Kollam Local

ജയന്‍ പിതാവാണെന്ന് തെളിയിക്കാന്‍ ഡിഎന്‍എ പരിശോധനക്ക് കോടതിയെ സമീപിക്കുമെന്ന് യുവാവ്

കൊല്ലം:  കൃഷ്ണന്‍ നായരുടെ(ജയന്‍) മകനായി ജനിച്ച തനിക്ക് കൃഷ്ണന്‍ നായരുടെ മകനായി മരിക്കണമെന്ന് ജയന്റെ മകനെന്ന് അവകാശപ്പെടുന്ന മുരളീ ജയന്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.  പിതൃത്വം അംഗീകരിച്ച് കിട്ടാന്‍ ഡിഎന്‍എ പരിശോധന ആവശ്യപ്പെട്ട് കോടതിയെ സമീപിക്കും. ജയന്റെ സഹോദരന്റെ മക്കളുടെ രക്ത സാമ്പിളുകളും തന്റെ രക്ത സാമ്പിളും ശേഖരിച്ച് ഡിഎന്‍എ പരിശോധന നടത്തിയാല്‍ പിതൃത്വം തെളിയിക്കാനാവുമെന്ന് വിദഗ്ദ ഉപദേശം ലഭിച്ചിട്ടുണ്ട്. ജയന് സ്വത്തുക്കള്‍ ഉണ്ടോയെന്ന് എനിക്കറിയില്ല. സ്വത്തില്‍ താല്‍പ്പര്യവുമില്ല, പക്ഷേ ജന്മാവകാശമായ പിതൃത്വം അംഗീകരിച്ച് കിട്ടണം. ജയന്റെ മകന്‍ എന്ന് അവകാശപ്പെട്ട് പൊതുവേദികളിലെത്തിയാല്‍ കായികമായി ഉപദ്രവിക്കുമെന്നാണ് ജയന്റെ സഹോദരന്റെ മകന്റെ ഭീഷണി. സോഷ്യല്‍ മീഡിയകളിലൂടെയും നേരിട്ടും സീരിയല്‍താരമായ ഇയാള്‍ ഭീഷണിപ്പെടുത്തി.  ഇതിനെ സംബന്ധിച്ച് കൊല്ലം വെസ്റ്റ് എസ്‌ഐ, സിഐ എന്നിവര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല. ജയന്റെ കുടുംബാംഗങ്ങള്‍ക്കും സുഹൃത്തുക്കള്‍ക്കും തന്നെകുറിച്ചും അമ്മ  തങ്കമ്മയെ കുറിച്ചും എല്ലാ വിവരങ്ങളും അറിയാമെങ്കിലും അവര്‍ അതിനെ വര്‍ഷങ്ങളായി മറച്ച് വെക്കുകയാണ്. പിതൃത്വം സ്ഥാപിച്ച് കിട്ടാന്‍ നിയമപോരാട്ടമല്ലാതെ മുന്നില്‍ മറ്റ് മാര്‍ഗങ്ങളില്ല. സ്‌കൂളില്‍ ചേര്‍ത്തപ്പോള്‍ തന്നെ ആരെങ്കിലും അപായപെടുത്തുമെന്ന് ഭയന്ന് അമ്മയുടെ ആദ്യത്തെ ഭര്‍ത്താവിന്റെ പേരാണ് അച്ഛന്റെ പേരിന്റെ സ്ഥാനത്ത് ചേര്‍ത്തത്. മരിക്കുന്നതിന് മുമ്പ് സ്‌കൂള്‍ സര്‍ട്ടിഫിക്കറ്റില്‍ അച്ഛന്റെ പേര് കൃഷ്ണന്‍ നായര്‍ എന്ന് ചേര്‍ക്കണമെന്നും അതിന് വേണ്ടി നിയമ പോരാട്ടം നടത്തുമെന്നാണ് മുരളി പറയുന്നത്. കൊല്ലം നഗരത്തിലും പരിസരങ്ങളിലും വിവിധ ജോലികള്‍ ചെയ്താണ് അമ്മ തങ്കമ്മയും ഭാര്യയും രണ്ട് മക്കളും അടങ്ങുന്ന കുടുംബത്തെ സംരക്ഷിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
Next Story

RELATED STORIES

Share it