Districts

ജയലളിതയുടെ പാര്‍ട്ടിയും പോര്‍ക്കളത്തില്‍

കെ സനൂപ്

പാലക്കാട്: തമിഴ്‌നാട് മോഡല്‍ കേരളത്തിലേക്കും വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ജയലളിത നേതൃത്വം നല്‍കുന്ന അണ്ണാഡിഎംകെയുടെ സ്ഥാനാര്‍ഥികള്‍ പാലക്കാട് ജില്ലയുടെ അതിര്‍ത്തി പ്രദേശങ്ങളില്‍ മല്‍സരിക്കുന്നു. തമിഴ്‌നാട് പൊതുമരാമത്ത് മന്ത്രി വേലുമണിയുടെ നേതൃത്വത്തില്‍ ജില്ലയുടെ അതിര്‍ത്തി ഗ്രാമങ്ങള്‍ കേന്ദ്രീകരിച്ച് തമിഴില്‍ വ്യാപകമായ പ്രചാരണമാണ് നടത്തുന്നത്. തമിഴ്‌നാട് ഡെപ്യൂട്ടി സ്പീക്കര്‍ പൊള്ളാച്ചി ജയരാമന്‍, കോയമ്പത്തൂര്‍ ജില്ലാ സെക്രട്ടറി അരുണ്‍കുമാര്‍, പാലക്കാട് ജില്ലാ സെക്രട്ടറി സമ്പത്ത് എന്നിവരുടെ നേതൃത്വത്തില്‍ നടക്കുന്ന തിരഞ്ഞെടുപ്പ് പ്രചാരണ പ്രവര്‍ത്തനങ്ങള്‍ക്ക് ജില്ലയിലെ നേതാക്കളും ചുക്കാന്‍ പിടിക്കുന്നുണ്ട്.
ചിറ്റൂര്‍ കൊഴിഞ്ഞാമ്പാറ ഗ്രാമപ്പഞ്ചായത്തിലെ ആലമ്പാടി 7ാം വാര്‍ഡില്‍ ജെ ശ്രീരഞ്ജിനി, പഴണിയാര്‍ പാളയം മൂന്നാം വാര്‍ഡില്‍ ഹെലന്‍ മേരി, നല്ലേപ്പിള്ളി ഗ്രാമപ്പഞ്ചായത്തില്‍ തെക്കുംമുറി 16ാം വാര്‍ഡില്‍ രവി, എരുത്തേമ്പതി ഗ്രാമപ്പഞ്ചായത്തിലെ 7ാം വാര്‍ഡില്‍ സി സരസ്വതി എന്നിവര്‍ തൊപ്പി ചിഹ്നത്തില്‍ അണ്ണാഡിഎംകെ സ്ഥാനാര്‍ഥികളായി മല്‍സരിക്കുമ്പോള്‍ നല്ലേപ്പിള്ളി ഗ്രാമപ്പഞ്ചായത്തില്‍ മൊബൈല്‍ ചിഹ്നത്തില്‍ മല്‍സരിക്കുന്ന ബാബുവിന് പരോക്ഷ പിന്തുണയും പാര്‍ട്ടി നല്‍കുന്നുണ്ട്.
ചിറ്റൂരിലെ അതിര്‍ത്തി ഗ്രാമപ്പഞ്ചായത്തുകളിലെമ്പാടും തമിഴില്‍ വോട്ടഭ്യര്‍ഥിച്ചുള്ള ഫഌക്‌സ് ബോര്‍ഡുകളും ചുവരെഴുത്തുകളും നിറഞ്ഞുകഴിഞ്ഞു. തമിഴ് ന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ കുടിവെള്ള പ്രശ്‌നത്തിന്റേയും ഭാഷയുടേയും പേരില്‍ നേടിയെടുക്കാനുള്ള ശ്രമങ്ങളുടെ ഭാഗമാണിതെന്ന് രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തുന്നു. സ്ഥാനാര്‍ഥികളെ പരിചയപ്പെടുത്തിക്കൊണ്ട് ചിറ്റൂര്‍, നല്ലേപ്പിള്ളി, കൊഴിഞ്ഞാമ്പാറ പഞ്ചായത്തുകളിലെ തമിഴ് ഭാഷാ ന്യൂനപക്ഷങ്ങളെ കൈയിലെടുക്കാന്‍ വിപുലമായ പ്രചാരണ പരിപാടികള്‍ നടന്നു.
ആര്‍ബിസി-മൂലത്തറ കനാല്‍ വിഷയം പ്രചാരണായുധമാക്കി തമിഴ് ഭാഷാന്യൂനപക്ഷങ്ങളുടെ വോട്ടുകള്‍ നേടി വിജയം കൈപ്പിടിയിലൊതുക്കാമെന്നണ് ഇവര്‍ കണക്കുകൂട്ടുന്നത്. മുല്ലപ്പെരിയാര്‍ ഉള്‍െപ്പടെയുള്ള വിഷയങ്ങളുയര്‍ത്തി കേരളത്തിനെതിരായ പ്രചാരണവും ഇവര്‍ നടത്തുന്നതായാണ് ലഭ്യമാകുന്ന വിവരം.
Next Story

RELATED STORIES

Share it