Flash News

ജയിച്ചത് ബെല്‍ജിയമാണെങ്കിലും ഹൃദയം കീഴടക്കിയത് ജപ്പാന്‍

ജയിച്ചത് ബെല്‍ജിയമാണെങ്കിലും ഹൃദയം കീഴടക്കിയത് ജപ്പാന്‍
X

റോസ്‌റ്റോവ്: റഷ്യന്‍ ലോകകപ്പിലെ ഏറ്റവും മനോഹരമായ മല്‍സരമായിരുന്നു ജപ്പാന്‍ - ബെല്‍ജിയം പ്രീക്വാര്‍ട്ടര്‍. രണ്ട് ഗോളിന് മുന്നിട്ട് നിന്ന ശേഷം ബെല്‍ജിയത്തിന് മുന്നില്‍ 3-2ന്റെ തോല്‍വി വഴങ്ങി ക്വാര്‍ട്ടര്‍ കാണാതെ ജപ്പാന്‍ പുറത്തുപോയെങ്കിലും ലോക ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കീഴടക്കിയാണ് അവര്‍ മടങ്ങിയത്. അവസാന മിനിറ്റുവരെ പൊരുതി നോക്കിയെങ്കിലും ബെല്‍ജിയത്തിന്റെ അനുഭവസമ്പത്തിന് മുന്നില്‍ ഏഷ്യന്‍ ശക്തികള്‍ പൊരുതി വീഴുകയായിരുന്നു.
ഗോളൊഴിഞ്ഞ് നിന്ന ആദ്യ പകുതിക്ക് ശേഷം 48ാം മിനിറ്റില്‍ ഹരാഗൂച്ചിയിലൂടെ ജപ്പാനാണ് ആദ്യം അക്കൗണ്ട് തുറന്നത്. ഗാക്കു ഷിബാസകിയുടെ ലോങ് പാസിനെ മനോഹരമായി ഹരാഗൂച്ചി വലയിലെത്തിക്കുകയായിരുന്നു. ലീഡെടുത്തതോടെ ആത്മവിശ്വാസത്തോടെ പന്ത് തട്ടിയ ജപ്പാന്‍ 52ാം മിനിറ്റില്‍ അക്കൗണ്ടില്‍ രണ്ടാം ഗോളും ചേര്‍ത്തു. പോസ്റ്റിന്റെ 25 വാര അകലെനിന്ന് തകാഷി ഇന്യൂയി തൊടുത്ത ലോങ് റേഞ്ച് ഷോട്ട് ബെല്‍ജിയത്തിന്റെ വലതുളയ്ക്കുകയായിരുന്നു.
രണ്ട് ഗോളിന്റെ ലീഡെടുത്തതോടെ പൊരുതിക്കളിച്ച ബെല്‍ജിയം 69ാം മിനിറ്റില്‍ ആദ്യ ഗോള്‍ മടക്കി. കോര്‍ണര്‍ കിക്കിനെ തകര്‍പ്പന്‍ ഹെഡ്ഡറിലൂടെ യാന്‍ വര്‍ട്ടോംഗന്‍ വലയിലെത്തിക്കുകയായിരുന്നു. മല്‍സരം 2-1 എന്ന നിലയില്‍. പിന്നീടുള്ള സമത്ത് ജപ്പാന്‍ നിരക്ക് പന്ത് നല്‍കാതെ മുന്നേറിയ ബെല്‍ജിയം 74ാം മിനിറ്റില്‍ സമനില പിടിച്ചു. പകരക്കാരനായെത്തിയ മൗറാന്‍ ഫെല്ലെയ്‌നിയാണ് ബെല്‍ജിയത്തിന് സമനില സമ്മാനിച്ചത്. വിജയ ഗോളിനായുള്ള തീപ്പൊരി പോരാട്ടത്തിനൊടുവില്‍ ഇഞ്ചുറി ടൈമില്‍ ബെല്‍ജിയം വിജയ ഗോള്‍ സ്വന്തമാക്കി. തോമസ് മ്യൂനിയര്‍ ബോക്‌സിലേക്ക് നല്‍കിയ ക്രോസിനെ ലുക്കാക്കു ഷോട്ടെടുക്കാതെ ഒഴിവാക്കിയപ്പോള്‍ തൊട്ടുപിറകില്‍ നിന്ന ചാഡ്‌ലി ലക്ഷ്യം പിഴക്കാതെ പന്ത് വലയിലെത്തിക്കുകയായിരുന്നു. ഫൈനല്‍ വിസില്‍ മുഴങ്ങിയപ്പോള്‍ അവിശ്വസനീയ തിരിച്ചുവരവുമായി ബെല്‍ജിയം ക്വാര്‍ട്ടറില്‍ സീറ്റുറപ്പിച്ചപ്പോള്‍ ജപ്പാന്‍ പൊരുതിത്തോറ്റ് റഷ്യയോട് വിടപറയേണ്ടി വന്നു.ക്വാര്‍ട്ടറില്‍ ബ്രസീലാണ് ബെല്‍ജിയത്തിന്റെ എതിരാളി.
Next Story

RELATED STORIES

Share it