ജയലളിത സര്‍ക്കാര്‍ വിതരണം ചെയ്തത് നിലവാരം കുറഞ്ഞ ഉപകരണങ്ങള്‍? മിക്‌സിയും ഗ്രൈന്‍ഡറും ആദ്യ ഉപയോഗത്തില്‍ കേടായി

ചെന്നൈ: തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസ്ഥാനത്ത് പര്യടനം ആരംഭിച്ച മുഖ്യമന്ത്രി ജയലളിത അഞ്ചുവര്‍ഷത്തെ ഭരണത്തിനിടെ മക്കള്‍ക്ക് വിതരണം ചെയ്ത വസ്തുക്കളുടെ നീണ്ട പട്ടിക പുറത്തിറക്കിയിട്ടുണ്ട്. ലാപ്‌ടോപ്, മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍, സ്വര്‍ണ നാണയം, സ്‌കൂള്‍ കിറ്റ് തുടങ്ങി കൊടുത്ത സാധനങ്ങളുടെ പട്ടികക്കൊപ്പം 21000 കോടിയോളം രൂപ സര്‍ക്കാരിന് ഇതുവഴി ചെലവായെന്നും ലഘുലേഖയില്‍ വിവരിക്കുന്നു. അതേസമയം, ഈ പ്രചാരണത്തിന് തുടക്കത്തിലേ തടയിടാനാണ് ഡിഎംകെ ശ്രമം. വിതരണം ചെയ്ത ഉപകരണങ്ങള്‍ കമ്പനികളില്‍ നിന്ന് വാങ്ങുമ്പോഴുണ്ടാക്കിയ കരാര്‍ അവ്യക്തമാണെന്നും ദുരൂഹതയുണ്ടെന്നുമാണ് ഡിഎംകെയുടെ ആരോപണം. പല സാധനങ്ങളും നിലവാരം കുറഞ്ഞതാണെന്നും ഡിഎംകെ കുറ്റപ്പെടുത്തി.
സര്‍ക്കാര്‍ വന്‍ തുക ചെലവിട്ട മിക്‌സി, ഗ്രൈന്‍ഡര്‍, ഫാന്‍ എന്നിവ നിലവാരമില്ലാത്തതാണെന്ന് നേരത്തെ ആരോപണമുയര്‍ന്നിരുന്നു. 9000 കോടി രൂപയാണ് ഈ മൂന്ന് സാധനങ്ങള്‍ക്ക് മാത്രം പൊതുഖജനാവില്‍ നിന്നു നീക്കിവച്ചത്. എന്നാല്‍ മിക്‌സിയും ഗ്രൈന്‍ഡറുമെല്ലാം മാസങ്ങള്‍ പിന്നിടുംമുമ്പേ കേടായെന്നാണ് റിപോര്‍ട്ടുകള്‍. സേലത്തിനടുത്ത് വിതരണം ചെയ്ത മിക്‌സികള്‍ പലതും ആദ്യ ഉപയോഗത്തില്‍ തന്നെ കേടായി. മിക്‌സിയുടെ പെട്ടികളില്‍ നിര്‍മാതാക്കളുടെ പേര് സൂചിപ്പിച്ചിട്ടില്ല. ആകെയുള്ളത് സീരിയല്‍ നമ്പര്‍ മാത്രം.
ഒന്നിലധികം കമ്പനികളില്‍ നിന്നാണ് ഇവ വാങ്ങിയതെന്നാണ് വിതരണത്തിന് ചുക്കാന്‍ പിടിച്ച സിവില്‍ സപ്ലൈസ് കോര്‍പറേഷന്റെ വിശദീകരണം. വില കുറവ് മാത്രമല്ല, നിര്‍മാതാക്കളുടെ കഴിഞ്ഞകാല പ്രകടനവും പരിഗണിച്ചാണ് കരാര്‍ നല്‍കിയതെന്നും ഉദ്യോഗസ്ഥര്‍ പറഞ്ഞു. ചൈനീസ് നിര്‍മിത ലെനോവോ ലാപ്‌ടോപുകള്‍ വിതരണം ചെയ്തതും ഡിഎംകെ ജയലളിതയ്‌ക്കെതിരായ പ്രചാരണ ആയുധമാക്കിയിട്ടുണ്ട്.
Next Story

RELATED STORIES

Share it