ജമ്മു-കശ്മീര്‍ സര്‍ക്കാര്‍: പിഡിപിയും ബിജെപിയും നിലപാട് വ്യക്തമാക്കണമെന്ന്

ശ്രീനഗര്‍/ജമ്മു: ജമ്മു-കശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം സംബന്ധിച്ച് ഇന്നു വൈകുന്നേരത്തിനുള്ളില്‍ പിഡിപിയും ബിജെപിയും നിലപാടു വ്യക്തമാക്കണമെന്ന് ഗവര്‍ണര്‍ എന്‍ എന്‍ വോറ ആവശ്യപ്പെട്ടു. ഇക്കാര്യമാവശ്യപ്പെട്ട് പിഡിപി അധ്യക്ഷ മെഹബൂബ മുഫ്തിയോടും ബിജെപി സംസ്ഥാന അധ്യക്ഷന്‍ സത്പല്‍ ശര്‍മയോടും കൂടിക്കാഴ്ചയ്ക്കു ഹാജരാവണമെന്ന് ഗവര്‍ണര്‍ നിര്‍ദേശിച്ചു.
സംസ്ഥാനത്ത് വീണ്ടും സഖ്യകക്ഷി സര്‍ക്കാര്‍ രൂപീകരിക്കാന്‍ കഴിയുമോ എന്നു വ്യക്തമാക്കാന്‍ ഗവര്‍ണര്‍ ഇരു നേതാക്കളോടും ആവശ്യപ്പെട്ടു. അതെസമയം, സംസ്ഥാനത്തെ ബിജെപി ഉന്നത നേതാക്കള്‍ ഇന്നലെ ജനറല്‍ സെക്രട്ടറി അശോക് കൗളിന്റെ വീട്ടില്‍ ഭാവി കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി യോഗം ചേര്‍ന്നു. സംസ്ഥാനത്തെ സാമ്പത്തിക രാഷ്ട്രീയ പ്രശ്‌നങ്ങള്‍ സംബന്ധിച്ച് കേന്ദ്രത്തിലെ ബിജെപി സര്‍ക്കാരിന്റെ നയമെന്തെന്ന് പുനപ്പരിശോധിച്ച ശേഷം സഖ്യം സംബന്ധിച്ച് വ്യക്തമാക്കാമെന്ന് മെഹബൂബ മുഫ്തി കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
ഇതിന്റെ പശ്ചാത്തലത്തിലാണ് ഇന്നലെ ബിജെപി യോഗം ചേര്‍ന്നത്. ഗവര്‍ണറുടെ നിര്‍ദേശത്തിന്റെ പശ്ചാത്തലത്തില്‍ പിഡിപി നേതാക്കളും യോഗം ചേര്‍ന്നിട്ടുണ്ട്. സഖ്യം സംബന്ധിച്ച് പിഡിപി നിലപാട് കടുപ്പിച്ച സാഹചര്യത്തില്‍ സംസ്ഥാനം തിരഞ്ഞെടുപ്പിലേക്ക് നീങ്ങേണ്ടി വരുന്ന അവസ്ഥ ഒഴിവാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് ഗവര്‍ണറുടെ പുതിയ നടപടി വിലയിരുത്തപ്പെടുന്നത്.
Next Story

RELATED STORIES

Share it