ജമ്മുകശ്മീര്‍: ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം വര്‍ധിച്ചു

ന്യൂഡല്‍ഹി: ബിജെപി-പിഡിപി സര്‍ക്കാര്‍ അധികാരത്തിലിരുന്ന മൂന്നുവര്‍ഷ കാലയളവില്‍ ജമ്മുകശ്മീരില്‍ ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചവരെന്ന് ഔദ്യോഗികമായി സാക്ഷ്യപ്പെടുത്തിയവരുടെ എണ്ണത്തില്‍ 74 ശതമാനം അധിക വര്‍ധനവുണ്ടായതായി (174 ശതമാനം വര്‍ധന) വിവരാവകാശ രേഖകള്‍ പ്രകാരം പുറത്തുവന്ന കണക്കുകള്‍.
2014 മുതല്‍ 17വരെയുള്ള കാലയളവില്‍ കശ്മീര്‍ താഴ്‌വരയിലെ 10 ജില്ലകളില്‍ 31,085 പേരെ ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ ആയി വിവിധ ആശുപത്രികളില്‍ നിന്നായി സാക്ഷ്യപ്പെടുത്തി. 2014 വരെയുള്ള മൂന്ന് വര്‍ഷ കാലയളവില്‍ 17,898 പേരെയാണ് ശാരീരിക വെല്ലുവിളി നേരിടുന്നവരായി ആശുപത്രികള്‍ മുഖേന സ്ഥിരീകരിച്ചത്. 2011 സെന്‍സസ് പ്രകാരം സംസ്ഥാനത്ത് 361, 153 പേരാണ് ശാരീരിക വൈകല്യങ്ങള്‍ ബാധിച്ചവരായി ഉള്ളത്. 2001 സെന്‍സസ് പ്രകാരം ഇത് 32,670 പേരാണ്. വെടിവയ്പും പെല്ലറ്റ് പ്രയോഗവും അടക്കമുള്ള ആക്രമണങ്ങളാണ് മേഖലയിലെ ജനങ്ങളില്‍ വലിയൊരു വിഭാഗവും ശാരീരിക വെല്ലുവിളി നേരിടുന്ന അവസ്ഥയിലേക്കെത്താന്‍ കാരണം.
മേഖലയില്‍ 2016ലെ പ്രക്ഷോഭസമയത്ത് സൈന്യം നടത്തിയ പെല്ലറ്റ് പ്രയോഗം ശാരീരിക വെല്ലുവിളി നേരിടുന്നവരുടെ എണ്ണം വര്‍ധിക്കുന്നതിന് കാരണമായി. 21 തരത്തിലുള്ള ശാരീരിക വെല്ലുവിളികളെ അംഗീകരിച്ചുകൊണ്ടുള്ള നിയമം കേന്ദ്രസര്‍ക്കാര്‍ 2016ല്‍ പാസാക്കിയിരുന്നു. എന്നാല്‍ ഈ നിയമം ജമ്മുകശ്മീരില്‍ പ്രാബല്യത്തില്‍ വന്നിട്ടില്ല. പഴയ കണക്കുകള്‍ പ്രകാരമുള്ള ഏഴ് ഇനങ്ങള്‍ മാത്രമാണ് അവിടെ ശാരീരിക വെല്ലുവിളികളുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇതിനാല്‍ 31,085ലും എത്രയോ മടങ്ങായിരിക്കും മേഖലയില്‍ 2017വരെയുള്ള മൂന്നുവര്‍ഷത്തിനിടെ പുതുതായി ശാരീരിക വെല്ലുവിളികള്‍ നേരിട്ടവര്‍. ആശുപത്രികള്‍ സ്ഥിരീകരിക്കാത്ത കേസുകള്‍ക്കും സാധ്യതയുള്ളതിനാല്‍ ഈ സംഖ്യ ഇതിലും അധികമായിരിക്കുമെന്ന് സാമൂഹികപ്രവര്‍ത്തകരും പറയുന്നു.
2016നുശേഷം പെല്ലറ്റ് ഗണ്ണുകളുടെ ഉപയോഗം കാരണം വൈകല്യം സംഭവിക്കുന്നവരുടെ എണ്ണം വര്‍ധിച്ചതായി സാമൂഹികപ്രവര്‍ത്തകര്‍ അറിയിച്ചു. 2016 ജൂലൈ മുതല്‍ 253 പേര്‍ കണ്ണുകള്‍ക്ക് പെല്ലറ്റ് ആക്രമണത്തില്‍ പരിക്കേറ്റ് ചികില്‍സ തേടിയെന്നാണ് കണക്കുകളെന്ന് ഗ്രേറ്റര്‍ കശ്മീര്‍ അടുത്തിടെ കണക്കുകള്‍ പുറത്തുവിട്ടിരുന്നു. ഇതില്‍ ഭൂരിപക്ഷം പേരുടെയും കാഴ്ചശക്തി സാധാരണ ഗതിയിലേക്ക് മടങ്ങാനുള്ള സാധ്യത വളരെ കുറവാണ്.
Next Story

RELATED STORIES

Share it