Flash News

ജയനഗറില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ്

ജയനഗറില്‍ ബിജെപിയെ തറപറ്റിച്ച് കോണ്‍ഗ്രസ്
X

ബെംഗളൂരു: കര്‍ണാടകയിലെ ജയനഗര്‍ ഉപതെരഞ്ഞെടുപ്പില്‍ ബിജെപിക്കെതിരേ കോണ്‍ഗ്രസിന് അട്ടിമറി വിജയം. ബിജെപി സ്ഥാനാര്‍ത്ഥി ബി എന്‍ പ്രഹ്ലാദിനെ 5000ത്തിലേറെ വോട്ടുകള്‍ക്കാമണ് കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സൗമ്യ റെഡ്ഡി പരാജയപ്പെടുത്തിയത്. സൗമ്യ റെഡ്ഡി 53,151 വോട്ട് നേടിയപ്പോള്‍ ബിഎന്‍ പ്രഹ്ലാദിന് 48302 വോട്ടുകളാണ് ലഭിച്ചത്. വോട്ടെണ്ണലിന്റെ തുടക്കംമുതലേ ആധിപത്യം സ്ഥാപിച്ച കോണ്‍ഗ്രസ് അവസാന റൗണ്ട് വരെ മേല്‍ക്കൈ നിലനിര്‍ത്തി.

ബിജെപി സ്ഥാനാര്‍ത്ഥി ബി എന്‍ വിജയകുമാറിന്റെ മരണത്തെ തുടര്‍ന്നാണ് ജയനഗറില്‍ ഉപതിരഞ്ഞെടുപ്പ് വേണ്ടി വന്നത്. വിജയകുമാറിന്റെ സഹോദരനാണ് പ്രഹ്ലാദ്. കോണ്‍ഗ്രസ് നേതാവും മുന്‍ മന്ത്രി രാമലിംഗ റെഡ്ഡിയുടെ മകളുമാണ് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയായ സൗമ്യ റെഡ്ഡി.
ജനതാദള്‍ (എസ്) ജൂണ്‍ 5 ന് തങ്ങളുടെ സ്ഥാനാര്‍ഥിയെ പിന്‍വലിക്കുകയും ഭരണകക്ഷിയായ കോണ്‍ഗ്രസ്സിന് പിന്തുണ നല്‍കുകയും ചെയ്തിരുന്നു. യെദ്യൂരപ്പ പ്രത്യേക പാര്‍ട്ടി രൂപീകരിച്ച് മല്‍സരിച്ചിട്ടും 2013ലെ തിരഞ്ഞെടുപ്പില്‍ പതിനായിരത്തിലേറെ വോട്ടുകള്‍ക്ക് ബിജെപി വിജയിച്ച മണ്ഡലമാണ് ജയനഗര്‍.

ജയനഗര്‍ ഉപതെരഞ്ഞെടുപ്പ് വിജയത്തില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ  ഉപമുഖ്യമന്ത്രി ജി പരമേശ്വര അഭിനന്ദിച്ചു. വോട്ടര്‍മാര്‍ക്ക് നന്ദി അറിയിക്കുകയും ചെയ്തു. കര്‍ണാടകയുടെ ഭാവി മുന്നില്‍ കണ്ട് കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥിയെ വിജയിപ്പിച്ച നല്ലവരായ എല്ലാ വോട്ടര്‍മാരോടും നന്ദി പറയുന്നതായി പരമേശ്വര ട്വിറ്ററില്‍ കുറിച്ചു. ഈ ഒരു വിജയത്തോടെ ബെംഗളൂരുവിലെ 28 അസംബ്ലി സീറ്റില്‍ 15 ഉം കോണ്‍ഗ്രസ് കൈയടക്കിയെന്നും പരമേശ്വര റാവു പറഞ്ഞു.
Next Story

RELATED STORIES

Share it