ജമ്മു കശ്മീര്‍ മന്ത്രിസഭ രൂപീകരണം; മെഹബൂബയും ബിജെപി സംഘവും ഗവര്‍ണറെ കണ്ടു

ജമ്മു: ജമ്മു കശ്മീരില്‍ പുതിയ മന്ത്രിസഭ രൂപീകരിക്കുന്നതിന് പിഡിപി നേതാവ് മെഹബൂബ മുഫ്തി സഖ്യകക്ഷിയായ ബിജെപിക്കു മുന്നില്‍ ചില ഉപാധികള്‍ വച്ചു. മെഹ്ബൂബയും ബിജെപിയുടെ പ്രതിനിധി സംഘവും ചൊവ്വാഴ്ച ഗവര്‍ണര്‍ എന്‍ എന്‍ വോറയുമായി കൂടിക്കാഴ്ച നടത്തി.
മെഹ്ബൂബ ഗവര്‍ണറെ കാണുമ്പോള്‍ പിഡിപി നേതാവായ മുസഫര്‍ ബെയ്ഗും സന്നിഹിതനായിരുന്നു. ഗവര്‍ണറെ കാണുന്നതിന് മുമ്പ് ബെയ്ഗ് മുന്‍ ഉപ മുഖ്യമന്ത്രി നിര്‍മല്‍ സിങ് അടക്കമുള്ള ബിജെപി നേതാക്കളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. എന്നാല്‍, ഗവര്‍ണറുമായി നടത്തിയ കൂടിക്കാഴ്ചയുടെ വിശദാംശങ്ങള്‍ മെഹ്ബൂബ വെളിപ്പെടുത്തിയില്ല. പിഡിപി നിയമസഭാകക്ഷി നേതാവിനെ തിരഞ്ഞെടുക്കുകയും ഗവര്‍ണര്‍ അതു സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിക്കുകയും ചെയ്തതിനു ശേഷമേ ബിജെപിയുടെ ഭാഗത്തുനിന്ന് ഇനി നടപടി ഉണ്ടാവുകയുള്ളൂവെന്ന് നിര്‍മല്‍ സിങ് പറഞ്ഞു. സമാധാനത്തിനും ജമ്മു കശ്മീരിന്റെ വികസനത്തിനും പര്യാപ്തമായ നടപടികള്‍ സംബന്ധിച്ച് കേന്ദ്രം ഉറപ്പ് നല്‍കണമെന്നതടക്കമുള്ള ഉപാധികളാണ് പിഡിപി മുന്നോട്ട് വച്ചത്. ബിജെപിയുമായി യാതൊരു ഭിന്നതയുമില്ല. ജമ്മു കശ്മീര്‍ മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വ്യത്യസ്തമാണ്. പുതിയ സര്‍ക്കാര്‍ രൂപീകരിക്കുന്നുവെങ്കില്‍ നല്ല അന്തരീക്ഷവും ഇടവും ഉണ്ടാവേണ്ടതുണ്ട്.
കശ്മീരിന് മാത്രമല്ല, ജമ്മുവിനും ലഡാക്കിനും ആത്മവിശ്വാസമുണര്‍ത്തുന്ന നടപടികള്‍ കേന്ദ്രം സ്വീകരിക്കേണ്ടതുണ്ട്- ഗവര്‍ണറെ കണ്ട ശേഷം മെഹബൂബ പറഞ്ഞു. സംസ്ഥാനത്തെ രാഷ്ട്രീയ പ്രതിസന്ധി അവസാനിപ്പിക്കാന്‍ ഗവര്‍ണര്‍ ക്ഷണിച്ച പ്രകാരമാണ് മെഹബൂബയും ബിജെപി നേതാക്കളും അദ്ദേഹവുമായി കൂടിക്കാഴ്ച നടത്തിയത്. സംസ്ഥാനത്ത് സഖ്യ സര്‍ക്കാര്‍ തുടരുമെന്ന് ബിജെപി നേതാക്കള്‍ വിശ്വാസം പ്രകടിപ്പിച്ചു. പിഡിപി-ബിജെപി സഖ്യ സര്‍ക്കാര്‍ ജമ്മു കശ്മീരില്‍ ഉടന്‍ അധികാരത്തില്‍ വരുമെന്ന് നിര്‍മല്‍ സിങ് പറഞ്ഞു.
അതേസമയം, സംസ്ഥാനത്ത് രാഷ്ട്രീയ അനിശ്ചിതത്വം നീണ്ടുപോകുന്നതിന് കാരണം പിഡിപിയും ബിജെപിയുമാണെന്ന് നാഷണല്‍ കോണ്‍ഫറന്‍സ് നേതാവ് ദേവേന്ദര്‍ സിങ് റാണ പറഞ്ഞു. സംസ്ഥാനം ഭരണഘടനാ പ്രതിസന്ധി നേരിടുകയാണെന്നും അദ്ദേഹം ആരോപിച്ചു.
Next Story

RELATED STORIES

Share it