ജമ്മുകശ്മീര്‍ സര്‍ക്കാര്‍ രൂപീകരണം: പിഡിപി-ബിജെപി സഖ്യ സാധ്യത മങ്ങി

ന്യൂഡല്‍ഹി: ജമ്മു കശ്മീരില്‍ പിഡിപി-ബിജെപി സഖ്യസര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യത മങ്ങി. മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദിന്റെ മരണശേഷം മകളും പിഡിപി അധ്യക്ഷയുമായ മെഹബൂബ മുഫ്തിയുടെ നേതൃത്വത്തില്‍ ബിജെപിയുമായി ചേര്‍ന്ന് വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാനുള്ള സാധ്യതയാണ് ഇരു പാര്‍ട്ടികള്‍ക്കിടയിലും സമവായമുണ്ടാകാത്തതിനെ തുടര്‍ന്ന് അനിശ്ചിതത്വത്തിലായിരിക്കുന്നത്.
ഇതുസംബന്ധമായി ചര്‍ച്ചകള്‍ക്ക് ഡല്‍ഹിയിലെത്തിയ മെഹബൂബ മുഫ്തി ബിജെപി അധ്യക്ഷന്‍ അമിത് ഷായുമായി നടത്തിയ ചര്‍ച്ചകള്‍ ഫലം കാണാതെ കഴിഞ്ഞ ദിവസം ശ്രീനഗറിലേക്ക് മടങ്ങിയിരുന്നു. എന്നാല്‍ ബിജെപിയുമായുള്ള ബന്ധം തുടരുന്നതുമായി ബന്ധപ്പെട്ട് അന്തിമ തീരുമാനം അവര്‍ വെളിപ്പെടുത്തിയിട്ടില്ല.
മുഫ്തി സഈദിന്റെ കാലത്ത് സര്‍ക്കര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് ഇരുകക്ഷികളും ചേര്‍ന്ന് അംഗീകരിച്ച മുന്നണി അജണ്ടകള്‍ നടപ്പാക്കുന്ന കാര്യത്തില്‍ ബിജെപിയുടെ ഭാഗത്ത് നിന്നും കൂടുതല്‍ ഉറപ്പ് വേണമെന്നാണ് പിഡിപിയുടെ ഇപ്പോഴത്തെ വാദം. എന്നാല്‍, ഈ ആവശ്യത്തിന്മേല്‍ ആശ്വാസകരമായ പ്രതികരണം ബിജെപി കേന്ദ്ര നേതൃത്വത്തില്‍ നിന്നും പിഡിപി അധ്യക്ഷയ്ക്ക് ലഭിച്ചിട്ടില്ല. സര്‍ക്കാര്‍ രൂപീകരണത്തിനുവേണ്ടി പുതിയ ഉറപ്പുകള്‍ നല്‍കേണ്ടതില്ലെന്നാണ് ബിജെപിയുടെ നിലപാട്. ഇതുമായി ബന്ധപ്പെട്ട തന്റെ നിലപാട് വ്യക്തമാക്കാന്‍ മെഹബൂബ ഉടന്‍ പിഡിപി നേതാക്കളുടെ യോഗം വിളിക്കുമെന്നാണ് കരുതുന്നത്. സര്‍ക്കാര്‍ രൂപീകരണവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ഉണ്ടായ സംഭവവികാസങ്ങള്‍ മെഹബൂബ സഹപ്രവര്‍ത്തകരുമായി ചര്‍ച്ച ചെയ്‌തേക്കും. ബിജെപി മുന്നണി അജണ്ടകള്‍ നടപ്പാക്കുന്നതില്‍ ആത്മാര്‍ഥത കാണിക്കുന്നില്ല എന്നതാണ് പിഡിപിയുടെ പ്രധാന ആരോപണം.
മുന്നണി അജണ്ടകളോട് തങ്ങള്‍ പൂര്‍ണമായും പ്രതിജ്ഞാബദ്ധരാണെന്ന് ഇന്നലെ ധനകാര്യമന്ത്രി അരുണ്‍ ജെയ്റ്റ്‌ലി പറഞ്ഞു. പിഡിപിയിലെ ഒരു വിഭാഗം ബിജെപിയുമായി ബന്ധം അവസാനിപ്പിക്കുന്നതിന് അനുകൂല നിലപാടെടുക്കുമ്പോള്‍ മറ്റൊരും വിഭാഗം ഏത് വിധേനയും ബന്ധം തുടരണമെന്ന അഭിപ്രായക്കാരാണെന്ന് റിപോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.ജനുവരിയില്‍ മുഖ്യമന്ത്രി മുഫ്തി മുഹമ്മദ് സഈദ് അന്തരിച്ചതിന് ശേഷം ഗവര്‍ണര്‍ ഭരണത്തിന്‍ കീഴിലാണ് ജമ്മു കശ്മീര്‍.
Next Story

RELATED STORIES

Share it