്പെടുന്നുള്ളൂ- ഇന്ന് ജയിക്കണം. എന്തുവില കൊടുത്തും രാജ്യത്തിന്റെ ആവശ്യം സാധിച്ചു കൊടുക്കാന്‍ പരിശ്രമിക്കുകയാണ് ഇന്ത്യന്‍ കൗമാരപ്പട. ആദ്യ മല്‍സരത്തില്‍ ഒരു ഗോള്‍ വഴങ്ങി ഘാനയ്ക്ക് മുന്നില്‍ അടിയറവ് പറഞ്ഞ കൊളംബിയയാണ് ഇന്നത്തെ എതിരാളികള്‍. ഇരു കൂട്ടര്‍ക്കും ജയം അനിവാര്യമാണെന്നിരിക്കെ, മല്‍സരത്തില്‍ വാശിയേറുമെന്ന് ഉറപ്പ്.
രാഹുലില്ലാതെ ഇന്ത്യ
ഇന്ത്യന്‍ നിരയ്ക്ക്് കനത്ത തിരിച്ചടി നല്‍കി ആദ്യ കളിയില്‍ മികച്ച പ്രകടനം കാഴ്ചവച്ച മലയാളി താരം കെ പി രാഹുലിന് പരിക്കേറ്റിട്ടുണ്ട്. കണങ്കാലിനേറ്റ പരിക്ക് ഗുരുതരമല്ലെങ്കിലും രാഹുല്‍ നാളെ കളിക്കില്ല. വിശ്രമം അനുവദിച്ചതിനാല്‍ താരം ഇന്ന് പരിശീലനത്തിനും ഇറങ്ങിയില്ല. യുഎസ്എയ്‌ക്കെതിരായ മല്‍സരത്തില്‍ വലതു വിങ് ബാക്കായി കിടിലന്‍ പ്രതിരോധം കാഴ്ചവച്ച രാഹുല്‍ ഒറ്റ മല്‍സരം കൊണ്ടു തന്നെ പ്രശംസ പിടിച്ചു പറ്റിയിരുന്നു. ഗോള്‍ കീപ്പര്‍ ധീരജ് സിങ്, മിഡ്ഫീല്‍ഡര്‍ കോമല്‍ തട്ടല്‍ എന്നിവര്‍ക്കൊപ്പം രാഹുലും ഫുട്‌ബോള്‍ പ്രേമികളുടെ ശ്രദ്ധ പിടിച്ചുപറ്റി. അതിനാല്‍ രാഹുലിന്റെ അഭാവം കൊളംബിയക്കെതിരേ പ്രകടമാവുമെന്ന കാര്യം ഉറപ്പ്. പകരക്കാരനായി വലതു വിങ് പൊസിഷനില്‍ കളിക്കുന്ന  ബോറിസ് സിങ് എത്രത്തോളം തിളങ്ങുമെന്ന് കണ്ടറിയേണ്ടി വരും. സസ്‌പെന്‍ഷനിലായതു കൊണ്ടാണ് ആദ്യ മല്‍സരത്തില്‍ കളിക്കാതിരുന്നത്.
പോരായ്മഫിനിഷിങില്‍
മികച്ച പ്രതിരോധം കാഴ്ചവച്ചെങ്കിലും മുന്നേറ്റത്തിലെ ഫിനിഷിങ് പോരായ്മയാണ് ഇന്ത്യയുടെ ആദ്യ മല്‍സരം തോല്‍വിയിലെത്തിച്ചത്. ഈ പോരായ്മ പരിഹരിക്കാന്‍ ടീം പരിശീലനം നടത്തിയിട്ടുണ്ടെന്ന് മിഡ്ഫീല്‍ഡര്‍ സുരേഷ് സിങ് വങ്യാം പറയുന്നു. ജയവും തോല്‍വിയും മല്‍സരത്തിന്റെ ഭാഗമാണ്. അതില്‍ നിരാശയില്ല. ആദ്യ മല്‍സരത്തില്‍ പേടിയുണ്ടായിരുന്നില്ല. അതേസമയം, 55,000 വരുന്ന സ്വന്തം കാണികള്‍ക്കു മുന്നില്‍ ആദ്യമായി ലോകകപ്പ് കളിക്കുകയാണെന്ന ഉദ്‌ബോധമുണ്ടായിരുന്നു. കൊളംബിയക്കെതിരായ മല്‍സരത്തിന് ഞങ്ങള്‍ പൂര്‍ണ സജ്ജരാണ്. ആരാധകരെ നിരാശപ്പെടുത്തില്ല. ഉറപ്പു പറയുന്നു, ഞങ്ങള്‍ ഇന്ത്യയെ നിരാശയിലാഴ്ത്തില്ല- ന്യൂഡല്‍ഹിയിലെ ജവഹര്‍ലാല്‍ നെഹ്‌റു സ്റ്റേഡിയത്തില്‍ പരിശീലനത്തിനിറങ്ങിയ സുരേഷ് സിങ് വ്യക്തമാക്കി.
ജയിക്കണം കൊളംബിയക്കും
ആദ്യ മല്‍സരത്തില്‍ ഘാനയുടെ ഒരു ഗോളിന് മറുപടി നല്‍കാന്‍ കഴിയാതെ കൊളംബിയ തോറ്റുമടങ്ങുകയായിരുന്നു. അവസാന നാല് മല്‍സരങ്ങളില്‍ ഒന്നില്‍ പോലും ജയിച്ചിട്ടില്ല കൊളംബിയന്‍ കൗമാരം. മൂന്ന് മല്‍സരങ്ങളില്‍ ഒരു ഗോള്‍ പോലും കണ്ടെത്താനും അവര്‍ക്ക് സാധിച്ചിട്ടില്ല. അമേരിക്കന്‍ മേഖലയില്‍ നിന്ന് രണ്ടാം സ്ഥാനക്കാരായി ഇന്ത്യയിലെത്തിയ കൊളംബിയ ആതിഥേയര്‍ക്കെതിരേ മേല്‍കോയ്മ നേടി വിജയവഴിയില്‍ തിരിച്ചെത്താനാണ് ശ്രമിക്കുന്നത്. ആദ്യ മല്‍സരത്തി കൊളംബിയന്‍ ഇലവനില്‍ മാറ്റമൊന്നുമില്ലാതെയാണ് ഇന്ത്യക്കെതിരേ ബൂട്ടണിയുന്നത്.
Next Story

RELATED STORIES

Share it