ജമ്മുകശ്മീര്‍: ബിജെപി എംഎല്‍എ സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

ശ്രീനഗര്‍: ജമ്മുകശ്മീരിലെ പിഡിപി-ബിജെപി സഖ്യത്തെ അമ്പരിപ്പിച്ചു നിയസഭയില്‍ നിന്ന് ബിജെപി എംഎല്‍എയുടെ ഇറങ്ങിപ്പോക്ക്. ഇന്നലത്തെ സഭയുടെ കാര്യപരിപാടിയില്‍ ഉള്‍പ്പെടുത്തിയ തന്റെ ചോദ്യത്തിന് മറുപടി നല്‍കിയില്ലെന്നാരോപിച്ചായിരുന്നു എംഎല്‍എ സുഖാനന്ദയുടെ ഇറങ്ങിപ്പോക്ക്. കഴിഞ്ഞ മുഫ്തി മുഹമ്മദ് സഈദ് സര്‍ക്കാരിലെ മന്ത്രികൂടിയായിരുന്നു ഇദ്ദേഹം. ജമ്മു മേഖലയിലെ മര്‍ഹ്‌ബ്ലോക്കില്‍പ്പെട്ട ഗുജ്ജാര്‍ ബസ്തിയിലെ വികസനവുമായി ബന്ധപ്പെട്ടതായിരുന്നു ചോദ്യം. തനിക്കു മറുപടി കിട്ടിയില്ലെന്ന് സുഖാനന്ദ സ്പീക്കര്‍ കവീന്ദര്‍ ഗുപ്തയെ അറിയിച്ചു. തുടര്‍ന്നു നിയമസഭാ സെക്രട്ടറിയുമായി ചര്‍ച്ച ചെയ്ത സ്പീക്കര്‍ രേഖാമൂലം മറുപടി കിട്ടുമെന്നു സുഖാനന്ദയെ അറിയിച്ചു. എന്നാല്‍, ചോദ്യോത്തര വേള കഴിഞ്ഞിട്ടും മറുപടി കിട്ടിയില്ല. തുടര്‍ന്നു രോഷാകുലനായ എംഎല്‍എ സഭയില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു. അതേസമയം, തന്നെ സ്പീക്കര്‍ അവഗണിച്ചെന്നാരോപിച്ചു ഖന്‍ഷാഹിബ് ഹക്കീം മുഹമ്മദ് യാസിന്‍ എന്ന അംഗവും ഇറങ്ങിപ്പോയി. സഭയില്‍ തന്നെ സംസാരിക്കാന്‍ സ്പീക്കര്‍ അനുവദിക്കുന്നില്ലെന്നും നാലുതവണ എംഎല്‍എ ആയിരുന്ന ഹക്കീം ആരോപിച്ചു.
Next Story

RELATED STORIES

Share it