ജയരാജനെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു; കസ്റ്റഡി അപേക്ഷ ഇന്ന് പരിഗണിക്കും

തലശ്ശേരി/കോഴിക്കോട്: കതിരൂര്‍ മനോജ് വധക്കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന സിപിഎം ജില്ലാ സെക്രട്ടറി പി ജയരാജനെ ചോദ്യം ചെയ്യുന്നതിന് കസ്റ്റഡിയില്‍ വിട്ടുകിട്ടണമെന്ന സിബിഐ ഹരജി കോടതി ഇന്നു വീണ്ടും പരിഗണിക്കും. കഴിഞ്ഞ 29ന് പരിഗണിച്ച കേസ് തീര്‍പ്പ് കല്‍പിക്കുന്നതിന് ഇന്നത്തേക്ക് മാറ്റുകയായിരുന്നു. തിരുവനന്തപുരം ശ്രീ ചിത്ര മെഡിക്കല്‍ സെന്ററിലെ വിദഗ്ധ ഡോക്ടര്‍മാരുടെ മെഡിക്കല്‍ റിപോര്‍ട്ട് കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ സൂപ്രണ്ടിന് കഴിഞ്ഞ ദിവസം ലഭിച്ചിട്ടുണ്ട്. റിപോര്‍ട്ട് തലശ്ശേരി ജില്ലാ സെഷന്‍സ് കോടതിയില്‍ ഇന്നു സമര്‍പ്പിക്കും.
അതേസമയം പി ജയരാജനെ ഇന്നലെ വൈകുന്നേരം വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കോടതിയില്‍ കീഴടങ്ങിയിരുന്ന ജയരാജനെ നെഞ്ചുവേദനയാണെന്നു പറഞ്ഞതിനാല്‍ കഴിഞ്ഞ 12ന് പരിയാരം മെഡിക്കല്‍ കോളജില്‍ അഡ്മിറ്റ് ചെയ്തിരുന്നു. വിദഗ്ധ ചികില്‍സയ്ക്കായി 15ന് രാത്രി കോഴിക്കോട് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിക്കുകയായിരുന്നു.
ഇസിജിയില്‍ കാര്യമായ വ്യതിയാനം ഇല്ലാതിരുന്നതിനാല്‍ അത്യാഹിത വിഭാഗത്തില്‍ തന്നെ ചികില്‍സതേടി. അടുത്ത ദിവസം സൂപ്പര്‍ സ്‌പെഷ്യാലിറ്റി ആശുപത്രി കാര്‍ഡിയോളജി ഐസിയുവിലേക്കു മാറ്റുകയുണ്ടായി. ഐസിയുവില്‍ വിദഗ്ധ പരിശോധനയില്‍ ഹൃദയസംബന്ധമായ കുഴപ്പമില്ലെന്ന് കണ്ടെത്തി. വിദഗ്ധ ഡോക്ടര്‍മാരുടെ അഭിപ്രായം തേടണമെന്ന മെഡിക്കല്‍ കോളജ് മെഡിക്കല്‍ ബോര്‍ഡിന്റെ നിര്‍ദേശം വന്നതിനാല്‍ 23ന് രാത്രി 11 മണിക്ക് തിരുവനന്തപുരം ശ്രീ ചിത്ര ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസിലേക്ക് ആംബുലന്‍സില്‍ കൊണ്ടുപോയി. ശ്രീചിത്രയില്‍ എട്ടു ദിവസത്തെ ചികില്‍സയിലും ഗുരുതരമായ ആരോഗ്യപ്രശ്‌നങ്ങളില്ലെന്നു കണ്ടെത്തി കോടതിക്ക് റിപോര്‍ട്ട് നല്‍കി.
ശ്രീചിത്രയില്‍ നിന്ന് ഇന്നലെ വീണ്ടും കോഴിക്കോട് മെഡിക്കല്‍ കോളജിലേക്കു തന്നെ ട്രെയിന്‍ മാര്‍ഗം എത്തിച്ചു. റെയില്‍വേ സ്‌റ്റേഷനില്‍ നിന്നും ആംബുലന്‍സില്‍ ഇരുന്നാണ് മെഡിക്കല്‍ കോളജ് അത്യാഹിത വിഭാഗത്തില്‍ എത്തിയത്. അത്യാഹിത വിഭാഗത്തില്‍ മെഡിസിന്‍ വിഭാഗത്തിലെ ഡോ. നീരജ്, ഡോ. അനൂപ് എന്നിവരുടെ നേതൃത്വത്തില്‍ പരിശോധിച്ചു. ഇസിജിയില്‍ വ്യതിയാനങ്ങള്‍ ഇല്ലെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞു. കാര്‍ഡിയോളജി വിഭാഗത്തിലെ വിദഗ്ധ ഡോക്ടര്‍മാര്‍ വീണ്ടും ജയരാജനെ പരിശോധിക്കും.
Next Story

RELATED STORIES

Share it