Sports

ജയിച്ചിട്ടും ബയേണ്‍ തോറ്റു

ബെര്‍ലിന്‍: സൂപ്പര്‍ കോച്ച് പെപ് ഗ്വാര്‍ഡിയോളയെ ചാംപ്യന്‍സ് ലീഗ് കിരീടത്തോടെ യാത്രയാക്കാമെന്ന ബയേണ്‍ മ്യൂണിക്കിന്റെ മോഹം പൊലിഞ്ഞു. തുടര്‍ച്ചയായി മൂന്നാം സീസണിലും സ്പാനിഷ് ക്ലബ്ബിനോട് തോറ്റ് ബയേണ്‍ ചാംപ്യന്‍സ് ലീഗിന്റെ സെമി ഫൈനലില്‍ പുറത്തായി. മുന്‍ റണ്ണറപ്പായ അത്‌ലറ്റികോ മാഡ്രിഡാണ് ബയേണിനു മടക്കടിക്കറ്റ് നല്‍കിയത്.
ഹോംഗ്രൗണ്ടില്‍ നടന്ന രണ്ടാംപാദ സെമിയില്‍ 2-1നു ജയിച്ചെങ്കിലും ഫൈനലിലെത്താന്‍ ബയേണിന് അതു മതിയായിരുന്നില്ല. എവേ ഗോളിന്റെ മുന്‍തൂക്കവുമായി അത്‌ലറ്റികോ കലാശക്കളിക്കു ടിക്കറ്റെടുക്കുകയായിരുന്നു.
ഇരുപാദങ്ങളിലുമായി സ്‌കോര്‍ 2-2 ആയതോടെയാണ് എവേ ഗോള്‍ നിയമം പ്രാബല്യത്തില്‍ വന്നത്. ബയേണിന്റെ മൈതാനത്ത് ഒരു ഗോള്‍ നേടാനായെന്നത് അത്‌ലറ്റികോയെ തുണയ്ക്കുകയായിരുന്നു. നേ രത്തേ സ്‌പെയിനില്‍ നടന്ന ഒന്നാംപാദത്തി ല്‍ അത്‌ലറ്റികോ 1-0നു ജയിച്ചിരുന്നു.
രണ്ടാംപാദത്തില്‍ സാബി അലോന്‍സോയും (31ാം മിനിറ്റ്) റോബര്‍ട്ട് ലെവന്‍ഡോവ്‌സ്‌കിയുമാണ് (74) ബയേണിന്റെ സ്‌കോറര്‍മാര്‍. അന്റോണിയോ ഗ്രീസ്മാന്റെ വകയായിരുന്നു അത്‌ലറ്റികോയുടെ വിലപ്പെട്ട എവേ ഗോള്‍. ഇരുടീമും രണ്ടു പെനല്‍റ്റി കള്‍ മല്‍സരത്തില്‍ നഷ്ടപ്പെടുത്തി. ബയേ ണ്‍ സൂപ്പര്‍ താരം തോമസ് മുള്ളറും അത്‌ലറ്റികോ സ്‌ട്രൈക്കര്‍ ഫെര്‍ണാണ്ടോ ടോറസുമാണ് പെനല്‍റ്റി പാഴാക്കിയത്.
ഒന്നാംപകുതിയില്‍ കളംവാണ് ബയേണ്‍
ആദ്യപാദത്തില്‍ 0-1ന്റെ തോല്‍വി വഴങ്ങിയതിനാല്‍ ഫൈനലിലെത്തണമെങ്കില്‍ ജയിച്ചേ തീരുവെന്ന വെല്ലുവിളിയുമായി ഇറങ്ങിയ ബയേണ്‍ മികച്ച രീതിയിലാണ് തുടങ്ങിയത്. പന്തടക്കത്തില്‍ ആധിപത്യം പുലര്‍ത്തിയ ബയേണ്‍ ഗോളിനായി കഠിനാധ്വാനം ചെയ്തു. കൗണ്ടര്‍അറ്റാക്കിലൂടെ ഗോള്‍ നേടാനാണ് അത്‌ലറ്റികോ ശ്രമിച്ചത്.
15ാം മിനിറ്റില്‍ കളിയുടെ ഗതിക്കു വിപരീതമായി അത്‌ലറ്റികോയ്ക്കാണ് ആദ്യ ഗോളവസരം ലഭിച്ചത്. വെടിയുണ്ട കണക്കെയുള്ള ഗാബിയുടെ ലോങ്‌റേഞ്ചര്‍ ബയേണ്‍ ഗോളി മാന്വല്‍ നുയര്‍ കണ്ണഞ്ചിപ്പിക്കുന്ന ഡൈവിങ് സേവിലൂടെ വിഫലമാക്കുകായായിരുന്നു.
20ാം മിനിറ്റില്‍ ബയേ ണും മികച്ച നീക്കം നടത്തി. ലെവന്‍ഡോവ്‌സ്‌കിയുടെ ഗോളെന്നുറപ്പിച്ച ഷോട്ട് അത്‌ലറ്റികോ ഗോളി ഒബ്ലെക് തട്ടിയകറ്റുകയായിരുന്നു. അഞ്ചു മിനിറ്റിനകം ബയേണ്‍ പ്ലേമേക്കര്‍ ഫ്രാങ്ക് റിബറിയുടെ ബുള്ളറ്റ് ഷോട്ടും ഗോളിക്കു മുന്നില്‍ മുട്ടുമടക്കി. 31ാം മിനിറ്റില്‍ അലോന്‍സോ ബയേണിനു കാത്തിരുന്ന ലീഡ് സമ്മാനിച്ചു. തകര്‍പ്പന്‍ ഫ്രീകിക്കിലൂടെയാണ് താരം വലകുലുക്കിയത്.
മൂന്നു മിനിറ്റിനുള്ളില്‍ പെനല്‍റ്റിയുടെ രൂപത്തില്‍ ബയേണിനു ലീഡുയര്‍ത്താനുള്ള സുവര്‍ണാവസരം. എന്നാല്‍ ഗോളി ഒബ്ലെക് അത്‌ലറ്റികോയുടെ രക്ഷകനായി. പരിചയസമ്പന്നനായ മുള്ളറുടെ പെനല്‍റ്റി കിക്ക് ഇടതുമൂലയിലേക്ക് ഡൈവ് ചെയ്ത് കുത്തിയകറ്റി. റീബൗണ്ടില്‍ നിന്ന് അലോന്‍സോ വീണ്ടും ഷോട്ടുതിര്‍ത്തെങ്കിലും ഒരിക്കല്‍ക്കൂടി ഗോളി അത്‌ലറ്റികോയെ കാത്തു. കളിയുടെ 40 മിനിറ്റ് പൂര്‍ത്തിയാവുമ്പോ ള്‍ ബയേണ്‍ 16ഉം അത്‌ലറ്റികോ രണ്ടും ഷോട്ടുകളാണ് ഗോളിലേക്കു പരീക്ഷിച്ചത്.
നാടകീയം, രണ്ടാംപകുതി
ആദ്യപകുതിയെ അപേക്ഷിച്ച് രണ്ടാംപകുതി നിരവധി മുഹൂര്‍ത്തങ്ങളാല്‍ നാടകീയമായിരുന്നു. രണ്ടു ഗോളുകള്‍ക്കും ഒരു പെനല്‍റ്റി രക്ഷപ്പെടുത്തലിനുമെല്ലാം രണ്ടാംപകുതി സാക്ഷിയായി.
54ാം മിനിറ്റില്‍ ബയേണിന്റെ ഫൈനല്‍ പ്രതീക്ഷകള്‍ക്ക് മങ്ങലേല്‍പ്പിച്ച് അത്‌ലറ്റികോ സമനില ഗോള്‍ പിടിച്ചുവാങ്ങി. ബോക്‌സിനരികില്‍ വച്ച് ടോറസ് കൈമാറിയ പാസ് ഗ്രീസ്മാന്‍ ലക്ഷ്യത്തിലേക്കു തൊടുക്കുകയായിരുന്നു. 60ാം മിനിറ്റില്‍ അത്‌ലറ്റികോ താരം യുവാന്‍ഫ്രാന്റെ ലോങ്‌റേഞ്ച് ഇഞ്ചുകള്‍ വ്യത്യാസത്തിലാണ് പുറത്തുപോയത്.
70ാം മിനിറ്റില്‍ ബയേണ്‍ സ്‌ട്രൈക്കര്‍ ലെ വന്‍ഡോവ്‌സ്‌കിയുടെ കരുത്തുറ്റ ഷോട്ട് അത്‌ലറ്റികോ ഗോളി ഒബ്ലെക്ക് തടുത്തിട്ടു. നാലു മിനിറ്റിനുള്ളില്‍ ലെവന്‍ഡോവ്‌സ്‌കി ബയേണിനു ലീഡ് സമ്മാനിച്ചു. ആര്‍ത്യു റോ വിദാല്‍ അളന്നുമുറിച്ചു നല്‍കിയ ക്രോസ് ക്ലേസ് റേഞ്ച് ഹെഡ്ഡറിലൂടെ ലെവന്‍ഡോവ്‌സ്‌കി വലയ്ക്കുള്ളിലാക്കി.
ഫൈനല്‍ വിസിലിന് ആറു മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ബയേണിനെ സ്തബ്ധരാക്കി അത്‌ല റ്റികോയ്ക്ക് അനുകൂലമായി പെനല്‍റ്റി വിധിച്ചു. എന്നാല്‍ ടോറസിന്റെ കിക്ക് ബയേണ്‍ ഗോളി നുയര്‍ ബ്ലോക് ചെയ്തിട്ടു.
88ാം മിനിറ്റില്‍ ബയേണ്‍ ഡിഫ ന്റര്‍ ഡേവിഡ് അലാബ പരീക്ഷിച്ച ലോങ്‌റേഞ്ച് ഷോട്ട് അത്‌ലറ്റികോ ഗോളി നിഷ്പ്രഭമാക്കിയതോടെ ബയേണിന്റെ ഫൈനല്‍ പ്രതീക്ഷക ള്‍ അവസാനിച്ചു.
Next Story

RELATED STORIES

Share it