Flash News

ജമ്മുവില്‍ സൈനിക ക്യാംപിനു നേരെ ആക്രമണം3 സൈനികര്‍ കൂടി കൊല്ലപ്പെട്ടു

സുഞ്ചുവാന്‍: ജമ്മുവിലെ സുഞ്ചുവാന്‍ സൈനിക ക്യാംപിനു നേരെയുണ്ടായ സായുധ ആക്രമണത്തില്‍ കൊല്ലപ്പെട്ടവരുടെ എണ്ണം 11 ആയി. ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സയില്‍ കഴിഞ്ഞ മൂന്ന് സൈനികരും സൈനികന്റെ പിതാവുമാണ് ഇന്നലെ മരിച്ചത്. ശനിയാഴ്ച രണ്ടു സൈനികര്‍ കൊല്ലപ്പെട്ടിരുന്നു. സൈന്യത്തിന്റെ തിരിച്ചടിയില്‍ ഇതുവരെ നാലു ലശ്കറെ ത്വയ്യിബ പ്രവര്‍ത്തകര്‍ കൊല്ലപ്പെട്ടതായി സൈനികവൃത്തങ്ങള്‍ അറിയിച്ചു. ഒമ്പതു പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. പരിക്കേറ്റവരില്‍ പൂര്‍ണഗര്‍ഭിണിയായ സ്ത്രീയുമുണ്ട്. ശസ്ത്രക്രിയയിലൂടെ ഇവരുടെ കുഞ്ഞിനെ പുറത്തെടുത്തു. എന്നാല്‍, സ്ത്രീയുടെ നില ഗുരുതരമായി തുടരുകയാണ്. കൂടാതെ തലയ്ക്കു വെടിയേറ്റ 14കാരന്റെ നിലയും ഗുരുതരമാണ്. സൈനികരുടെ ബന്ധുക്കളടക്കമുള്ളവര്‍ താമസിക്കുന്ന ക്വാര്‍ട്ടേഴ്‌സുകള്‍ക്ക് നേരെയും ക്യാംപില്‍ അതിക്രമിച്ചുകയറിയ സായുധര്‍ വെടിവയ്പ് നടത്തിയിരുന്നു. ക്വാര്‍ട്ടേഴ്‌സില്‍ നിന്ന് ആളുകളെ സുരക്ഷിതരായി ഒഴിപ്പിക്കുന്നത് തുടരുകയാണ്. ക്വാര്‍ട്ടേഴ്‌സില്‍ കൂടുതല്‍ കുടുംബങ്ങള്‍ കുടുങ്ങിക്കിടക്കുന്നതായാണ് വിവരം. ശനിയാഴ്ച രാത്രിക്കുശേഷം അക്രമസംഭവങ്ങളൊന്നും റിപോര്‍ട്ട് ചെയ്തിട്ടില്ലെന്നും സൈനികവൃത്തങ്ങള്‍ അറിയിച്ചു. സായുധര്‍ക്കു വേണ്ടിയുള്ള തിരച്ചില്‍ തുടരുകയാണ്. തിരച്ചില്‍ നടപടികളില്‍ സിആര്‍പിഎഫും പോലിസും പങ്കെടുക്കുന്നുണ്ട്. ആക്രമണത്തിന്റെ പശ്ചാത്തലത്തില്‍ പ്രദേശത്തെ വിദ്യാലയങ്ങളെല്ലാം അടച്ചിട്ടു. ക്യാംപിനു പുറത്തുള്ള ഭാഗങ്ങളിലും റോഡിലും സുരക്ഷ വര്‍ധിപ്പിച്ചു.പാര്‍ലമെന്റ് ആക്രമണക്കേസില്‍ തൂക്കിലേറ്റപ്പെട്ട അഫ്‌സല്‍ ഗുരുവിന്റെ ചരമവാര്‍ഷികത്തോടനുബന്ധിച്ച് ആക്രമണത്തിന് സാധ്യതയുണ്ടെന്ന് ഇന്റലിജന്‍സ് ഏജന്‍സികള്‍  മുന്നറിയിപ്പു നല്‍കിയിരുന്നു. ജമ്മുവിലെത്തിയ കരസേനാ മേധാവി ബിപിന്‍ റാവത്ത് ഉന്നത ഉദ്യോഗസ്ഥരുമായി കൂടിക്കാഴ്ച നടത്തി. സായുധര്‍ക്കു വേണ്ടിയുള്ള തിരച്ചിലില്‍ ജവാന്‍മാര്‍ വിജയം കാണുമെന്നാണ് പ്രതീക്ഷയെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്‌നാഥ് സിങ് പ്രതികരിച്ചു.
Next Story

RELATED STORIES

Share it