ജമ്മുകശ്മീര്‍: മെഹബൂബ മുഖ്യമന്ത്രിപദത്തിലേക്ക്

ശ്രീനഗര്‍: അനിശ്ചിതത്വത്തിനൊടുവില്‍ ജമ്മുകശ്മീരില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് കളമൊരുങ്ങുന്നു. പിഡിപി നേതാവ് മെഹബൂബ മുഫ്തി സംസ്ഥാനത്തെ ആദ്യ വനിതാ മുഖ്യമന്ത്രിയാവും. പിഡിപി എംഎല്‍എമാരും എംപിമാരുമടങ്ങുന്ന മുതിര്‍ന്ന നേതാക്കളുടെ യോഗം മെഹബൂബയെ നിയുക്ത മുഖ്യമന്ത്രിയായും നിയമസഭാകക്ഷി നേതാവായും തിരഞ്ഞെടുത്തു. തന്നെ വീണ്ടും തിരഞ്ഞെടുത്തതിന് നന്ദിയുണ്ടെന്നായിരുന്നു മെഹബൂബയുടെ പ്രതികരണം. പിതാവ് മുഫ്തി മുഹമ്മദ് സഈദിന്റെ ഖബറിടം സന്ദര്‍ശിച്ചശേഷമാണ് അവര്‍ യോഗത്തിനെത്തിയത്. ജമ്മുകശ്മീരില്‍ സഖ്യസര്‍ക്കാര്‍ രൂപീകരിക്കുന്നതു സംബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി മെഹബൂബ കഴിഞ്ഞദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെയാണ് മന്ത്രിസഭാ രൂപീകരണം സംബന്ധിച്ച് മൂന്നുമാസം നീണ്ടുനിന്ന അനിശ്ചിതത്വത്തിനു വിരാമമായത്. ജനുവരി ഏഴുമുതല്‍ ഗവര്‍ണര്‍ ഭരണത്തിലാണു സംസ്ഥാനം. പിഡിപി പുതിയ നിബന്ധനകള്‍ വച്ചതാണ് സര്‍ക്കാര്‍ രൂപീകരണം വൈകാന്‍ കാരണം. ഗവര്‍ണര്‍ എന്‍ എന്‍ വോറയെ സന്ദര്‍ശിച്ച് മെഹബൂബ മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശവാദം ഉന്നയിക്കും. മന്ത്രിസഭാ രൂപീകരണത്തിനു പുതിയ ഉപാധികളുണ്ടോ എന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് ഇല്ല എന്നായിരുന്നു പിഡിപിയുടെ മുതിര്‍ന്ന നേതാവ് മുസഫര്‍ ഹുസയ്ന്‍ ബേഗിന്റെ മറുപടി. നേരത്തേയുണ്ടായിരുന്ന ഉപാധികള്‍ സമഗ്രമാണ്. അതില്‍ പുതിയതൊന്നും കൂട്ടിച്ചേര്‍ക്കേണ്ട ആവശ്യമില്ല- അദ്ദേഹം പറഞ്ഞു. 87 അംഗ ജമ്മുകശ്മീര്‍ നിയമസഭയില്‍ പിഡിപിക്ക് 27ഉം ബിജെപിക്ക് 25ഉം എംഎല്‍എമാരാണുള്ളത്. സജ്ജാദ് ഗനി ലോണിന്റെ പീപ്പിള്‍ കോണ്‍ഫറന്‍സിലെ രണ്ടംഗങ്ങളും രണ്ടു സ്വതന്ത്രന്മാരും സഖ്യത്തിന് പിന്തുണ നല്‍കുന്നുണ്ട്.
Next Story

RELATED STORIES

Share it