ജമ്മുകശ്മീര്‍: പിഡിപി നിബന്ധന വച്ചേക്കും; പിഡിപി-ബിജെപി സഖ്യം അനിശ്ചിതത്വത്തില്‍

ശ്രീനഗര്‍: ജമ്മുകശ്മീരില്‍ ബിജെപിയുമായുള്ള സഖ്യം തുടരാന്‍ പിഡിപി ചില നിബന്ധനകള്‍ വച്ചേക്കും. മെഹബൂബ മുഫ്തിയുടെ പീപ്പിള്‍സ് ഡെമോക്രാറ്റിക് പാര്‍ട്ടി നേതാവ് നഈ അഖ്തര്‍ ഒരു ടിവി ചാനലിനു ന ല്‍കിയ അഭിമുഖത്തിലാണ് ഇതിനു സൂചന നല്‍കിയത്.
കഴിഞ്ഞ വര്‍ഷം ഇരു പാര്‍ട്ടികളും തമ്മിലുണ്ടാക്കിയ ധാരണ യനുസരിച്ചുള്ള പ്രവര്‍ത്തനങ്ങളാണ് ഞങ്ങള്‍ പ്രതീക്ഷിക്കുന്നത്. സഖ്യത്തിലെ കാര്യ പരിപാടികള്‍ നടപ്പാക്കുകതന്നെ വേണം. ജമ്മുകശ്മിരിന്റെ കാര്യത്തില്‍ മുഫ്തി മുഹമ്മദ് സഈദിന്റെയും പ്രധാനമന്ത്രിയുടെയും പൊതു കാഴ്ചപ്പാട് എത്രമാത്രം പ്രാവര്‍ത്തികമാക്കാന്‍ സാധിച്ചുവെന്ന് പാര്‍ട്ടി പരിശോധിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു. താല്‍ക്കാലികമായി ഗവര്‍ണര്‍ ഭരണം നടപ്പാക്കിയ ജമ്മുകശ്മീരില്‍ മുഖ്യമന്ത്രിയുടെ വിയോഗത്തെ തുടര്‍ന്ന് പ്രഖ്യാപിച്ച ഏഴ് ദിവസത്തെ ദുഃഖാചരണം ബുധനാഴ്ച അവസാനിച്ചിരുന്നു. സര്‍ക്കാര്‍ രൂപീകരണത്തെക്കുറിച്ചു ചര്‍ച്ച ചെയ്യാന്‍ മെഹബൂബ മുഫ്തി ഇതുവരെ പാര്‍ട്ടി യോഗം വിളിച്ചുചേര്‍ത്തിട്ടില്ലെന്നും അഖ്തര്‍ പറഞ്ഞു.
എന്നാല്‍, അഖ്തറിന്റെ അഭിപ്രായത്തെ ബിജെപി വൃത്തങ്ങ ള്‍ തള്ളി. ഇത് പിഡിപിയുടെയോ മെഹബൂബയുടെയോ അഭിപ്രായമല്ല. ഓരോരുത്തര്‍ക്കും ഓരോ കാര്യപരിപാടിയുണ്ടാവാം. ഇന്ന് നടക്കുന്ന പാര്‍ട്ടിയുടെ ഔദ്യോഗിക യോഗംവരെ കാത്തിരിക്കും. മുതിര്‍ന്ന ബിജെപി നേതാവ് പറഞ്ഞു.
രാഷ്ട്രീയമായി പിഡിപിയും ബിജെപിയും തമ്മിലുള്ള സഖ്യം വളരെ ക്ലേശകരമാണ്. പരമ്പരാഗതമായി പല പ്രശ്‌നങ്ങളിലും ഇരു പാര്‍ട്ടികള്‍ക്കും ഭിന്നാഭിപ്രായമാണ്. മുഫ്തിക്ക് ഇത് ഉള്‍ക്കൊണ്ട് മുന്നോട്ടുപോവാന്‍ സാധിക്കുമായിരുന്നു.
അങ്ങനെയുള്ള ഒരു നേതാവിന്റെ അസാന്നിധ്യത്തില്‍ മന്ത്രിസഭയിലിരുന്ന് മുന്നോട്ട് പോവാന്‍ എങ്ങനെ കഴിയുമെന്നാണ് പാര്‍ട്ടി നേരിടുന്ന വെല്ലുവിളിയെന്നും നഈ അഖ്തര്‍ പറഞ്ഞു.
Next Story

RELATED STORIES

Share it