wayanad local

ജയലക്ഷ്മിക്ക് ആസ്തി കൂടി

മാനന്തവാടി: അഞ്ചു വര്‍ഷം പിന്നിടുമ്പോള്‍ മന്ത്രി പി കെ ജയലക്ഷ്മിക്ക് വിദ്യാഭ്യാസം കുറഞ്ഞു. ആസ്തി വര്‍ധിച്ചു. 2011ല്‍ നാമനിര്‍ദേശ പത്രികയ്‌ക്കൊപ്പം നല്‍കിയ സത്യവാങ്മൂലത്തിലെ പിഴവ് കാരണം നിയമനടപടികള്‍ നേരിടുന്ന മാനന്തവാടി നിയോജക മണ്ഡലം യുഡിഎഫ് സ്ഥാനാര്‍ഥി ഇന്നലെ വരണാധികാരി മുമ്പാകെ നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ചപ്പോഴാണ് മാറ്റങ്ങള്‍.
2011ല്‍ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ ഉയര്‍ന്ന വിദ്യാഭ്യാസ യോഗ്യതയായി കാണിച്ചത് ബിഎ കണ്ണൂര്‍ സര്‍വകലാശാല-2004 എന്നായിരുന്നു. ഒപ്പം ഡിപ്ലോമ ഇന്‍ കംപ്യൂട്ടര്‍ ആപ്ലിക്കേഷന്‍-2008 എന്ന യോഗ്യതയും കാണിച്ചിരുന്നു. ഇന്നലെ നല്‍കിയ നാമനിര്‍ദേശ പത്രികയില്‍ പ്ലസ്ടു (ഹയര്‍സെക്കന്‍ഡറി ബോര്‍ഡ്-2001) എന്നാണ് ഉയര്‍ന്ന യോഗ്യതയായി കാണിച്ചത്.
ഒപ്പം ബിഎ ഫെയില്‍ഡ് എന്നും ചേര്‍ത്തിട്ടുണ്ട്. 2011ല്‍ നല്‍കിയ നാമനിര്‍ദേശത്തോടൊപ്പം തെറ്റായ വിവരങ്ങള്‍ നല്‍കിയെന്നാരോപിച്ച് ബീനാച്ചി സ്വദേശി ജീവന്‍ എന്നയാള്‍ നല്‍കിയ പരാതിയില്‍ അന്വേഷണം പൂര്‍ത്തിയായി തീരുമാനം കാത്തിരിക്കുകയാണ് മന്ത്രി പി കെ ജയലക്ഷ്മി. 2011ല്‍ ജീവിതപങ്കാളിയില്ലാതിരുന്ന ജയലക്ഷ്മിക്ക് ആകെയുണ്ടായിരുന്ന ആസ്തി 2,47,659 രൂപയായിരുന്നു. എന്നാല്‍, 2016ല്‍ ഇത് 18,36,854 രൂപയായി ഉയര്‍ന്നു. ജീവിതപങ്കാളിയുണ്ടാവുകയും അദ്ദേഹത്തിന്റെ ആസ്തി 89,356 രൂപയുമായിട്ടാണ് സത്യവാങ്മൂലത്തില്‍ കാണിച്ചിരിക്കുന്നത്. സ്വന്തമായി ഭൂമിയോ വീടോ കെട്ടിടങ്ങളോ ജയലക്ഷ്മിക്കില്ല. കേരള ഹൈക്കോടതിയിലും റിട്ടേണിങ് ഓഫിസര്‍ മുമ്പാകെയും ഇന്ത്യന്‍ ശിക്ഷാ നിയമം 177, 181 എന്നീ വകുപ്പുകള്‍ പ്രകാരം ജീവന്‍ എന്നയാള്‍ ബോധിപ്പിച്ച കേസുകള്‍ നിലനില്‍ക്കുന്നതായും സത്യവാങ്മൂലത്തില്‍ പറയുന്നുണ്ട്.
Next Story

RELATED STORIES

Share it